തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന സംയുക്ത പ്രക്ഷോഭത്തിന് തുടര്‍ച്ച വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കാനാണ് സര്‍വ്വകക്ഷി യോഗം വിളിച്ചതെന്നായിരുന്നു സര്‍ക്കാര്‍ യോഗത്തില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ യോഗം ജനാധിപത്യവിരുദ്ധമാണെന്ന് വ്യക്തമാക്കി ബിജെപി സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‍ലിം ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്‍.എസ്.എസ് യോഗത്തിനെത്തിയില്ല. എസ്.എന്‍.ഡി.പി പ്രതിനിധിയാണ് യോഗത്തിനെത്തിയത്. ബി.ജെ.പി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. യോഗത്തില്‍ ബി.ജെ.പിക്കെതിരെ ഗോ ബാക്ക് വിളിയുണ്ടായി.
പൗരത്വ ഭേദഗതി ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത-സാമൂഹ്യ സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചത്. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് രൂപം നല്‍കിയ നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടന സംരക്ഷണ സമിതി രൂപീകരിക്കുന്നതിനുള്ള നിര്‍ദേശം മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ടുവെക്കും.
ഭരണഘടനക്കെതിരായി സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. ഭരണഘടനയെ അംഗീകരിക്കുന്നവര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്നുവെന്നും ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാര്‍ പറഞ്ഞു. ഗവര്‍ണറെ അക്രമിക്കാന്‍ ശ്രമിച്ച സംഭവം യോഗം അപലപിക്കണമെന്നും ഗവര്‍ണറേയും യെദ്യൂരപ്പയേയും അക്രമിക്കാന്‍ ശ്രമിച്ച സംഭവങ്ങളില്‍ പ്രമേയം പാസാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാത്തതിനാലാണ് ബിജെപി യോഗം ബഹിഷ്‌കരിച്ചത്.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനില്‍ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബി.ജെ.പി നേതാക്കളും യോഗത്തില്‍ പങ്കെടുത്ത് കേന്ദ്ര നിലപാട് വിശദീകരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മസ്കറ്റ് ഹോട്ടലിലാണ് യോഗം.