കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളെ ജനങ്ങള്‍ എങ്ങനെ നോക്കിക്കണ്ടു എന്ന് വിലയിരുത്താനും ഉപയോഗിക്കാവുന്നതാണ്. സംസ്ഥാനത്തെ വാര്‍ത്താ മാദ്ധ്യമങ്ങള്‍ മുഴുവന്‍ രണ്ട് മാസത്തോളമായി നിറഞ്ഞ് നില്‍ക്കുന്ന വിഷയം ജനങ്ങളെ പല രീതിയിലാണ് ചിന്തിപ്പിച്ചത് എന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
കേരളത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കും എന്ന് കരുതിയ ബിജെപി ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്താണ് വിജയിച്ചത്. ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡും കാവാലം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡും ബിജെപി പിടിച്ചെടുത്തു. എന്നാല്‍ ഇവ യുഡിഎഫിന്റെ സീറ്റുകളായിരുന്നു. കോണ്‍ഗ്രസാണ് തെരഞ്ഞെടുപ്പില്‍ നഷ്ടം നേരിട്ട ഒരു പാര്‍ട്ടി. കോണ്‍ഗ്രസ് വോട്ട് ബിജെപിയിലേക്ക് പോകുമെന്ന പ്രവചനങ്ങള്‍ സത്യമാക്കുന്നതാണിത്.
തകഴി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പി.കെ വാസുദേവന്‍ വിജയിച്ചു. ബിജെപിയുടെ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റാണ് വാസുദേവന്‍. കാവാലം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി അജിത വിജയിച്ചു.
തെരഞ്ഞെടുപ്പില്‍ ആകെ നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫാണ്. കഴിഞ്ഞ തവണത്തെക്കാള്‍ സിറ്റ് കൂടുതലാണ് അവര്‍ക്ക് ലഭിച്ചത്. നാമജപ ഘോഷയാത്രയൊന്നും വോട്ടായി മാറിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പന്തളത്ത് പത്താം വാര്‍ഡില്‍ ബിജെപിക്ക് 12 വോട്ട് മാത്രമാണ് ലഭിച്ചത്. പുന്നപ്രയില്‍ പത്തും പത്തനംതിട്ടയില്‍ ഏഴ് വോട്ടും മാത്രംമാണ് ബിജെപിയുടെ സമ്പാദ്യം.