20 മണിക്കൂറിനുള്ളില്‍ പൊലീസ് ചോദിച്ചത് 120 ചോദ്യങ്ങള്‍…ഉറങ്ങിയിട്ടില്ല, നല്ല ക്ഷീണമുണ്ട്.. രാത്രി വൈകിയും നീണ്ട ചോദ്യം ചെയ്യലിന്റെ ബുദ്ധിമുട്ട് ഡോക്ടറോട് പങ്കുവെച്ച് ഉദയഭാനു

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനോട് 20 മണിക്കൂറില്‍ പൊലീസ് ചോദിച്ചത് 120 ചോദ്യങ്ങള്‍. കുറ്റം സമ്മതിക്കാന്‍ ഉദയഭാനു ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വിവരം. നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അഭിഭാഷകന്‍. ഉദയഭാനുവിനെ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. ഇദ്ദേഹം ഗൂഢാലോചന നടത്തിയതിനു വ്യക്തമായ തെളിവുണ്ടെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ട്.

അതേസമയം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോള്‍ ഡോക്ടറോട് ഉദയഭാനു പറഞ്ഞു, ”ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല, നല്ല ക്ഷീണമുണ്ട്” എന്ന്. രാത്രി വൈകിയും നീണ്ടുപോയ ചോദ്യം ചെയ്യലിന്റെ ബുദ്ധിമുട്ട് ഡോക്ടറോട് ഉദയഭാനു പങ്കുവച്ചു. രക്തസമ്മര്‍ദം പരിശോധിച്ചപ്പോള്‍ പതിവിലും കൂടുതലാണെന്നു കണ്ടെത്തി. മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ എന്നാല്‍ അസ്വസ്ഥതകളൊന്നും പ്രകടിപ്പിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐപിസി 120 ബി വകുപ്പ് പ്രകാരം ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റമാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. രണ്ടു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പാണിത്. രാജീവിന്റെ കൊലപാതക ദിവസം മുഖ്യപ്രതി ചക്കര ജോണിയെയും കൂട്ടാളി പൈനാടത്ത് രഞ്ജിത്തിനെയും 28 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന കാര്യം ഉദയഭാനു സമ്മതിച്ചു. എന്നാല്‍, കുറ്റകൃത്യത്തില്‍ പങ്കില്ല. പ്രതികള്‍ക്കു നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തത്. രാജീവ് തനിക്ക് പതിനൊന്നര ലക്ഷം രൂപ തരാനുണ്ടെന്നും ഇക്കാര്യത്തില്‍ രാജീവിനെതിരെ പരാതി നല്‍കിയിരുന്നതായും പറഞ്ഞു. രാജീവ് കൊല്ലപ്പെട്ടത് ആദ്യ നാലു പ്രതികളുടെ കയ്യബദ്ധം മൂലമാണെന്ന് ഉദയഭാനു വെളിപ്പെടുത്തിയതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

ബുധനാഴ്ച രാത്രി 11.20നാണ് ഉദയഭാനുവിനെ ചാലക്കുടി സിഐ ഓഫീസില്‍ എത്തിച്ചത്. അര്‍ധരാത്രിക്കു ശേഷവും ചോദ്യങ്ങള്‍ നീണ്ടു. രാത്രി മുഴുവന്‍ പൊലീസ് കാവലില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി. വൈകിട്ട് അഞ്ചേകാലോടെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള അപേക്ഷ മജിസ്‌ട്രേട്ടിനു സമര്‍പ്പിച്ചു. റിമാന്‍ഡ് ചെയ്ത അഭിഭാഷകനെ ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് അയച്ചു. റൂറല്‍ പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര, അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി എസ്. ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

Top