ഇന്ത്യയുടെ ആത്മാവിനെ മുറിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് അത്മഹത്യാപരം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

അഡ്വ.വി.സി.സെബാസ്റ്റ്യന്‍

ന്യൂഡല്‍ഹി: മതേതരത്വം, ദേശീയത, ജനാധിപത്യം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവെന്നും വരുംതലമുറയിലേയ്ക്ക് ഈ ആത്മാവിനെ പകര്‍ന്നുകൊടുക്കേണ്ടവര്‍ തന്നെ ഇവ മുറിച്ചുമാറ്റുന്നത് ആത്മഹത്യാപരമാണെന്നം ഇത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ 30 ശതമാനം കുറവു വരുത്തുന്നതിന്റെ മറവില്‍ ഒരു തലമുറയെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയമാക്കുന്നത് എതിര്‍ക്കപ്പെടണം. സിലബസ് ലഘൂകരണമല്ല രാഷ്ട്രീയ അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആസൂത്രണം ചെയ്യുന്നത്. സിലബസ് വെട്ടിച്ചുരുക്കല്‍ വിവാദം അനാവശ്യമെന്ന് പറയുന്ന കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ ജനങ്ങളെ വിഢികളാക്കാതെ തിരുത്തല്‍ നടപടികള്‍ക്ക് തയ്യാറാകുകയാണ് വേണ്ടത്.

ലോകത്തിനുമുമ്പില്‍ ഇന്ത്യയെ എക്കാലവും മികവുറ്റതാക്കി ഉയര്‍ത്തിക്കാട്ടുന്നതാണ് ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് ഫെഡറല്‍ സംവിധാനം. ഈ സംവിധാനങ്ങളെക്കുറിച്ചും ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും പഠിച്ചുവളരേണ്ടവരാണ് വരുംതലമുറ. അതിനായി ശ്രമിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ത്തന്നെ ഇവയെ ഇല്ലായ്മ ചെയ്യുന്നത് നീതികേടും വരുംതലമുറയോടുള്ള വഞ്ചനയും വെല്ലുവിളിയും ഭരണഘടനയെ അപമാനിക്കുന്നതുമാണ്. ഏകാധിപത്യത്തിലേയ്ക്ക് രാജ്യത്തെ തള്ളിവിടുന്നതിനുള്ള മുന്നൊരുക്കമാണിതെന്ന് സംശയിക്കപ്പെടുന്നു. വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ സിബിഎസ്ഇയുടെ സിലബസില്‍ പരമപ്രധാനവും രാജ്യത്തിന്റെ സത്തയുള്‍ക്കൊള്ളുന്നതുമായ സുപ്രധാന പഠനഭാഗങ്ങള്‍ ഇല്ലായ്മചെയ്യാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും തീരുമാനം റദ്ദ്‌ചെയ്യണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

 

Top