വിദ്യാഭ്യാസ മന്ത്രിയെന്ന് കേള്‍ക്കുമ്പോല്‍ പുച്ഛിച്ചു തള്ളുന്ന കാലം ഉണ്ടായിരുന്നു. ഇനി അതുണ്ടാകില്ല, കേരളത്തിന് അനുയോജ്യനായ ഒരു വിദ്യാഭ്യാസ മന്ത്രിയെയാണ് ജനങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്. അധ്യാപകനും നിയമസഭാംഗവുമായ പ്രഫ. സി. രവീന്ദ്രനാഥാണ് ഇനി കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി. സി രവീന്ദ്രനാഥിന്റെ ജീവിതം പലര്‍ക്കും ഒരു കൗതുക കാഴ്ചയാണെന്നാണ് പറയുന്നത്.
സാധാരണക്കാരനെ പോലെ ജീവിക്കാനും സാധാരണക്കാര്‍ക്കൊപ്പം നടക്കാനുമാണ് സി രവീന്ദ്രനാഥിനിഷ്ടം. പഠനകാലം കഴിഞ്ഞ് സെന്റ് തോമസ് കോളേജില്‍ പ്രഫസറായി ജോലി ചെയ്തിരുന്നു. അന്ന് നിത്യേന സൈക്കിളിലാണ് അദ്ദേഹം കോളേജിലേക്ക് വരുന്നത്. എല്ലാവര്‍ക്കും അതൊരു കൗതുക കാഴ്ചയായിരുന്നു. നിയമസഭാംഗം ആയതിനുശേഷവും അദ്ദേഹം ഓഫീസില്‍ നിന്നു കെഎസ്ആര്‍ടിസിയിലും പരിചയക്കാരുടെ ഇരുചക്രവാഹനങ്ങളുടെ പുറകിലും യാത്രചെയ്യുന്നത് പതിവുകാഴ്ചയായിരുന്നു.
ചെറുപ്പം മുതല്‍ക്കേ ക്രിക്കറ്റിനോടു കമ്പം കൊണ്ടുനടന്നയാളാണ്. കോളേജ് അധ്യാപന കാലഘട്ടത്തില്‍ അധ്യാപകരുടെ ടീമിലെ അംഗമായിരുന്നു. അധ്യാപകനായിരിക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥികളുടെ ടീമിലും കളിക്കുമായിരുന്നു. ഇത് പ്രഫ. സി. രവീന്ദ്രനാഥാണ്. തൃക്കൂര്‍ പഞ്ചായത്തിലെ സര്‍വ്വോദയം സ്‌കൂളില്‍ കുട്ടികള്‍ക്ക് ഒരിക്കല്‍ ക്ലാസ് എടുക്കാനും രവീന്ദ്രനാഥ് എത്തി. എംഎല്‍എയുടെ തിരക്കുകള്‍ക്കിടയിലും മനസ്സിലുള്ള ആനക്കമ്പവും പൂര പ്രേമവും മറച്ചുവയ്ക്കാതെ അടുത്തുള്ള പൂരങ്ങള്‍ക്കും അദ്ദേഹം എത്തി.
വികസന പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തു തന്നെ മാതൃകയായ സുസ്ഥിര വികസന പദ്ധതിയുടെ അമരക്കാരനായ പ്രഫ. സി. രവീന്ദ്രനാഥ് വിദ്യാഭ്യാസമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. സംസ്ഥാനത്തിനു തന്നെ മാതൃകയായ സുസ്ഥിര പുതുക്കാട് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ സി. രവീന്ദ്രനാഥിന് പൂര്‍ത്തീകരിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ വലിയ കുതിച്ചു ചാട്ടത്തിന് തുടക്കമിട്ട ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് വിദ്യാഭ്യാസ മണ്ഡലം, സമ്പൂര്‍ണ്ണ പാര്‍പ്പിടം, സമ്പൂര്‍ണ വോള്‍ട്ടതാ മണ്ഡലം തുടങ്ങിയവ ആവിഷ്‌കരിച്ചു. 60 വയസ്സ് കഴിഞ്ഞവര്‍ക്കായി ഒരുക്കിയ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്ന തണല്‍ പദ്ധതിയില്‍ 25000 പേര്‍ അംഗങ്ങളാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ദിനംപ്രതി 4000 കദളിപ്പഴം വീതം നല്‍കുന്ന പദ്ധതി, ഔഷധിയിലേക്ക് ആഴ്ചയില്‍ നാലുടണ്‍ പാവയ്ക്ക നല്‍കുന്ന പദ്ധതി, ആടു ഗ്രാമം പദ്ധതി, മണ്ഡലത്തിലെ വിനോദ സഞ്ചാരകേന്ദ്രമായ ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി എന്നിവയ്ക്ക് തുടക്കം കുറിച്ചു. മണ്ഡലത്തിലെ റോഡുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി.