ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിക്കുന്ന സീറ്റുകളുടെ എണ്ണം ഇത്തവണ വര്‍ധിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ലഖ്‌നൗവിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി ചരിത്രം ആവര്‍ത്തിക്കുമെന്ന് മാത്രമല്ല, നമ്മുടെ സീറ്റുകളുടെ എണ്ണം കൂടാനുള്ള അനിഷേധ്യമായ സാധ്യത കൂടിയാണെന്ന് രാജ്നാഥ് സിംഗ് പറയുന്നു. ഇതിനിടെ, ഉത്തര്‍പ്രദേശില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ പാര്‍ട്ടിക്ക് 350 സീറ്റുകള്‍ ലഭിക്കുമെന്ന് ബി ജെ പി എം എല്‍ എയും നോയിഡയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയുമായ പങ്കജ് സിംഗ് പറഞ്ഞു. രാജ്നാഥ് സിംഗിന്റെ മകനാണ് പങ്കജ് സിംഗ്.
ഏകദേശം 350 സീറ്റുകളാണ് നമുക്ക് ലഭിക്കാന്‍ പോകുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി, നമ്മുടെ വ്യക്തിത്വവും സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ അത് അംഗീകരിച്ചെന്ന് കരുതുന്നു. ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പോലെ എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് ചരിത്രമാകാന്‍ പോകുകയാണ്, പങ്കജ് സിംഗ് പറഞ്ഞു.
അതേസമയം, പിലിഭിത്, ലഖിംപൂര്‍ ഖേരി, സീതാപൂര്‍, ഹര്‍ദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂര്‍ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 59 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് അവസാനിക്കും. സംസ്ഥാനത്ത് നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബാക്കിയുള്ള മൂന്ന് ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27, മാര്‍ച്ച് 3, 7 തീയതികളില്‍ നടക്കും. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.