കൊച്ചി: ഫ്‌ളാറ്റ് കാവല്‍ക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ചും വാഹനം കയറ്റിയും കൊന്ന കേസില്‍ നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറി. ഭര്‍ത്താവ് ചന്ദ്രബോസിനെ ഗേറ്റിലിട്ടും പിന്നീട് റൂമില്‍ വെച്ചും മര്‍ദ്ദിച്ചെന്ന് മൊഴി നല്‌കിയ ഇവര്‍ വിചാരണവേളയില്‍ അപകടമാണെന്ന മൊഴിയാണ് നല്‍കിയത്. മുമ്പ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കും മജിസ്‌ട്രേറ്റിനും മുന്നില്‍ നല്‍കിയ മൊഴിയില്‍ നിന്നും വ്യത്യസ്‌തമായ നിലപാടാണ് അവര്‍ ഇപ്പോള്‍ സ്വീകരിച്ചത്. നിസാമിന് അനുകൂലമായ മൊഴി നല്‍കിയ അമല്‍ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഉദയഭാനു കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി ഇവര്‍ കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയിലായിരുന്നു അമല്‍ ഉള്‍പ്പെട്ടിരുന്നത്. അമലിന്റെ ആവശ്യ പ്രകാരം രഹസ്യ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്.
ബുധനാഴ്ച ഇവര്‍ വിചാരണക്കായി കോടതിയില്‍ എത്തിയിരുന്നുവെങ്കിലും കോടതിയില്‍ ഹാജരാകാതെ മടങ്ങിയിരുന്നു. മാനസികമായി തകര്‍ന്ന അവസ്ഥയിലായതിനാല്‍ കോടതിയില്‍ ഹാജരാകുന്നതു നീട്ടിനല്‍കണമെന്ന് ഇവര്‍ക്കുവേണ്ടി അഡ്വ. കെ.ഡി. ബാബു കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. ഇക്കാര്യം പരിശോധിക്കാന്‍ കുറച്ചു സമയത്തേക്കു കോടതി പിരിഞ്ഞു. ഉച്ചയ്ക്കു മുമ്പേ കോടതി വീണ്ടും കൂടിയപ്പോഴും ഇവര്‍ എഴുന്നേറ്റുനില്‍ക്കാന്‍പോലും പറ്റാത്ത സ്ഥിതിയിലാണെന്നു റിപ്പോര്‍ട്ട് ലഭിച്ചു. ഇതോടെ അമലിനെ വിസ്തരിക്കുന്നതു വ്യാഴാഴ്ചയിലേക്കു മാറ്റുകയായിരുന്നു.
ഒക്ടോബര്‍ 29 ന് അമല്‍ കോടതിയില്‍ സാക്ഷിവിസ്താരത്തിനായി എത്തിയിരുന്നു. മറ്റു സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകാത്തതിനാല്‍ മടങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ കോടതിയില്‍ ഹാജരാകേണ്ട നവംബര്‍ അഞ്ചിനു അസുഖമായതിനാല്‍ ഹാജരാകാനായില്ല. തിങ്കളാഴ്ച വീണ്ടും ഹാജരായപ്പോള്‍ മറ്റൊരു സാക്ഷിയുടെ വിസ്താരം നടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇതു ബുധനാഴ്ചത്തേക്കു മാറ്റിയിരുന്നത്.