കൊലപാതകത്തില്‍ ദുഃഖമില്ല, ആരുമായും പിണക്കമില്ല: ആത്മാക്കളുമായി സംസാരിക്കാറുണ്ടെന്നും കൗതുകകരമായ അനുഭവമെന്നും കേഡല്‍; ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന നിഗൂഢതയില്‍ കുഴങ്ങി പൊലീസ്

നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ ദുരൂഹതകള്‍ തീരുന്നില്ല. പിടിയിലായ കേഡല്‍ ജിന്‍സണ്‍ രാജയെ രണ്ടു രാവും ഒരു പകലും ചോദ്യം ചെയ്തിട്ടും ദുരുഹതകള്‍ നീക്കാനാകാതെ പൊലീസ് വലയുകയാണ്. മനശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിലാണ് കേഡലിനെ ചോദ്യം ചെയ്തു വരുന്നത്.

ശരീരത്തില്‍ നിന്ന് ആത്മാവ് വിട്ടൊഴിഞ്ഞ ഘട്ടത്തിലാണ് മാതാപിതാക്കള്‍ അടക്കം നാലുപേരെ വെട്ടിനുറുക്കിയതെന്നും ഒട്ടും ദുഃഖം തോന്നുന്നില്ലെന്നും കേഡല്‍ ജീന്‍സണ്‍ രാജ (30) പൊലീസിനോട് വെളിപ്പെടുത്തി. ഉന്മാദാവസ്ഥയില്‍ തന്റെ ആത്മാവാണ് കൊല നടത്തിയത്. പക്ഷേ, കൊലപ്പെടുത്തുന്നത് ഓര്‍മ്മയുണ്ട്. ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പിരിയുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ പത്തു വര്‍ഷത്തോളമായി പരിശീലിക്കുന്നുണ്ടെന്നും കേഡല്‍ വെളിപ്പെടുത്തി. എന്നാല്‍, മനോനില തെറ്റിയതായി അഭിനയിച്ച് ശിക്ഷയില്‍നിന്നൊഴിവാകാന്‍ കേഡല്‍ ശ്രമിക്കുന്നതായാണ് പൊലീസിന്റെ സംശയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേഡലിന്റെ വിചിത്രമായ മൊഴി പൊലീസിനെ കുഴയ്ക്കുകയാണ്. ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്നത് നേരില്‍ കാണാനാണ് കൊല നടത്തിയതെന്നാണ് കേഡല്‍ പറയുന്നതെങ്കിലും പൊലീസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. കൂട്ടക്കൊലയ്ക്ക് പിന്നിലെ ശരിയായ കാരണം കണ്ടെത്താന്‍ മെഡി. കോളേജ് ആര്‍.എം.ഒയും മനോരോഗ വിദഗ്ദ്ധനുമായ മോഹന്റോയിയുടെ സഹായത്തോടെയാണ് പൊലീസിന്റെ ചോദ്യംചെയ്യല്‍.

മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം ഹോട്ടലില്‍ നിന്ന് മൂന്നുനേരവും അഞ്ച് പേര്‍ക്കുള്ള ഭക്ഷണം വാങ്ങിയതും മൃതദേഹങ്ങള്‍ ഘട്ടംഘട്ടമായി കത്തിച്ചശേഷം രക്ഷപെടാന്‍ ശ്രമിച്ചതും കേഡലിന്റെ ക്രിമിനല്‍സ്വഭാവം വെളിപ്പെടുത്തുന്നതാണെന്ന് പൊലീസ് വിലയിരുത്തി. വീട്ടില്‍ അഞ്ചുപേരുണ്ടെന്ന് പുറത്തുകാണിക്കാനായിരുന്നു ഭക്ഷണം വരുത്തിയത്. മനോനില തെറ്റിയിരുന്നെങ്കില്‍ രക്ഷപെടാന്‍ ശ്രമിക്കാതെ ആത്മഹത്യ ചെയ്യുമായിരുന്നു എന്നാണ് മനശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. മനോരോഗിയായി അഭിനയിക്കുകയാണോയെന്ന് കണ്ടെത്താന്‍ കേഡലിന് മനഃശാസ്ത്ര പരിശോധനയും സൈക്കോ അനാലിസിസും നടത്തും. കേഡലിനെ വിശ്വാസമുള്ളതുപോലെ ധരിപ്പിച്ചാണ് പൊലീസിന്റെ ചോദ്യംചെയ്യല്‍. മനഃശാസ്ത്ര പരിശോധനകള്‍ പൂര്‍ത്തിയാവാന്‍ മൂന്നുദിവസം വേണ്ടിവരും.

പഠനത്തിനായി ആസ്‌ട്രേലിയയില്‍ പോയെങ്കിലും ഇയാള്‍ മൂന്നുവര്‍ഷം അവിടെ അലഞ്ഞുനടന്നു. ഉറ്റബന്ധുക്കളുമായിപ്പോലും ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ല. ഇന്റര്‍നെറ്റിലൂടെ ആസ്ട്രല്‍ പ്രൊജക്ഷന്‍ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചെന്നാണ് കേഡലിന്റെ വെളിപ്പെടുത്തല്‍. കേഡലിന്റെ പിതാവ് തമിഴ്‌നാട്ടിലും മാതാവ് വിദേശത്തുമായിരുന്നതിനാല്‍ ഇയാളുടെ മാനസിക വിഭ്രാന്തി ശ്രദ്ധിക്കാനായിട്ടില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. കേഡലിന് ഏതെങ്കിലും ചികിത്സ നടത്തിയതായോ ഇയാള്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതായോ കണ്ടെത്താനായിട്ടില്ല.

കൊലപാതകത്തെ കുറിച്ച് കേഡല്‍ പറയുന്നത് ഇങ്ങനെയാണ്:

‘ആത്മാക്കളെ തനിക്ക് കാണാന്‍ സാധിക്കും. അവയുമായി സംസാരിക്കാന്‍ സാധിക്കും. പ്രത്യേക ഭാഷയാണ് ആശയസംവേദനത്തിന് ഉപയോഗിക്കുന്നത്. കൗതുകകരമായ അനുഭവമാണത്. ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ ചെയ്താല്‍ ഇത് കൂടുതല്‍ അനുഭവവേദ്യമാകും. ഇതിനായാണ് കൊന്നത്. എല്ലാവരെയും താന്‍ ഒറ്റക്കാണ് കൊന്നത്. ആരോടും പിണക്കമില്ല. പക്ഷേ, കൊന്നു. ഇതിനായി ഓണ്‍ലൈനായി മഴു വാങ്ങി. പുതുതായി വികസിപ്പിച്ചെടുത്ത ഗെയിം കാണാനെന്ന് പറഞ്ഞ് അമ്മയെ റൂമിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് പിന്നില്‍ നിന്ന് മഴുകൊണ്ട് തലയില്‍ വെട്ടുകയായിരുന്നു. അന്നേദിവസംതന്നെ പിതാവിനെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തി. റൂമിനോട് ചേര്‍ന്ന കുളിമുറിയില്‍ മൃതശരീരം കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കൊല്ലാനുണ്ടായ കാരണം എന്താണെന്ന് കണ്ടെത്താനാണ് ചെന്നൈയില്‍ പോയത്. പക്ഷേ, ഉത്തരം ലഭിച്ചില്ല. അതിനിടെ ടി.വിയില്‍ തെന്റ ഫോട്ടോ കണ്ടു. ഇതോടെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. അതിനിടെ ചിലര്‍ പിടികൂടി.’

ആത്മാവിനെ സ്വതന്ത്രമാക്കാനാണ് കൊല നടത്തിയതെന്ന കേഡലിന്റെ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കേഡലിനെ ഇന്നലെ ഉച്ചയോടെ മെഡി. കോളേജിലെ ഫോറന്‍സിക് വിഭാഗത്തിലെത്തിച്ച് നഖം, ചര്‍മ്മം, മുടി, ഉമിനീര്‍, സ്രവങ്ങള്‍ എന്നിവ ശേഖരിച്ചു. മൃതദേഹങ്ങള്‍ കത്തിക്കുന്നതിനിടെ കേഡലിന്റെ ദേഹത്തുണ്ടായ പൊള്ളലുകള്‍ ശാസ്ത്രീയമായി പരിശോധിച്ച് രേഖപ്പെടുത്തി. ചെന്നൈയില്‍ ഹോട്ടലിലെ ടി.വിയില്‍ തന്റെ ചിത്രവും ഹോട്ടലിനുമുന്നില്‍ പൊലീസുകാരെയും കണ്ടപ്പോള്‍ കുടുങ്ങിയെന്ന് മനസിലാക്കി കീഴടങ്ങാനാണ് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയതെന്നും കേഡല്‍ വെളിപ്പെടുത്തി.

താന്‍കൂടി കൊല്ലപ്പെട്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഡമ്മിയുണ്ടാക്കിയിട്ടില്ലെന്നാണ് കേഡലിന്റെ മൊഴി. ശാരീരികബലം നേടാനായി ജിംനേഷ്യത്തില്‍ പോയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി, കാലുയര്‍ത്തി മുഖത്ത് കിക്ക് ചെയ്യുന്നത് പരിശീലിക്കാനാണ് മുറിയുടെ വശത്തെ ഷെല്‍ഫിനുമുകളില്‍ ഡമ്മി സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയതാണിത്. തീകെടുത്താനെത്തിയ ഫയര്‍ഫോഴ്‌സ് വെള്ളംചീറ്റിയപ്പോള്‍ ഡമ്മി താഴെവീഴുകയായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് പുഞ്ചിരിയോടെയാണ് കേഡല്‍ മറുപടി നല്‍കുന്നത്. പേടിയില്ലെന്ന് ഇടയ്ക്കിടെ പറയുന്നു. പൊലീസിന്റെ ചില ചോദ്യങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ്, കേഡല്‍ തിരുത്തിക്കുന്നുമുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തശേഷം കേഡലിനെ മനഃശാസ്ത്ര പരിശോധനയ്ക്കായി കസ്റ്റഡിയില്‍ വാങ്ങും.

Top