കേരള പോലീസിന്റെ ക്രൂരത..!! നടുറോഡില്‍ യുവാവിനും ഭാര്യയ്ക്കും ക്രൂര മര്‍ദ്ദനം; രണ്ട് പോലീസുകാര്‍ സസ്‌പെന്‍ഷനില്‍

നടുറോട്ടില്‍ ജനങ്ങള്‍ നോക്കി നില്‍ക്കേ പോലീസുകാര്‍ ഒരു കുടുംബത്തിനുമേല്‍ മൂന്നാംമുറ പ്രയോഗിക്കുന്നത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. തിരുവനന്തപുരത്തെ തിരുവല്ലം പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാരാണ് റോഡിലിട്ട് ഒരു വ്യക്തിയെ ചവിട്ടിത്തേയ്ക്കുകയും അയാളുടെ ബന്ധുക്കളായ രണ്ട് സ്ത്രീകളെ മുട്ടുമടക്കി തൊഴിക്കുകയും ചെയ്തത്.

രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് വെട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ തിരുവല്ലം സ്റ്റേഷനിലും പരിസരത്തുമായിരുന്നു മൃഗീയമായ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അയല്‍ വീട്ടിലുള്ളവരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത പാച്ചല്ലൂര്‍ ചുടുകാട് മുടിപ്പുരയ്ക്ക് സമീപം കുളത്തിന്‍കര വീട്ടില്‍ അനീഷ് (25) ആണ് നടുറോഡില്‍ മര്‍ദ്ദനത്തിന് ഇരയായത്.

സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ എസ്.സി.പി.ഒ സൈമണ്‍, സി.പി.ഒ ഗോപിനാഥ് എന്നിവരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍ സസ്പെന്‍ഡ് ചെയ്തു.

സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചതാണ് പ്രതി ഇറങ്ങി ഓടാന്‍ ഇടയാക്കിയത്. പിന്നാലെ എത്തിയ പോലീസ് അനീഷിനെ പിടികൂടി വീണ്ടും തല്ലുന്നതുകണ്ടാണ് ഭാര്യയും അമ്മയും ഓടിയെത്തിയത്. ഉടുതുണി നഷ്ടപ്പെട്ട് റോഡില്‍ വീണുകിടന്ന പ്രതിയെ പല പ്രാവശ്യം പോലീസ് ചവിട്ടി വീഴ്ത്തുന്നതും പിടിച്ചെഴുന്നേല്പിക്കാന്‍ ശ്രമിച്ച ഭാര്യയെ മുട്ടുകാല്‍കൊണ്ട് തൊഴിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

പോലീസിന്റെ അതിക്രമം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് അനീഷിനെ രക്ഷിച്ചത്. അവിടെനിന്ന് വീണ്ടും അനീഷിനെ കസ്റ്റഡിയിലെടുത്ത പോലീസ് സംഭവം പുറത്തറിയിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും ക്രൂരദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ വിവാദമായി. സംഭവത്തില്‍ പോലീസ് മേലധികാരികള്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. അതിനിടയില്‍ കോടതിയില്‍ ഹാജരാക്കിയ അനീഷിനെ റിമാന്‍ഡ് ചെയ്തു.

Top