കോഴിക്കോട്: അയോധ്യയിൽ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ നടത്തിയ പ്രസംഗം വിവാദത്തിൽ. അയോധ്യയിലെ രാമക്ഷേത്രവും തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്‌ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. ജനുവരി 24ന് മഞ്ചേരിക്കടുത്ത് പുൽപറ്റയിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും സെൻസിറ്റീവായ മുസ്ലിങ്ങൾ കേരളത്തിലാണെന്നും പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ ഐഎൻഎല്ലും സമൂഹ മാധ്യമങ്ങളിലെ വിമര്‍ശകരുമാണ് രംഗത്ത് വന്നിരിക്കുന്നത്.
ആര്‍എസ്എസിന്റെ രാഷ്ട്രീയ ഹിന്ദുത്വമല്ല, ഹൈന്ദവ വിശ്വാസികളുടെ ആത്മീയ ഹിന്ദു മതമെന്ന് ഐഎൻഎൽ വര്‍ക്കിംഗ് പ്രസിഡന്റ് എൻകെ അബ്ദുൾ അസീസ് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ രാമരാജ്യം ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യമല്ല. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതറിയാത്തവരല്ല കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. എന്നിട്ടും അണികളെ മണ്ടന്മാരാക്കുന്നത് എന്തിനാണെന്നും സാദിഖലി തങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നുവെന്ന് സാദിഖലി തങ്ങൾ പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതിൽ നിന്ന് പുറകോട്ട് പോകാനാവില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉള്ള നിര്‍മ്മിതിയാണ് രാമക്ഷേത്രം. അങ്ങിനെ തന്നെയാണ് ബബരി മസ്ജിദും. രണ്ടും ഇന്ത്യയുടെ ഭാഗമാണ്. മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. അത് കര്‍സേവകര്‍ നടത്തുന്നതാണ്. തകര്‍ത്തതും അവരാണെന്ന് നമുക്കറിയാം. അതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധം ഉണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാനും നമുക്ക് സാധിച്ചുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
സാദിഖലിയുടെ പ്രസംഗം ഇങ്ങനെ-‘രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്ന ശ്രീരാമക്ഷേത്രം, അതൊരു യാഥാർഥ്യമാണ്. അതിൽ നിന്ന് നമ്മുക്ക് പുറകോട്ട് പോകാനാവില്ല. അത് അയോധ്യയിൽ നിലവിൽ വന്നു.പക്ഷെ അതിനെ കുറിച്ച് പ്രതിഷേധിക്കേണ്ട കാര്യം നമ്മുക്കില്ല. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉള്ള നിര്‍മ്മിതിയാണ് രാമക്ഷേത്രം. അങ്ങിനെ തന്നെയാണ് ബബരി മസ്ജിദും. ഇത് രണ്ടും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. നമ്മൾ അതിനെ ഉൾക്കൊള്ളുക. അത് കര്‍സേവകര്‍ നടത്തുന്നതാണ്.
നമ്മുക്ക് അതിൽ പ്രതിഷേധമുണ്ടായിരുന്നു അക്കാലത്ത്. പക്ഷേ അവിടെ സഹിഷ്ണുതയോടെ നേരിടാൻ ഇന്ത്യൻ മുസ്ലീങ്ങൾക്ക് കഴിഞ്ഞുവെന്നതാണ്. പ്രത്യേകിച്ച് കേരളത്തിൽ ഉള്ളവർ. ഇവിടെയാണല്ലോ മുസ്ലീങ്ങൾ വളരെ സെൻസിറ്റീവായും വളരെ ഊർജ്വസ്വലതയോടെയും പ്രവർത്തിക്കുന്ന പ്രദേശം. രാജ്യത്തിന് ആകെ മാതൃകയുള്ള കാര്യം കേരളത്തിലെ മുസ്ലീങ്ങൾക്ക് കാണിച്ച് കൊടുക്കാൻ കഴിഞ്ഞുവെന്നതും പ്രധാനമാണ്’,എന്നായിരുന്നു സാദിഖ് അലിയുടെ വാക്കുകൾ.
ആര്‍എസ്എസിന്റേത് പിന്നോക്ക വിഭാഗങ്ങൾക്കെതിരായ സവർണ ഹിന്ദുത്വമാണ്. അതിനെതിരായി ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടായി രംഗത്തുള്ള സമയത്താണ് ബാബറി മസ്ജിദിനെ ചൂണ്ടിക്കാണിച്ച് അവിടെ അന്യായമായി പണിതുയർത്തിയ രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമാണെന്ന് പാണക്കാട് തങ്ങൾ പറയുന്നത്. ഇന്ത്യയിലെ മുസ്ലീം സമുദായം മാത്രമല്ല, മതേതര ജനങ്ങൾ മുഴുവൻ ഈ അക്രമത്തിനെതിപായി രംഗത്ത് വന്നിട്ടുണ്ട്. മതേതരത്വം നിലനിർത്താൻ ബാബറി മസ്ജിദ് പുനഃർനിർമ്മിക്കണമെന്ന് പറയുന്നൊരു വലിയ വിഭാഗം ജനത രാജ്യത്തുണ്ട്. ആ ജനതയ്ക്കൊപ്പമാണ് മുസ്ലീം സമുദായത്തിന്റെ മനസ് എന്നിരിക്കെ മുസ്ലീം സമുദായത്തിന്റെ അവകാശം സംരക്ഷിക്കുന്നവർ എന്ന് അവകാശപ്പെടുന്ന മുസ്ലീം ലീഗ് പ്രസിഡന്റ് ഇങ്ങനെയൊരു പ്രസ്താവന നടത്തുക? മുസ്ലൂം ലീഗിന് ലീഗിന്റെ താത്പര്യമാണോ അതോ ആർഎസ്എസിന്റെ താത്പര്യമാണോ വലുതെന്ന് ഐഎൻഎൽ വര്‍ക്കിംഗ് പ്രസിഡന്റ് എൻകെ അബ്ദുൾ അസീസ് ചോദിച്ചു.
അന്യായമായ കൈവശപ്പെടുത്തലിനെ , അനധികൃത കെട്ടിപ്പൊക്കലിനെ അംഗീകരിക്കണം എന്ന് പറയുന്നത് എങ്ങനെയാണ് ഒരു മുസ്ലൂം വിശ്വാസിക്ക് അംഗീകരിക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.ആര്‍എസ്എസിന്റെ രാമരാജ്യം ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യമല്ല. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതറിയാത്തവരല്ല കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. എന്നിട്ടും അണികളെ മണ്ടന്മാരാക്കുന്നത് എന്തിനാണെന്നും സാദിഖലി തങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
അതേസമയം തങ്ങളുടെ പ്രസ്താവന വിവേകപൂർണമാണെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. സാമുദായിക സൗഹാർദം നിലനിർത്തണമെന്നാണ് തങ്ങൾ പറഞ്ഞതിന്റെ സാരം. അത് ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.ബിജെപിയുടെ കെണിയിൽ വീഴേണ്ടതില്ലന്നാണ് തങ്ങൾ പറഞ്ഞത്. ബാബരി തകർന്ന സമയത്ത് ശിഹാബ് തങ്ങൾ എടുത്ത നിലപാടാണ് ഇപ്പോൾ സാദിഖലി തങ്ങളും ആവർത്തിച്ചത്. അന്ന് തങ്ങൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. പിന്നീട് അത് ശരിയാണെന്ന് തെളിഞ്ഞു. അത് പോലെയാണ് ഇപ്പോഴും” വിമർശനങ്ങൾ വരട്ടെ മറുപടി പറയാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.