തിരുവനന്തപുരം: ചന്ദ്രനോട് കൂടുതല്‍ അടുത്ത് ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം. നിര്‍ണായകമായ ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടല്‍ പ്രക്രിയ നാളെയാണ്.
ചന്ദ്രോപരിതലത്തില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് ചെയ്യുക ഈ മാസം 23 നാണ്. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തലാണ് ഇന്നു നടന്നത്. ഇത് പൂര്‍ത്തിയായതോടെ ലാന്‍ഡറുംപ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പിരിയുന്നതിനായുള്ള നടപടികള്‍ക്ക് ഐഎസ്ആര്‍ഒ തുടക്കമിട്ടു.
നിലവില്‍ ചന്ദ്രനില്‍ നിന്ന് 163 കിലോമീറ്റര്‍ അകലെയാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്നു വേര്‍പെടുന്ന ലാന്‍ഡര്‍ പതിയെ താഴ്ന്നു തുടങ്ങും. 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണ് നടപടികള്‍ പുരോഗമിക്കുന്നത്.
ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍3, 22ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.