ദില്ലി: രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന കാവലായി നില്‍ക്കുന്ന സൈനികരെ വാനോളം പുകഴ്ത്തുകയും ആദരിക്കുകയും ചെയ്യുന്നവര്‍ ഇതൊക്കെ എങ്ങനെ സഹിക്കും. ഭീകരരുടെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം സംസ്‌കാരിക്കാന്‍ പോലും സ്ഥലമില്ല. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.
താഴ്ന്ന ജാതിക്കാരനായ സിആര്‍പിഎഫ് ജവാന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാനാവില്ലെന്ന് ഉയര്‍ന്ന ജാതിക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലില്‍ മരിച്ച കോണ്‍സ്റ്റബിള്‍ വീര്‍ സിങ്ങിന്റെ കുടുംബത്തിനാണു ഇങ്ങനെയൊരു ദുരവസ്ഥ നേരിടേണ്ടി വന്നത്.
ഒടുവില്‍ ജില്ലാ ഭരണകൂടം ഇടപെട്ടാണു സ്ഥലം അനുവദിച്ചത്. വീര്‍ സിങ്ങിന്റെ അന്ത്യകര്‍മങ്ങള്‍ പൊതുസ്ഥലത്തു നടത്തണമെന്നും അവിടെ സ്മാരകസ്തൂപം സ്ഥാപിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഇതിനായി 100 ചതുരശ്ര മീറ്റര്‍ സ്ഥലമാണു ചോദിച്ചത്. എന്നാല്‍, സ്ഥലം ഇങ്ങനെ വിട്ടുനല്‍കാന്‍ ആവില്ലെന്ന് ഉന്നതജാതിക്കാര്‍ വാദിച്ചു.
പിന്നീടു സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് സ്ഥലത്തെത്തി ഗ്രാമവാസികളുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയശേഷമാണു പൊതുസ്ഥലം നല്‍കാന്‍ തീരുമാനമായത്. വീര്‍ സിങ്ങിന്റെ കുടുംബം ഇവിടെ ഒറ്റമുറി വീട്ടിലാണു താമസിക്കുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടുമാണെങ്കിലും മക്കള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കിയിരുന്നു വീര്‍ സിങ്.
മകള്‍ രജനി എംഎസ്സിക്കും മകന്‍ രമണ്‍ദീപ് ബിഎസ്‌സിക്കും പഠിക്കുന്നു. ഇളയമകന്‍ ഇപ്പോള്‍ പ്ലസ് ടു പാസായി. വീര്‍ സിങ്ങിന്റെ പിതാവ് രാംസ്‌നേഹ് സിങ് ഫിറോസാബാദില്‍ റിക്ഷാത്തൊഴിലാളിയാണ്. കശ്മീരിലെ പാംപോറില്‍ ശനിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണു വീര്‍സിങ്ങും മലയാളി ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍ നായരും ഉള്‍പ്പെടെ എട്ടു സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടത്.