ക്യാന്‍സറിന് വാക്‌സിനുമായി ഗവേഷകര്‍; എലികളില്‍ പരീക്ഷണം വിജയം

ന്യൂയോര്‍ക്ക്: ക്യാന്‍സര്‍ ചികിത്സയില്‍ വലിയ മുന്നേറ്റമാണ് ഗവേഷകര്‍ സാധ്യമാക്കിയിരിക്കുന്നത്. അര്‍ബുദത്തിനെതിരെ വികസിപ്പിച്ച രാസവസ്തു ഉപയോഗിച്ച് ചുണ്ടെലികളിലെ കാന്‍സര്‍ പരിപൂര്‍ണ്ണമായും നീക്കംചെയ്യാന്‍ കഴിഞ്ഞതായാണ് ഗവേഷകര്‍ അവകാശവാദം ഉന്നയിക്കുന്നത്. ചുണ്ടെലികളിലെ പരീക്ഷണം വിജയമായതിനെത്തുടര്‍ന്ന് ഇത് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഗവേഷകര്‍. സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് .ലിംഫോമ കാന്‍സറിനെതിരെ 90 എലികളില്‍ പരീക്ഷണം നടത്തിയപ്പോള്‍ അതില്‍ 87 എണ്ണവും പൂര്‍ണ്ണമുക്തി നേടി. അവശേഷിച്ച മൂന്ന് എലികള്‍ക്ക് രണ്ടാംഘട്ട കുത്തിവെപ്പ് നല്‍കും. രാസസംയുക്തം കുത്തിവെച്ചപ്പോള്‍ കാന്‍സര്‍ ബാധിത കോശങ്ങളെ അത് നശിപ്പിക്കുന്നതായി പരീക്ഷണത്തില്‍ തെളിഞ്ഞു. ‘വളരെ സൂക്ഷ്മമായ അളവില്‍ രണ്ട് പ്രതിരോധ വര്‍ധക ഏജന്റ് (ഇമ്മ്യൂണ്‍ സ്റ്റിമുലേറ്റിങ് എജന്റ്‌സ്) കാന്‍സര്‍ മുഴകളിലേക്ക് കുത്തിവെച്ചായിരുന്നു പരീക്ഷണം. ഈ രണ്ട് ഏജന്റുകളെ ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ശരീരമാസകലമുള്ള മുഴകള്‍ അപ്രത്യക്ഷമാവുന്ന കാഴ്ച്ചയാണ് ഉണ്ടായത്’, സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഓങ്കോളജി പ്രൊഫസര്‍ റൊണാള്‍ഡ് ലെവി പറയുന്നു. വ്യത്യസ്തമായ പലയിനം കാന്‍സറുകളില്‍ നിന്ന് പരിപൂര്‍ണ്ണ മുക്തി നേടാന്‍ സഹായിക്കുന്നതാണ് ഈ ‘വാക്‌സിന്‍’ എന്ന് ഗവേഷകര്‍ കരുതുന്നു. ഇതില്‍ ഒരു സംയുക്തം മനുഷ്യരില്‍ പ്രയോഗിക്കാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ആദ്യം പരീക്ഷണം 15 രോഗികളിലാണ് നടത്തുന്നത്. മനുഷ്യരിലും പരീക്ഷണം വിജയമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Top