റിയോ: ഗര്‍ഭിണിയായ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയെ വഞ്ചിച്ചുവെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ പര്യസ്യമായി ക്ഷമാപണം നടത്തി ബ്രസീലിയന്‍ ഫുട്‌ബോളര്‍ നെയ്മര്‍ ജൂനിയര്‍. നെയ്മര്‍ തന്റെ ഗര്‍ഭിണിയായ കാമുകിയെ വഞ്ചിച്ചു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ബ്രൂണയോടും കുടുംബത്തോടും താരത്തിന്റെ പരസ്യമായ മാപ്പ് ചോദിക്കല്‍.
തനിക്ക് തെറ്റുപറ്റിയെന്നും നീയില്ലാത്തൊരു ജീവിതം ആലോചിക്കാനാകുന്നില്ലെന്നും താരം പറഞ്ഞു. ബ്രൂണക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത് കുറിപ്പിലാണ് താരം മാപ്പപേക്ഷ നടത്തുന്നത്.
‘ബ്രു (ബ്രൂണയെ നെയ്മര്‍ വിളിക്കുന്ന പേര്), നിന്നോടും കുടുംബത്തോടും ഞാന്‍ തെറ്റ് ചെയ്തു. ന്യായമില്ലാത്തൊരു കാര്യത്തെ ന്യായീകരിക്കുന്നില്ല. അതിന്റെ ആവശ്യമില്ല, പക്ഷെ ജീവിതത്തില്‍ നിന്നെ വേണം നീ എത്രമാത്രം അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാം. എനിക്കു തെറ്റുപറ്റിപ്പോയി. എന്റെ തെറ്റുകള്‍ക്ക് അനാവശ്യമായ വെളിപ്പെടുത്തലിന് ഞാന്‍ ഇതിനകം ക്ഷമാപണം നടത്തിയിട്ടുണ്ട്, പക്ഷേ അത് പരസ്യമായി പറയേണ്ട ബാധ്യതയുണ്ടെന്ന് തോന്നുന്നു. ഒരു സ്വകാര്യം പരസ്യമായാല്‍ ക്ഷമാപണം പരസ്യമായിരിക്കണം. നീയില്ലാതെ സങ്കല്‍പ്പിക്കാന്‍ വയ്യ’ നെയ്മര്‍ കുറിച്ചു.