മതവിദ്വേഷ പരാമര്‍ശം:വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു.അറസ്‌റ്റിനെ ഭയമില്ലെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: മതവിദ്വേഷം നിറഞ്ഞ പരാമര്‍ശം നടത്തിയതിന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരം വെള്ളാപ്പള്ളിക്കെതിരെ കേസടുക്കാന്‍ ആലുവ പോലീസിന് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി.ഇതുസംബന്ധിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍, ടി.എന്‍.പ്രതാപന്‍ എം.എല്‍.എ. എന്നിവരുടെ പരാതികളെത്തുടര്‍ന്നാണ് നടപടിയെന്ന് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനകളും മാധ്യമവാര്‍ത്തകളുംകൂടി പരിഗണിച്ചാണ് നടപടി.

അതേസമയം വര്‍ഗീയമായ പ്രസ്‌താവനയുടെ പേരിലാണെങ്കില്‍ ആദ്യം അറസ്‌റ്റ്‌ ചെയ്യപ്പെടേണ്ടത്‌ മറ്റു പലരുമാണെന്ന്‌ വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍, സി.പി.എം. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ എന്നിവര്‍ക്കെതിരേ ശബ്‌ദിക്കാത്തവരാണ്‌ തനിക്കെതിരേ കേസെടുക്കാന്‍ ഒരുങ്ങുന്നതെന്നും അറസ്‌റ്റിനെ ഭയമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമത്വ മുന്നേറ്റ യാത്രയ്‌ക്ക്‌ കോട്ടയത്തു ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവേദിയില്‍ സുവിശേഷപ്രസംഗം നടത്തിയ ജിജി തോംസണെയോ കോടതി വധശിക്ഷ വിധിച്ച യാക്കൂബ്‌ മേമനു വേണ്ടി വാദിച്ച പ്രകാശ്‌ കാരാട്ടിനെയോ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കാന്തപുരത്തെയോ അറസ്‌റ്റ്‌ ചെയ്യാനോ കേസെടുക്കാനോ ആര്‍ക്കും ചങ്കൂറ്റമില്ല. സാമൂഹികനീതിക്കു വേണ്ടി വാദിച്ചാല്‍ മതവിദ്വേഷമാകുമെന്നാണ്‌ ചിലര്‍ പ്രചരിപ്പിക്കുന്നത്‌. ശംഖുമുഖം കടപ്പുറത്ത്‌ അഞ്ചിനു നടക്കുന്ന സമ്മേളനത്തില്‍ തന്നെ പങ്കെടുപ്പിക്കില്ലെന്ന്‌ ചിലര്‍ ശപഥം ചെയ്‌തിരിക്കുകയാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിലപ്പോള്‍ സെന്‍ട്രല്‍ ജയിലിലിരുന്നാകാം അന്നത്തെ സന്തോഷത്തില്‍ താന്‍ പങ്കുചേരുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെയും പ്രസ്‌ഥാനത്തിന്റെയും ചോര കുടിച്ചേ തീരൂ എന്ന രീതിയിലാണ്‌ ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. പറഞ്ഞിട്ടില്ലാത്ത കാര്യം പറഞ്ഞെന്നു പ്രചരിപ്പിച്ചാണ്‌ വര്‍ഗീയത പറയുന്ന ആളായി ചിത്രീകരിക്കുന്നത്‌. കോഴിക്കോട്‌ സംഭവത്തില്‍ നൗഷാദ്‌ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു, സഹായം ലഭിച്ചത്‌ നൗഷാദിന്റെ കുടുംബത്തിനു മാത്രമാണ്‌. മലപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ ഹാന്‍ഡ്‌ ബോള്‍ ടീമിലെ മൂന്ന്‌ അംഗങ്ങള്‍ മരിച്ചപ്പോള്‍ ആരും സഹായവുമായി ഓടിയെത്തിയില്ല. സര്‍ക്കാരിന്റെ ധനസഹായ വിതരണ കാര്യത്തില്‍ പോലും ഭൂരിപക്ഷ, ന്യൂനപക്ഷ താല്‍പ്പര്യങ്ങള്‍ നോക്കുന്നു എന്നാണു പറഞ്ഞത്‌. അതു പറയുന്നതിന്റെ പേരില്‍ വര്‍ഗീയവാദിയും പ്രവീണ്‍ തൊഗാഡിയയുമൊക്കെ ആക്കുകയാണ്‌. 1500 പേര്‍ക്കു സൗജന്യ ശസ്‌ത്രക്രിയ നടത്തിയിട്ടുള്ളയാളാണ്‌ തൊഗാഡിയ. വിമര്‍ശനമുന്നയിക്കുന്ന വി.എം. സുധീരന്‍ എത്രപേരെ ചികിത്സിച്ചിട്ടുണ്ട്‌?

കോഴിക്കോട്ട് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ നൗഷാദിന് സര്‍ക്കാര്‍സഹായം പ്രഖ്യാപിച്ചതിനെതിരെയായിരുന്നു ആലുവയില്‍ സമത്വമുന്നേറ്റയാത്രയുടെ സ്വീകരണച്ചടങ്ങില്‍ വെള്ളാപ്പള്ളി വിവാദപ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായതോടെയാണ് കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
പോലീസ് അന്വേഷണത്തിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.എന്നാല്‍, ഇതിന്റെ പേരില്‍ വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്ര തടയാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. വര്‍ഗീയത ആളിക്കത്തിക്കാനാണ് ശ്രമമെങ്കില്‍ തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കും. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കെതിരെ വി.എസ്. നല്‍കിയ പരാതി െക്രെംബ്രാഞ്ച് അന്വേഷിക്കുകയാണ്. ഇതെത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.പി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ലഭിച്ച ഒറ്റപ്പെട്ട പരാതികളും അന്വേഷിക്കുന്നുണ്ട്.

അപകടത്തില്‍പ്പെടുമ്പോഴും ജാതിയും മതവും ചോദിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല. ജാതിസ്​പര്‍ദ്ധ സൃഷ്ടിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ഒരുകാലത്തുമില്ലാത്ത വര്‍ഗീയപ്രചാരണമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേരളം ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തവിധമുള്ള വര്‍ഗീയവിഷമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയിലെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.

വെള്ളാപ്പള്ളിയുടെ പ്രസ്താവന മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വെറുപ്പും മതവിദ്വേഷവും സ്​പര്‍ധയും വളര്‍ത്തുമെന്നും വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്നും വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമവാഴ്ചയേയും നീതിവ്യവസ്ഥയേയും അദ്ദേഹം വെല്ലുവിളിക്കുകയാണ്. സാമൂഹികാന്തരീക്ഷം സംഘര്‍ഷഭരിതമാക്കാനുള്ള നീക്കമാണിതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന ഹീനവും നിഷ്ഠുരവുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും ആരോപിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ തുടങ്ങിയവരും വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്നിരുന്നു. അതേസമയം, ബി.ജെ.പി. നേതാക്കള്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് മൃദുസമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

Top