തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കെ സിബിഐ അന്വേഷണം വഴിത്തിരിവിലേക്ക്. ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ വയലിനിസ്റ്റ് സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് സിബിഐ. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയവെ സ്റ്റീഫന്‍ ദേവസി ബാലുവിനെ കാണാന്‍ എത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു.ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തീരുമാനിച്ചിരിക്കുന്നത്.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവര്‍ അര്‍ജുനെ സിബിഐ ചോദ്യം ചെയ്തിരുന്നു . തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.രണ്ടു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്.തിരുവനന്തപുരം സിബിഐ എസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ബാലഭാസ്‌കറിന് അപകടം ഉണ്ടായ ദിവസം ആരാണ് വാഹനം ഓടിച്ചത് എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. വാഹനം ഓടിച്ചത് താനല്ലെന്നാണ് ആര്‍ജുന്‍ ആവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തതവരുത്താനാണ് അര്‍ജുനെ ചോദ്യം ചെയ്തത്.
നേരത്തെ ക്രെെംബ്രാഞ്ചിന് നല്‍കിയ മൊഴിയിലും അര്‍ജുന്‍ ഇതു തന്നെയാണ് ആവര്‍ത്തിച്ചത്. എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജുനാണ് വാഹനം ഓടിച്ചതെന്നാണ്. മരിക്കുന്നതിന് മുമ്പ് ഇതേ കാര്യം തന്നെയാണ് ബാലഭാസ്‌കറും പറഞ്ഞത്.
നേരത്തെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സുഹൃത്തും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ മൊഴി സിബിഐയെടുത്തിരുന്നു . ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും. അതേസമയം, ബാലഭാസ്‌കറിന്റെ ബന്ധുവായ പ്രിയ വേണുഗോപാലിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.
കലാഭവൻ സോബിയുടെ മൊഴി സിബിഐ അന്വേഷണ സംഘം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റുള്ളവരുടെ മൊഴി കൂടി രേഖപ്പെടുത്തി കേസിന്റെ അടുത്തഘട്ടത്തിലേക്ക് പോകാൻ തീരുമാനിച്ചത്. ബാലഭാസ്‌കറിന്റെ ബന്ധുക്കൾ അടക്കമുള്ളവർ കൂടുതൽ ദുരൂഹത ഉന്നയിച്ചത് പ്രകാശ് തമ്പിക്കെതിരെയായിരുന്നു. ബാലഭാസ്‌കറും പ്രകാശ് തമ്പിയുമായുള്ള സാമ്പത്തിക ഇടപാടുകൾ അടക്കം ബാലഭാസ്‌കറിന്റെ അച്ഛൻ കെസി ഉണ്ണിയും ബാലഭാസ്‌കറിന്റെ ബന്ധു പ്രിയ വേണുഗോപാലും ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളാണ് സിബിഐ അന്വേഷണ സംഘം പരിശോധിക്കുക. ബാലഭാസ്‌കറിന്റെ അപകടം നടക്കുമ്പോൾ പ്രകാശ് തമ്പി എവിടെയായിരുന്നു, ആശുപത്രിയിലെ അടക്കം കാര്യങ്ങളിൽ പ്രകാസ് തമ്പിയുടെ ഇടപെടൽ എങ്ങനെയായിരുന്നുവെന്നും അന്വേഷണ സംഘം പരിശോധിക്കും.