ശശീന്ദ്രനെതിരെ ഗൂഢസംഘം: ഹൈക്കോടതിയിലെ പരാതിക്കാരി സാധാരണ സ്ത്രീ; പിന്നില്‍ കളിക്കുന്നത് ഉന്നതന്‍

തിരുവനന്തപുരം: മന്ത്രി ശശീന്ദ്രനെതിരെ കെണിയൊരുക്കി വീണ്ടും ഗൂഢസംഘമെന്ന് സൂചന. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കേസില്‍ വീണ്ടും വീണ്ടും കോടതിയെ സമീപിക്കുന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദം പുകയുന്നത്. ആദ്യം സിജെഎം കോടതിയിലും പിന്നീട് ഹൈക്കോടതിയെയും സമീപിച്ച മഹാലക്ഷ്മി എന്ന വ്യക്തിക്ക് പിന്നില്‍ ഗൂഢശക്തികള്‍ ഉണ്ടെന്ന വാദം ബലപ്പെടുന്നു.

മഹാലക്ഷ്മി നല്‍കിയിട്ടുള്ള വിലാസം വ്യാജമാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് എന്‍സിപിയിലും എല്‍ഡിഎഫിലും ഇതു വിവാദത്തിനു കാരണമായത്. മഹാലക്ഷ്മിക്കു പിന്നില്‍ ആരെന്ന തര്‍ക്കം മുറുകുകയാണ്. തീര്‍ത്തും സാധാരണക്കാരിയായ ഈ സ്ത്രീ ഉന്നത അഭിഭാഷകരെ വച്ചു കേസ് നടത്തുന്നതെങ്ങനെയെന്നും ഇതിനുപിന്നില്‍ ആരാണെന്നും ചോദ്യം ഉയര്‍ന്നു. ശശീന്ദ്രനു പിന്നാലെ മന്ത്രിസ്ഥാനം പോയ എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ പഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്ന ബി.വി. ശ്രീകുമാറിന്റെ വീട്ടിലെ സഹായിയായിരുന്നു ഇവരെന്ന റിപ്പോര്‍ട്ടാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ വിശ്വസ്തനാണു ശ്രീകുമാറെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു. എന്‍സിപിയുടെ രണ്ട് എംഎല്‍എമാരും കേസില്‍പെട്ടതോടെ ഗണേഷിനെ മന്ത്രിയാക്കാനുള്ള നീക്കം എന്‍സിപി നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ഇടമലയാര്‍ കേസില്‍ ഉള്‍പ്പെടെ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനാണു മഹാലക്ഷ്മിക്കു വേണ്ടി ഹാജരായതെന്നും ഗണേഷിനെതിരെ വിരല്‍ചൂണ്ടുന്നവര്‍ ആരോപിക്കുന്നു.

എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതി അംഗം പ്രദീപ് പാറപ്പുറം ഗണേഷിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഇത്തരം സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതും കേരളീയസമൂഹത്തിനു നാണക്കേടുണ്ടാക്കുന്നതുമാണെന്നു പരാതിയില്‍ പ്രദീപ് പറഞ്ഞു. മഹാലക്ഷ്മിയെപ്പോലൊരു വീട്ടമ്മയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണം.

ഗണേഷ്‌കുമാര്‍ എംഎല്‍എ, സര്‍ക്കാര്‍ അഭിഭാഷകന്‍, ഒട്ടേറെ കേസുകളില്‍ പ്രതിയായ എറണാകുളം ജില്ലയിലെ രാഷ്ട്രീയക്കാരന്‍ എന്നിവരുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യമെല്ലാം പുറത്തുവരുമെന്നും പരാതിയില്‍ പറയുന്നു.

Top