ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിന് എതിരെ കേസ് എടുത്തു. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകന്‍ ദീപുവിന്‍റെ സംസ്ക്കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് കേസ്.
സാബുവിന് പുറമെ ആയിരത്തോളം പേര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. സംസ്കാര ചടങ്ങിൽ പങ്കെടുത്തവരിൽ ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന് സംഭവിച്ചത് ആസൂത്രിത കൊലപാതകമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് ആരോപിച്ചിരുന്നു. മുന്‍കൂട്ടിയാണ് സംഘം ദീപുവിനെ ആക്രമിച്ചത്.
ഇത് അദൃശ്യമായ സംഭവമല്ല. പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് വ്യക്തമാക്കിയിരുന്നു.
പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമാണ് ഇത്. പുറത്തേക്ക് യാതൊരു പരിക്കും ഏറ്റില്ല. ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്.
വാർഡ് മെമ്പർ സ്ഥലത്ത് എത്തുമ്പോൾ ദീപുവിനെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം ദീപുവിന്റെ പോസറ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കിഴക്കമ്പലത്ത് സംഘര്‍ഷം ഉണ്ടായിട്ടില്ലന്നും ലിവര്‍ സിറോസിസ് മൂലമാണ് ദീപു മരിച്ചതെന്നുമാണ് പി വി ശ്രീനിജിന്‍ എംഎല്‍എയും സിപിഎം നേതാക്കളും പറഞ്ഞിരുന്നത്. എന്നാല്‍, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ ഇത് തെറ്റെന്ന് തെളിഞ്ഞു.