കണ്ണൂർ: ഒരു വയസുള്ള കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച കേസിൽ മാതാവും രണ്ടാനച്ഛനും പൊലീസ് കസ്റ്റഡിയിൽ. കൊട്ടിയൂർ പാലുകാച്ചിയിലെ പുത്തൻ വീട്ടിൽ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്. വീടിനുള്ളിൽ മൂത്രമൊഴിച്ചതിന് ഒരുവയസുകാരിയെ രണ്ടാനച്ഛൻ വിറകു കൊള്ളികൊണ്ട് അടിച്ച് മാരകമായി പരുക്കേൽപ്പിച്ചു. കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോത്താണ് സംഭവം.കണിച്ചാർ ചെങ്ങോത്താണ് രണ്ടാനച്ഛൻ പിഞ്ചു കുഞ്ഞിനെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ രതീഷിനും രമ്യക്കും എതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് പൊലീസ് കേസെടുത്തത്.
ശനിയാഴ്ച രാത്രിയാണ് മുത്തശ്ശി, കുഞ്ഞിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റിട്ട് രണ്ട് ദിവസമായിരുന്നു. മുഖത്തും ശരീരത്തും മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി.രണ്ട് ദിവസം ഫോണിൽ ബന്ധപ്പെട്ടിട്ടും കുഞ്ഞിന്റെ വിവരം ലഭിക്കാതെ വന്നപ്പോൾ മുത്തശ്ശി അന്വേഷിച്ചു ചെല്ലുകയായിരുന്നു. അപ്പോഴാണ് പരുക്കേറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. പരുക്ക് ഗുരുതരമല്ലെന്നും കുഞ്ഞ് അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. കേസിൽ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടു. വിശദമായ അന്വേഷണം നടത്താൻ പൊലീസിനു നിർദേശം നല്‍കി.
കുഞ്ഞിനെ മർദിക്കുന്നത് കണ്ടിട്ടും തടയാതിരുന്നതിനാണ് അമ്മയ്ക്കെതിരെെും കേസെടുത്തത്. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. രമ്യയുടെ ഒരു വയസ്സുള്ള മകൾ അഞ്ജനയാണ് രതീഷിന്റെ ക്രൂര മർദനത്തിന് ഇരയായത്. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് പേരാവൂർ ആശുപത്രിയിൽ കൊണ്ടുവന്നത്.
പ്രാഥമിക പരിശോധനയിൽ മർദനമേറ്റ പരിക്കുകളാണെന്ന് മനസിലായ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിശദ പരിശോധനക്ക് കുഞ്ഞിനെ പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. മൂന്നാഴ്ച മുൻപാണ് രതീഷും രമ്യയും ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്.


