മലയാളത്തിലെ അഭിനയ കുലപതിയാണ് സത്യന്‍ മാഷ്. അഭിനയം എന്തെന്ന് മലയാളികളെ പഠിപ്പിച്ചത് സത്യനായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. സത്യന് ദേശീയ അവരാ#്ഡ് ലഭിക്കാത്തത് ദേശീയ പുരസ്‌കാരത്തിന്റെ നഷ്ടമാണെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിലാണ് സത്യന്‍ ജനിച്ചത്. അതിനാല്‍ തന്നെ അയിത്തത്തിന്റെയും അവഗണനയുടേയും കടമ്പകള്‍ കടന്നാണ് മഹാ നടനായി അദ്ദേഹം വളര്‍ന്നത്.
അയിത്തത്തിനെതിരെ പോരാടിയ സത്യനെ ഓര്‍മ്മിക്കുകയാണ് സത്യന്റെ വിദ്യാര്‍ത്ഥിയായിരുന്ന വ്യക്തിയുടെ മകന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പിലാണ് സത്യന്‍ അയിത്തത്തെയും അക്കാലത്ത് നിലനിന്ന ആചാരങ്ങളെയും എതിര്‍ത്ത കഥ ചന്ദ്രപ്രകാശ് എന്ന വ്യക്തി പങ്കുവയ്ക്കുന്നത്.
കുറിപ്പിൻ്റെ പൂർണ്ണരൂപം:

ചിത്രത്തിലെ ഒരാളെ ലോകം അറിയും.രണ്ടാമത്തെയാൾ എന്റെ പിതാവായ കെ.സദാശിവൻ. സത്യൻമാഷും അച്ഛനും തമ്മിലുള്ള ബന്ധം എന്താണന്നല്ലേ? എന്റെ പിതാവിന്റെ ആദ്യ അദ്ധ്യാപകൻ. ആറാമട വിദ്യാലയത്തിലെമാഷ്. നീണ്ട വർഷങ്ങൾ പഴക്കമുള്ള ആ അയിത്ത കഥ അച്ഛൻ പലകുറി എന്നോടും മറ്റു പലരോടും പറഞ്ഞത് ഇന്നും ചെവിയിൽ മുഴങ്ങുന്നു.
അയിത്തക്കാർക്ക് പഠനം അന്യമായകാലം.. സത്യൻ മാഷിനെ പോലെ നാലക്ഷരം പഠിച്ചവർ വിരളം. സത്യൻ മാഷ് അന്നത്തെ ഉയർന്ന വിദ്യാഭ്യാസമായ വിദ്വാൻ പരീക്ഷ പാസ്സായി. ആദ്യജോലി അദ്ധ്യാപകവൃത്തി.തുടർന്ന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ, പട്ടാളക്കാരൻ, ഇൻസ്പെക്ടർ.. അവസാനമാണ് സിനിമാഭിനയം തൊഴിലാക്കിയത്.. കാര്യത്തിലേക്ക് വരാം.. എന്റെ പിതാവിന്റെ സ്കൂൾ വേഷം കോണകം മാത്രമായിരുന്നു. മേൽവസ്ത്രം ഇല്ല. സവർണ വിദ്യാർത്ഥികളുടേത് ഒറ്റ തോർത്ത്.ഈ യൂണിഫോമിൽ നടന്ന് സ്കുളിൽ എത്തും. പഠനത്തിൽ സവർണ വിദ്യാർത്ഥികളേക്കാൾ അല്പം മിടുക്കനായിരുന്നതിനാൽ മാഷിന്റെ കണ്ണിലുണ്ണി. ഒരു ദിവസം സത്യൻ മാഷ് അച്ഛനെ ഉപദേശിച്ചു.. സദാശിവനും തോർത്തുടുക്കണം. അച്ഛനത് വീട്ടിൽ പറഞ്ഞു. ഭയന്ന വീട്ടുകാർ ആവശ്യം തള്ളി.
പിറ്റേന്നും അച്ഛൻ കോണകത്തിൽ സ്ക്കൂളിൽ എത്തി.. സാഹചര്യം മനസ്സിലാക്കിയ സത്യൻ മാഷ് സ്കൂൾ അവസാനിച്ച ആ ദിവസം അച്ഛന് ഒരു തോർത്ത് മുണ്ട് സമ്മാനിച്ചു.. മാഷ് തന്നെ ധരിപ്പിച്ചു… തിരുമലമുക്കിൽ വച്ച് സവർണ കുട്ടികൾ അച്ഛന്റെ തോർത്ത് മുണ്ട് ഉരിഞ്ഞെടുത്തു..അരിശം തീരാതെ കോണകവും വലിച്ചഴിച്ചു… ഒരുവിധം അന്ന് വീട്ടിലെത്തി.. പിന്നെ കുറെ നാൾ സ്കൂളിൽ പോയില്ല…. മാഷിനോട് എന്ത് സമാധാനം പറയും… തോർത്ത് നഷ്ടമായിരിക്കുന്നു.. പഠനം ഏതാണ്ട് ഉപേക്ഷിച്ച ഘട്ടത്തിൽ ആരുടേയോ പ്രേരണയാൽ വീണ്ടും സ്കൂളിൽ എത്തി..
പഴയ വേഷം.. കാര്യങ്ങൾ മാഷിനെ ധരിപ്പിച്ചു… തോർത്ത് ഉരിഞ്ഞ കുട്ടികൾക്ക് മാഷ് വക ചെറിയ ശിക്ഷ.. വീണ്ടും മാഷിന്റെ വക രണ്ടാം തോർത്ത്.. പിന്നെ ആ തോർത്ത് ആരും ഉരിഞ്ഞിട്ടില്ല.. നാലഞ്ച് പേരോട് എതിരിട്ട് മുണ്ട് നിലനിർത്താൻ അച്ഛൻ പരിശീലിച്ച് കഴിഞ്ഞിരുന്നു………..
ആചാരം നിലനിർത്താൻ… പെടാപ്പാട് പെടുന്നവർ ഇതൊക്കെ അറിയണം.. ചരിത്രത്തിന്റെ പിന്നാംപുറങ്ങളിൽ ഒന്ന് കണ്ണോടിക്കണം……. സത്യൻ മാഷിന്റെ വിരലിലെണ്ണാവുന്ന സിനിമകൾ അച്ഛനൊപ്പമാണ് ആദ്യമായി കാണുന്നത്… പാങ്ങോട്ടെ ഗാരിസൺ…പേട്ട കാർത്തികേയ എന്നീ കൊട്ടകകളിൽ…….സത്യൻ മാഷ് സ്ക്രീനിൽ തെളിയുമ്പോൾ അച്ഛൻ ഇരിപ്പടത്തിൽ നിന്നും അല്പം ഉയർന്ന് ആദരവ് കാട്ടി ഇരിക്കുമായിരുന്നു…
ആദ്യമായി വീട്ടിൽ Tv വാങ്ങിയപ്പോഴും കസേരയിൽ നിന്നും എണീറ്റ് വണങ്ങി സത്യൻ സിനിമകൾ കാണുന്ന അച്ഛനെ ഞാൻ കൗതുകത്തോടെ നോക്കിക്കണ്ടു………… സത്യൻ മാഷ് മരിച്ചു… ഞാൻ അന്ന് ചെറിയ കുട്ടി…. സംസ്കാരം പാളയംLMS പള്ളിയിൽ…. അച്ഛന്റെ കൈ പിടിച്ച് ചടങ്ങിൽ ഞാനും സംബന്ധിച്ചു… വലിയ പുരുഷാരം….. ജനപ്രളയം…. അച്ഛനെന്നെ തോളിൽ എടുത്തിരുത്തി…….. ഞാൻ പേട്ടയിലെ LP സ്കൂളിൽ ആദ്യം പോയതുതന്നെ നല്ല വേഷവിധാനത്തോടെ……… ആചാരം മാറി… ഇനിയും മാറണം ആചാരങ്ങൾ….. മാറാത്തവ മാറ്റണം…… ക്ഷേത്രാചാരങ്ങൾ ഉൾപ്പടെ….. സത്യൻ മാഷിനും അച്ഛനും ആദരാഞ്ജലികൾ…! ! !


