തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയുടെ തീര്‍ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കു വിശ്വാസികള്‍ നടത്തിയ കുരിശുമല യാത്ര പൊലീസ് തടഞ്ഞു. വിശ്വാസികള്‍ക്കു നേരെ പൊലീസ് ലാത്തി വീശിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്. ജനക്കൂട്ടം പൊലീസിനെ കല്ലെറിഞ്ഞു. നിരവധി പേര്‍ക്കു പരുക്കേറ്റു. ആയിരക്കണക്കിന് ആളുകളാണ് കുരിശുമല സന്ദര്‍ശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്.
കുരിശിന്റെ വഴിയെ എന്ന പേരില്‍ ബോണക്കാട് മലയിലേക്ക് യാത്ര നടത്തിയ നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികളും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മലയില്‍ പുതിയ കുരിശ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു വിശ്വാസികളുടെ യാത്ര.
എന്നാല്‍ വനത്തിലേക്ക് അതിക്രമിച്ച് കയറാന്‍ തുടങ്ങിയ വിശ്വാസികളെ പൊലീസ് തടഞ്ഞു. ഇതോടെ വിശ്വാസികള്‍ പൊലീസിനെതിരെ തിരിഞ്ഞു. ബാരിക്കേഡ് തകര്‍ത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. വിശ്വാസികള്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശിയതോടെ വിശ്വാസികളില്‍ കുറെ പേര്‍ കാട്ടിലേക്ക് ഓടിക്കയറി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. വൈദികരുടെ നേതൃത്വത്തില്‍ 3000ത്തോളം വിശ്വാസികളാണ് തടിച്ച് കൂടിയിരിക്കുന്നത്. സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കും പരിക്കു പറ്റിയിട്ടുണ്ട്.
അതിനിടെ കുരിശുമല തീര്‍ത്ഥാടകരെ തടഞ്ഞതിനെ ചൊല്ലിയുള്ള പ്രക്ഷോഭം വിതുരയിലേക്ക് മാറ്റാനും സഭാ അധികൃതരുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയതായാണ് വിവരം. കാണിത്തടം ചെക്‌പോസ്റ്റില്‍ നിന്ന് സമരം വിതുരയിലേക്ക് മാറ്റാനാണ് തീരുമാനമായിരിക്കുന്നത്. വിതുരയില്‍ സംസ്ഥാന പാത തടയുന്നത് അടക്കമുള്ള സമരത്തിനാണ് നീക്കം നടക്കുന്നത്.
കറിച്ചട്ടിപ്പാറയിലെ വനഭൂമിയില്‍ കുരിശ് സ്ഥാപിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം. എന്നാല്‍ പൊലീസ് ഈ നീക്കം തടഞ്ഞു. അതേസമയം മലയിലേക്ക് കയറ്റിവിടാതെ ഇവിടെ നിന്നും പിരിഞ്ഞ് പോകില്ല എന്ന നിലപാടിലാണ് വിശ്വാസികള്‍. എന്നാല്‍ കടത്തി വിടില്ല എന്ന നിലപാടിലാണ് പൊലീസ്.
കറിച്ചട്ടിപ്പാറയിലെ വനഭൂമിയിലെ തകര്‍ന്ന് പോയ കുരിശ് മാറ്റി സ്ഥാപിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം. എന്നാല്‍ കറിച്ചട്ടിപ്പാറയിലെ വനഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ്. ഈ വിധി മറികടന്ന് വിസ്വാസികള്‍ എത്തിയതോടെയാണ് പൊലീസ് ഇവരുടെ യാത്ര തടഞ്ഞത്.
ഹൈക്കോടതി വിധിയും വനംവകുപ്പിന്റെ ഉത്തരവും കാറ്റില്‍ പറത്തിയാണ് കറിച്ചട്ടിപ്പാറയില്‍ വീണ്ടും കുരിശ് സ്ഥാപിക്കാന്‍ ഉറച്ച് വൈദീകരുടെയും അല്‍മായരുടെയും നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. ഇടിമിന്നലേറ്റ് തകര്‍ന്ന കുരിശിന് പകരം പുതിയ കുരിശ് സ്ഥാപിക്കാനാണ് വൈദീകരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്.
അതേസമയം വനഭൂമിയില്‍ കുരിശ് സ്ഥാപിച്ചാല്‍ പറിച്ച് നീക്കുമെന്ന് വനംവകുപ്പും അറിയിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകളെല്ലാം വകവെയ്ക്കാതെ വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ എത്തിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്. നേരത്തെ ഉണ്ടായിരുന്ന മരക്കുരിശ് വനംവകുപ്പ് ഉദ്യോഗസ്ഥരും വര്‍ഗ്ഗീയ വാദികളും ചേര്‍ന്ന് തകര്‍ത്തതെന്ന വാദമുയര്‍ത്തിയ സഭ വിശ്വാസികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം വനം മന്ത്രി രാജുവിന്റെ വസതിയിലേക്ക് ലത്തീന്‍ വുമണ്‍ അസോസിയേഷന്‍ നടത്തിയ മാര്‍ച്ചും സംഘര്‍ഷഭരിതമായിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇതില്‍ മൂന്നുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മൂന്നുപേര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. മുന്‍പ് നെടുമങ്ങാട് കാട്ടാക്കട, നെയ്യാറ്റിന്‍ക്കര താലൂക്ക് ആസ്ഥാനങ്ങളിലേക്ക് നടന്ന സമരവും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
വരുന്ന വെള്ളിയാഴ്ച്ച നെയ്യാറ്റിന്‍കര അതിരൂപതയിലെ വിശ്വാസികള്‍ ഒന്നടങ്കം ബോണക്കാട് കറിച്ചട്ടിപ്പാറയിലേക്ക് പ്രാര്‍ത്ഥനയ്ക്കു പോകാന്‍ തീരുമാനിച്ചതായാണ് വിവരം. വിശ്വാസികളുടെ നേതൃത്വത്തില്‍ വന്‍ ജനക്കൂട്ടത്തെ അണിനിരത്തി മലകയറി കുരിശു നീട്ടാനാണ് നീക്കം.