ലക്ഷ്യം പിണറായി ?ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രവര്‍ത്തകരുടെ അറസ്റ്റ്,സിപിഎം സമ്മര്‍ദ്ദത്തില്‍

കണ്ണൂര്‍ :ധര്‍മ്മടം അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ സിപിഎം കടുത്ത സമ്മര്‍ദ്ദത്തിലേക്ക്. അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ നടന്ന കൊലപാതകത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.

ബുധനാഴ്ച്ച രാത്രി 11 മണിയോടെയാണ് ബിജെപി ബൂത്ത് പ്രസിഡന്റ് മുല്ലപ്പ്രം ചോമന്റവിട സന്തോഷ് വെട്ടേറ്റ് മരിച്ചത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം ഡിവൈഎഫ്‌ഐ വില്ലേജ് ഭാരവാഹിയടക്കം ആറ് പേരെ അന്വേഷണം സംഘം കസ്റ്റഡിയിലെടുത്തു. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അക്രമി സംഘത്തിന്റെ വെട്ടേറ്റതിന് ശേഷം ഭാര്യയടക്കമുള്ളവരുമായി സന്തോഷ് നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ച പൊലീസ് കൊലപാതകത്തിന് പിന്നില്‍ കസ്റ്റഡിയിലുള്ള സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുടെ അറസ്‌റ്റോടെ സംഭവവുമായി ബന്ധമില്ലെന്ന സിപിഎം നിലപാട് പച്ചക്കള്ളമാണെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

എന്നാല്‍ അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. കൊലപാതകത്തിന് പിന്നില്‍ എട്ടംഗ സംഘമാണെന്നാണ് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പട്ട് രണ്ട് സിപിഎം പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.മുഖ്യമന്ത്രി നേരിട്ട് നടത്തിയ സമാധാനശ്രമങ്ങള്‍ക്ക് പിന്നാലെ സ്വന്തം മണ്ഡലത്തില്‍ തന്നെയുണ്ടായ രാഷ്ട്രീയ കൊലപാതകം പിണറായിയെയും സിപിഎം നേതൃത്വത്തെയും രാഷ്ട്രീയമായി വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Top