ദില്ലി: വിദേശത്തേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയോ നിയമനടപടികള്‍ തുടങ്ങുകയോ വേണമെന്ന് ബ്രിട്ടന്‍. അല്ലാതെ വിജയ് മല്യയെ തിരിച്ചുവിടാനാകില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിന്റെ പേരില്‍ മല്യയെ തിരിച്ചുവിടാനാകില്ല. ഇന്ത്യ ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ അത് സാധിക്കുകയുള്ളൂ. മല്യയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണ്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അതേപ്പറ്റി അറിയിക്കണമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.
മല്യയെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയോ നിയമനടപടികള്‍ തുടങ്ങുകയോ വേണമെന്ന് ബ്രിട്ടന്‍ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. 1971ലെ കുടിയേറ്റ നിയമപ്രകാരം ഒരാള്‍ക്ക് യുകെയില്‍ തുടരുന്നതിന് പാസ്‌പോര്‍ട്ട ആവശ്യമില്ല. അവര്‍ രാജ്യം വിടുകയോ വിസ കാലാവധിക്കുശേഷം തുടരുകയോ ചെയ്യുമ്പോഴാണ് പാസ്‌പോര്‍ട്ടിന്റെ ആവശ്യം വരിക. അതേസമയം, ആരോപണങ്ങളുടെ ഗൗരവം അവര്‍ മനസിലാക്കിയിട്ടുണ്ട്. ഇന്ത്യയോട് നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ബ്രിട്ടന്‍ ചെയ്തത് വികാസ് സ്വരൂപ് പറഞ്ഞു.
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9400 കോടി രൂപ വായ്പയെടുത്ത മല്യ മാര്‍ച്ച് രണ്ടിനാണ് രാജ്യം വിട്ടത്. ഇതിനുപിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാര്‍ശ പ്രകാരം മല്യയുടെ പാസ്‌പോര്‍ട്ട് അസാധുവാക്കിയിരുന്നു. ഒപ്പം തന്നെ ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.