മലപ്പുറം: ഉപതിരഞ്ഞെടുപ്പ് ഫലം ഇടതു സര്‍ക്കാരിന്റെ അഹങ്കാരത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനും പൊലീസിനും വീഴ്ച പറ്റി. മുഖ്യമന്ത്രി ജിഷ്ണുവിന്റെ കുടുംബത്തോട് ഖേദം പ്രകടിപ്പിക്കാന്‍ തയാറാകണം. ഇക്കാര്യത്തില്‍ ദുരഭിമാനം വെടിയണമെന്നും എ.കെ ആന്റണി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പൊലീസ് ഭരണം പരാജപ്പെട്ടിരിക്കുകയാണ്. മഹിജയെ പൊലീസ് നേരിട്ട നടപടി ന്യായീകരിച്ച സി.പി.എം സെക്രട്ടേറിയറ്റിന്റെ നടപടിയില്‍ വി എസ് അച്യുതാനന്ദന്റെ പ്രതികരണം എന്തെന്നറിയാന്‍ താല്‍പര്യമുണ്ട്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് സമയത്ത് വടകരയില്‍ പോയി കെകെ രമയെ കാണാമെങ്കില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ള മഹിജയെ സന്ദര്‍ശിക്കാന്‍ വി എസ് തയാറാകാത്തതെന്തെന്നും ആന്റണി ചോദിച്ചു.
കോണ്‍ഗ്രസുമായി ചരിത്രപരമായി അകല്‍ച്ചയിലുള്ള പാര്‍ട്ടിയാണ് എസ്പി. എന്നാല്‍ യുപിയില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ വേണ്ടി അവര്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. ജനാധിപത്യത്തില്‍ അത്തരം സാധ്യതകള്‍ പരീക്ഷിക്കുകയാണ് വേണ്ടത്. എന്നാല്‍ പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ഒറ്റയ്ക്ക് മത്സരിച്ച സി.പി.എം ബംഗാളില്‍ മാത്രം തൃണമൂലിന്റെ തല്ല് കൊള്ളാതിരിക്കാനാണ് കോണ്‍ഗ്രസിനൊപ്പം കൂടിയത്. ഇതാണ് അവരുടെ രാഷ്ട്രീയനയം.
ബിജെപിയെ നേരിട്ടാല്‍ ഇടതുപക്ഷത്തിനേ സാധിക്കൂവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തും സി.പി.എം പ്രതിപക്ഷ പാര്‍ട്ടി പോലുമല്ല. കേരളത്തിലും ത്രിപുരയിലുമല്ലാതെ വേറെയെവിടെയാണ് സി.പി.എം ഇന്ന് അവശേഷിക്കുന്നത്. എകെ ആന്റണി ചൂണ്ടിക്കാട്ടി.