ന്യുഡല്‍ഹി: സാങ്കേതിക തകരാറുകൾ പരിഹരിച്ച ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ‘ചന്ദ്രയാന്‍-2’ ഈ മാസം 22ന് തിങ്കളാഴ്ച വിക്ഷേപിക്കും. ഉച്ചകഴിഞ്ഞ് 2.43ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കുകയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഈ മാസം 15ന് നടത്താനിരുന്ന ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഐഎസ്ആര്‍ഒ മാറ്റിവച്ചിരുന്നു.
ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റിലെ തകരാറുകള്‍ പൂര്‍ണമായും പരിഹരിച്ചതിനു ശേഷമുള്ള സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയായതായി ഐ.എസ്..ആര്‍.ഒ ട്വീറ്റ് ചെയ്തിരുന്നു. മാര്‍ക്ക് 3ന്റെ് ക്രയോജനിക് സ്‌റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചത്. ചൈറിയ തകരാര്‍ ആണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ തകരാര്‍ പരിഹരിക്കുകയും ചെയ്തിരുന്നു.
ഇന്നലെ നടത്തിയ സുരക്ഷാ പരിശോധനയ്ക്കു ശേഷം പിഴവ് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പുതുക്കിയ വിക്ഷേപണ തീയതി നിശ്ചയിച്ചത്. 1000 കോടി രൂപ മുടക്കിയാണ് ചന്ദ്രയാന്‍-2 ദൗത്യത്തിന് തയ്യാറെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും അവശേഷിക്കേയാണ് ദൗത്യം മാറ്റിവച്ചത്.