40 കോടിയുടെ കെട്ടിടം ഉടമയറിയാതെ 9 കോടിക്ക് വിറ്റു !! ടോമിന്‍ ജെ.തച്ചങ്കരിയടക്കം ഒമ്പത് പേര്‍ക്കെതിരെ കേസ് !!

കോഴിക്കോട്: വായ്പ മുടങ്ങിയതിന്റെ പേരില്‍ 40 കോടി വില മതിക്കുന്ന കെട്ടിടം ഉടമറയറിയാതെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വിറ്റു. 9.18 കോടിക്ക് കെട്ടിടം മറിച്ച് വിറ്റുവെന്ന് പരാതി. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ തുച്ചമായ വിലയ്ക്ക് മറിച്ച് വിറ്റതില്‍ തിരിമറി നടന്നിട്ടുണ്ടെന്ന പരാതിക്കാരന്‍ പറയുന്നത്.പരാതിയുടെ പശ്ചാത്തലത്തില്‍ മുന്‍ കെ.എഫ്.സി എം.ഡി ടോമിന്‍ ജെ.തച്ചങ്കരിയടക്കം ഒമ്പത് പേര്‍ക്കെതിരേ പ്രാഥമിക അന്വേഷണത്തിന് കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടു.

കോഴിക്കോട്ടെ പേള്‍ ഹില്‍ ബില്‍ഡേഴ്‌സ് ഉടമ പി.പി അബ്ദുള്‍ നാസറിന്റെ പരാതിയിലാണ് അന്വേഷണം. കോഴിക്കോട് പുതിയ സ്റ്റാന്‍ഡിന് പരിസരത്തുള്ള കെട്ടിടമാണ് തുച്ചമായ തുകയ്ക്ക് കൊല്ലം സ്വദേശിക്ക് കെ.എഫ്.സി വിറ്റതെന്നാണ് പരാതിയില്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെട്ടിട ഉടമയായ അബ്ദുള്‍ നാസര്‍ 2014-ല്‍ കെ.ഫ്.സി.യില്‍ നിന്നും 4.89 കോടി വായ്പയെടുത്തിരുന്നു. ഇതില്‍ പകുതിയോളം അടക്കുകയും ചെയ്തിരുന്നു. കോവിഡ് കാലം വന്നതോടെ വായ്പ മുടങ്ങിയതാണ് നടപടിക്ക് കാരണമായത്. പലിശയടക്കം 9.56 കോടി രൂപ വന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിടം വിറ്റത്.

എന്നാല്‍ പൊതു ടെന്‍ഡര്‍ വിളിക്കുകയോ വില്‍ക്കുന്ന കാര്യം ഉടമയെ രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ അറിയിക്കുകയോ ചെയ്തില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. മാത്രമല്ല ഇത്തരമൊരു നടപടിക്ക് മുമ്പ് സുപ്രീംകോടതിയടക്കം പറയുന്ന മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് വില്‍പ്പന നടന്നത്. കൊല്ലം സ്വദേശിയാണ് കെട്ടിടം ലേലത്തിന് പിടിച്ചത്.

കെ.എഫ്.സി മാനേജിംഗ് ഡയറക്ടറായിരുന്ന ടോമിന്‍.ജെ തച്ചങ്കരി, കെ.എഫ്.സി ജനറര്‍ മാനേജരായിരുന്ന പ്രേംനാഥ് രവീന്ദ്രന്‍, കെ.എഫ്.സി കോഴിക്കോട് ബ്രാഞ്ച് ചീഫ് മാനേജര്‍ സി.അബ്ദുള്‍ മനാഫ്, പുതുക്കാട് സ്വദേശിയായ കെ.ബി പത്മദാസ്, ചന്ദ്രാപ്പിന്നി സ്വദേശിയായ ടി.പി സലീം, പൊറ്റമ്മല്‍ സ്വദേശിയായ പി.വരുണ്‍, കൊല്ലം സ്വദേശിയായ എസ്.അനില്‍കുമാര്‍, കുതിരവട്ടം സ്വദേശിയായ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരായാണ് പ്രാഥമിക അന്വേഷണം.

എഴുപത്തിയഞ്ച് ലക്ഷം രൂപ സെന്റിന് വിലയുള്ള നാല്‍പത് സെന്റ് ഭൂമിയും കെട്ടിടവുമാണ് ഇവര്‍ വിറ്റത്. കെ.എഫ്.സി തന്നെ ഇതിന്റെ ഫെയര്‍വാല്യൂ വായി കണക്കാക്കിയിരിക്കുന്നത് സെന്റിന് ഇരുപത് ലക്ഷത്തിന് മുകളിലാണ്.

9.18 കോടി രൂപയ്ക്കാണ് കെട്ടിടം നല്‍കിയതെങ്കിലും ഇതില്‍ 4.18 കോടി മാത്രമാണ് ലേലം പിടിച്ചവര്‍ നല്‍കിയത്. ബാക്കി അഞ്ച് കോടി കെ.എഫ്.സി തന്നെ ഇവര്‍ക്ക് വായ്പയായി അനുവദിച്ചു. ഇതും മാനദണ്ഡങ്ങളുടെ ലംഘനമാണ്.

ലേലം നടത്തുമ്പോള്‍ ഉടമയ്ക്ക് പ്രാധാന്യം നല്‍കി പൊതു ലേലം നടത്തണം. പക്ഷെ ഇ.ടെന്‍ഡറിലൂടെ ആയതിനാല്‍ രണ്ട് പേര്‍ മാത്രമാണ് ലേലത്തിന് വന്നത്.

അതേസമയം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ലേല നടപടികളുമായി മുന്നോട്ട് പോയതെന്ന് കെ.ഫ്.സി. അധികൃതര്‍ പറഞ്ഞു. ഉടമയ്ക്ക് രജിസ്റ്റേര്‍ഡ് പോസ്റ്റും അയച്ചിട്ടുണ്ട്. ഇ-ടെന്‍ഡര്‍ വഴി തന്നെയാണ് ഇപ്പോള്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ടെന്‍ഡര്‍ നടപടികള്‍ നടത്തുന്നത്.

അതുതന്നെയാണ് കെ.എഫ്.സിയും ചെയ്തത്. മുന്‍പ് ഉടമ കേസുമായി പോയിട്ട് പിന്‍വലിച്ചതാണ്. ഉദ്യോഗസ്ഥരെ അനാവശ്യമായി ബലിയാടാക്കുകയാണെന്നും കെ.ഫ്.സി. അധികൃതര്‍ പറഞ്ഞു.

Top