‘എല്ലാറ്റിനും മറുപടി നല്‍കിയാല്‍ സഭ തന്നെ വീണുപോകും’: വൈദികരുടെ സമരത്തിനെതിരെ കര്‍ദിനാള്‍ ആലഞ്ചേരി

കൊച്ചി: സിറോ മലബാര്‍ സഭയില്‍ വൈദികര്‍ നടത്തിയ നിരാഹാര സമരത്തിനെതിരെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി രംഗത്തെത്തി. കേരള കാതോലിക്കാ കോണ്‍ഗ്രസ് പ്രതിനിധികളുടെ യോഗത്തില്‍ ആലഞ്ചേരി പൊട്ടിത്തെറിച്ചു. സമരം ചെയ്ത വൈദികര്‍ സഭയെ വേദനിപ്പിച്ചെന്നും സമരം ചെയ്ത വൈദികര്‍ക്ക് മറുപടി നല്‍കാത്തത് സഭയെ ഓര്‍ത്ത് മാത്രമാണ്, എല്ലാറ്റിനും മറുപടി നല്‍കിയാല്‍ സഭ തന്നെ വീണുപോകുമെന്നും ആലഞ്ചേരി പറഞ്ഞു.

കോലം കത്തിക്കലും പ്രകടനവുമെല്ലാം രാഷ്ട്രീയ സമരപരിപാടികളാണ്. ഇത്തരം സമരരീതി സഭയ്ക്ക് യോജിച്ചതല്ല. അതേസമയം പ്രതിഷേധിച്ചവരെ തള്ളിക്കളയരുതെന്നും അവര്‍ തിരിച്ചു വരുമെന്നും, വൈദികരെ സിനഡ് തിരുത്തുമെന്നും ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. സഭയ്ക്ക് ദോഷം വരണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല. പ്രതിഷേധം ഉയര്‍ത്തിയ വിമത വൈദികരില്‍ പലര്‍ക്കും കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ട്, ചെറിയ ഒരു വിഭാഗത്തിനു മാത്രമാണ് ഇപ്പോഴും പ്രതിമഷധം ബാക്കിയുള്ളതെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അനിശ്ചിതകാല ഉപവാസ പ്രാര്‍ത്ഥനാ സമരം നടത്തിവന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ സ്ഥിരം സിനഡിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ശനിയാഴ്ച സമരം പിന്‍വലിച്ചത്. വ്യാജരേഖ കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി സത്യം കണ്ടെത്തണമെന്നും ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ നിലപാട് എടുത്ത വൈദികര്‍ക്കെതിരെ വൈരാഗ്യ നടപടികള്‍ പാടില്ലെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഭൂമി ഇടപാടിലെ കുറിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യമാണ് വൈദികര്‍ മുന്നോട്ടുവച്ച മറ്റൊരു പ്രധാന ആവശ്യം.

എന്നാല്‍ ഓഗസ്റ്റില്‍ നടക്കുന്ന സമ്പൂര്‍ണ സിനഡില്‍ അധ്യക്ഷത വഹിക്കുന്നതില്‍ നിന്ന് കര്‍ദിനാളിനെ ഒഴിവാക്കണമെന്നും പകരം മാര്‍പാപ്പയുടെ പ്രതിനിധി അധ്യക്ഷനാകണമെന്നുമുള്ള വൈദികരുടെ ആവശ്യം അംഗീകരിച്ചില്ല. കാനോനിക ചട്ടങ്ങളനുസരിച്ച് അതിന് കഴിയില്ലെന്ന് സിനഡ് വ്യക്തമാക്കി. സ്ഥിരം സിനഡിന് അധ്യക്ഷത വഹിച്ച ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടനുമാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ സിനഡ് അംഗീകരിച്ചതോടെയാണ് വൈദികര്‍ സമരം അവസാനിപ്പിച്ചത്. വിവാദ ഭൂമി ഇടപാടിലും വ്യാജരേഖാ കേസ് അടക്കമുള്ള വിഷയങ്ങളിലും കര്‍ദിനാളും ഒരു വിഭാഗം വൈദികരും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ് ബിഷപ്പ് ഹൗസിനു മുന്നില്‍ അസാധാരണ സംഭവവികാസങ്ങള്‍ക്കും, പരസ്യസമരത്തിലേക്കും വഴിതുറന്നത്.

Top