മനോജ് വധക്കേസില്‍ പി.ജയരാജനെ ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയിലെടുക്കും ?

കണ്ണൂര്‍ :കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍
പി.ജയരാജനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ കസ്റ്റഡിയിലെടുക്കുമെന്ന് സിബിഐ നല്‍കുന്ന സൂചന. രണ്ടുവട്ടം നോട്ടീസ് നല്‍കിയതിനാല്‍ ഇനി കസ്റ്റഡിയില്‍ എടുക്കാനാണ് സാധ്യത. ഇതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് ജയരാജനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നാണ് സിപിഎം വിശദീകരണം.

ഇന്നലെ രാവിലെ ഹര്‍ജി പരിഗണിച്ച ജഡ്ജി അനില്‍കുമാര്‍ യുഎപിഎ (43ഡി) ആക്ട് പ്രകാരം രജിസ്റ്റ്ര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തളളിയത്. നിലവില്‍ കേസില്‍ പ്രതിയല്ലാത്ത ഒരാള്‍ക്കു മുന്‍കൂര്‍ ജാമ്യമനുവദിക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പി.ജയരാജന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദമുഖങ്ങള്‍ കോടതി പൂര്‍ണ്ണമായും നിരാകരിക്കുകയായിരുന്നു. പി.ജയരാജനു വേണ്ടി അഡ്വ:കെ.വിശ്വന്‍ ഹാജരായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.ജയരാജനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് സിബിഐക്കു മുന്നില്‍ ഹാജരാവാതെ മുന്‍കൂര്‍ ജാമ്യത്തിനു കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 2ന് ജയരാജനെ തിരുവനന്തപുരത്തെ സിബിഐ ആസ്ഥാനത്ത് വിളിപ്പിച്ചു മണിക്കൂറുകളോളം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. എപ്പോള്‍ വിളിച്ചാലും ഹാജരാവണമെന്ന നിബന്ധനയിലായിരുന്നു വിട്ടത്. ഇതിനുശേഷം കേസില്‍ പ്രതിയാകുമെന്ന് ഭയന്ന് തലശേരി സെഷന്‍സ് കോടതിയെ പി.ജയരാജന്‍ സമീപിച്ചിരുന്നു. എന്നാല്‍ ജൂലായ് 7ന് ഇതേ കോടതി മുന്‍കൂര്‍ജാമ്യ ഹര്‍ജി തളളുകയായിരുന്നു. അന്വേഷണം പുരോഗമിച്ചതോടെ കൂടുതല്‍ തെളിവു ലഭിച്ച സിബിഐ ജനുവരി 6 ന് പി.ജയരാജനോടു വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ശാരീരിക അവശത ചൂണ്ടിക്കാട്ടി ഒരാഴ്ച അവധി ചോദിച്ചതിനു ശേഷം കോടതിയില്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷ നല്‍കുകയായിരുന്നു.

സിബിഐ നിലപാട് അറിഞ്ഞ ശേഷമേ അടുത്ത നടപടി തീരുമാനിക്കൂയെന്നാണ് ജയരാജന്റെ അഭിഭാഷകന്‍ പറഞ്ഞത്. മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് മുന്‍പ് ജയരാജന്‍ പറഞ്ഞിരുന്നത്. ഹര്‍ജി രണ്ടാമതും തള്ളിയ സാഹചര്യത്തില്‍ ഇനി ഹൈക്കോടതിയെ സമീപിച്ചാലും സ്ഥിതി വ്യത്യസ്ഥമാവില്ലെന്നാണ് ജയരാജന്റെ ആശങ്ക.
ആര്‍എസ്എസാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്ന പഴയപല്ലവിയാണ് ജയരാജനും പിണറായി വിജയന്‍ അടക്കമുള്ളവരും ആവര്‍ത്തിക്കുന്നത്.

കേസിലെ മൂന്നു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ സ്വദേശികളായ 23 ാം പ്രതി മഹേഷ്, 24ാം പ്രതി സുനില്‍ കുമാര്‍, 25ാം പ്രതി സജിലേഷ് എന്നിവര്‍ക്കാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.50,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഹാജരാക്കണം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളും ജാമ്യത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്‌.

കേസില്‍ ജയരാജനെതിരായ തെളിവുകളെപ്പറ്റി സി.ബി.ഐ കോടതിയില്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ല. ജയരാജനെതിരെയ നടപടികളെപ്പറ്റിയും കോടതിയില്‍ സി.ബി.ഐ ഒന്നും അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ജയരാജനെതിരായ തെളിവുകള്‍ ഒരുഘട്ടത്തിലും കോടതിയില്‍ ഹാജരാക്കാന്‍ സി.ബി.ഐ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം.
സി.ബി.ഐയുടെ തുടര്‍ നടപടിയില്‍ ആശങ്കയില്ലെന്ന് പി.ജയരാജന്‍ പ്രതികരിച്ചു. താന്‍ പ്രതിയല്ലെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്റെ ഭാഗത്തുനിന്ന് തുടര്‍ നടപടി ആവശ്യമില്ല. തനിക്കെതിരെയുള്ള തെളിവും സി.ബി.ഐ നല്‍കിയിട്ടില്ല. ഇതുവരെ സി.ബി.ഐ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. ആറു മണിക്കൂര്‍ തന്നെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

തന്നെ കേസില്‍ കുടുക്കാന്‍ സി.ബി.ഐയുടെ ഭാഗത്തുനിന്ന് ഇനി എന്തെങ്കിലും നീക്കമുണ്ടായാല്‍ എന്തു ചെയ്യുമെന്ന് അപ്പോള്‍ പരിശോധിക്കാം. ആര്‍.എസ്.എസിന്റെ ചിന്തന്‍ ബൈഠക്കിലാണ് രാഷ്ട്രീയ എതിരാളികളെ കേസില്‍ കുടുക്കാനുള്ള ആലോചന ഉണ്ടായിരിക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.ജയരാജന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സി.ബി.ഐ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് വിളിക്കുമ്പോള്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുകയാണെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.ജയരാജനെ സാക്ഷിയായാണ് സി.ബി.ഐ നിരന്തരം വിളിപ്പിക്കുന്നത്. സാക്ഷിയായി വിളിച്ച് പിന്നീട് പ്രതിയാക്കി അറസ്റ്റു ചെയ്യാനാണ് സി.ബി.ഐയുടെ നീക്കം. കോടതിയില്‍ നിന്നുള്ള വിധി പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ സി.ബി.ഐയുടെ വാദം കോടതി എത്രമാത്രം അംഗീകരിച്ചുവെന്ന് ബോധ്യമാകുവെന്ന് ജയരാജന്റെ അഭിഭാഷകന്‍ വിശ്വന്‍ പ്രതികരിച്ചു.

 

Top