ദുരിതാശ്വാസ നിധിയില്‍ അട്ടിമറി; 262 കോടി സഞ്ചിത നിധിയിലേക്ക് വകമാറ്റി; പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോര്‍ട്ട് സഭയില്‍

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍വന്‍ ക്രമക്കേടും വകമാറ്റലും നടന്നതായി വ്യക്തമാക്കുന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചു. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന 2024-25 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് മുന്‍ സര്‍ക്കാരിന്റെ ധനമാനേജ്മെന്റിലെ വന്‍ പാളിച്ചകള്‍ അക്കമിട്ട് നിരത്തുന്നത്. ദുരിതാശ്വാസ നിധിയില്‍ നിന്ന് കോടികള്‍ വകമാറ്റിയതിനൊപ്പം കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വഴി വരുത്തിവെച്ച ഓഫ് ബജറ്റ് കടമെടുപ്പുകള്‍ സംസ്ഥാനത്തെ വലിയ കടക്കെണിയിലാക്കിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ധനക്കമ്മി കുറച്ചുകാണിക്കാന്‍ വകമാറ്റല്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി രൂപ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റിയെന്നാണ് സിഎജിയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍. ഇത് തികച്ചും ക്രമവിരുദ്ധമായ നടപടിയാണ്. സംസ്ഥാനത്തിന്റെ ധനക്കമ്മിയും റവന്യു കമ്മിയും കൃത്രിമമായി കുറച്ചു കാണിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമായാണ് ഈ വകമാറ്റല്‍ നടന്നതെന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ദുരന്തബാധിതരെ സഹായിക്കാനായി പൊതുജനങ്ങളില്‍ നിന്ന് സ്വരൂപിച്ച സംഭാവനകളുടെ വിശ്വാസ്യതയെ തന്നെ സംശയത്തിലാക്കുന്ന ഗുരുതരമായ കണ്ടെത്തലാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനു പുറമേ, കിഫ്ബിയും പൊതുമേഖലാ പെന്‍ഷന്‍ കമ്പനിയും വഴി മുന്‍ സര്‍ക്കാര്‍ വരുത്തിവെച്ച കടമെടുപ്പുകള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ വഷളാക്കി. ഇത്തരത്തില്‍ 39,230 കോടി രൂപയുടെ ബജറ്റിതര ബാധ്യതയാണ് സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്. നിലവിലും സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണെന്നും തീര്‍പ്പാക്കാത്ത ബാധ്യതകള്‍ മാത്രം നിലവില്‍ 3,511 കോടി രൂപയുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അധിക ചെലവിന് കാരണം ഹ്രസ്വകാല വായ്പകളുടെ തിരിച്ചടവാണെന്നാണ് സിഎജി കണ്ടെത്തല്‍. 2,684.44 കോടി രൂപയാണ് കടം തിരിച്ചടക്കാന്‍ വേണ്ടി മാത്രം വിനിയോഗിക്കേണ്ടി വന്നത്. ഇക്കാലയളവില്‍ ചെലവ് വന്‍തോതില്‍ കൂടുകയും വരവില്‍ നേരിയ വര്‍ധനവ് മാത്രം രേഖപ്പെടുത്തുകയുമാണ് ചെയ്തത്. റവന്യു വരവില്‍ വെറും 0.30 ശതമാനത്തിന്റെ മാത്രം വളര്‍ച്ചയുണ്ടായപ്പോള്‍ സംസ്ഥാനത്തിന്റെ ചെലവില്‍ 8.97 ശതമാനത്തിന്റെ വലിയ വര്‍ധനവുണ്ടായി. ഇതിനിടയില്‍ കേന്ദ്ര സഹായത്തില്‍ 42 ശതമാനത്തിന്റെ വന്‍ കുറവ് വന്നതും പ്രതിസന്ധി രൂക്ഷമാക്കി.

സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തില്‍ നിന്ന് 9.97 ശതമാനമായി ഉയര്‍ന്നതാണ് ഏക ആശ്വാസം. എന്നാല്‍, സംസ്ഥാനത്തിന്റെ റവന്യൂ ചെലവിന്റെ 64.40 ശതമാനവും മൊത്തം റവന്യൂ വരവിന്റെ 80 ശതമാനവും ശമ്പളവും പെന്‍ഷനും അടക്കമുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്.

 

Top