കോളേജില്‍ പരീക്ഷയ്ക്കിടെ ബിഎസ്‌സി വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്നു; പ്രതി പിന്നീട് ആത്മഹത്യ ചെയ്തു

459617770

അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഡിഡിഎസ് കോളേജില്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഒന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ത്ഥിനിയായ നേഹ ശര്‍മ്മയാണ് മരിച്ചത്.

നേഹ ശര്‍മ്മയെ കൊലപ്പെടുത്തിയ ശേഷം സന്ദീപ് മലന(18) എന്ന യുവാവ് സ്വയം വെടിവെച്ചു മരിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. ബോട്ടണി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷാ ഹാളിലേക്ക് യാതൊരു കൂസലുമില്ലാതെ നടന്നുവന്ന യുവാവ് നേഹയ്ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. ശേഷം സ്വയം തലയ്ക്ക് വെടിവെയ്ക്കുകയും ചെയ്തു. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നിലവിളിച്ചോടിയ മറ്റു വിദ്യാര്‍ത്ഥികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പാളും മറ്റ് അധ്യാപകും സ്ഥലത്തെത്തി. ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കോളേജില്‍ നേഹയും സന്ദീപും തമ്മില്‍ വഴക്കുണ്ടായതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും പ്രണയത്തിലായിരുന്നോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Top