കോഴിക്കോട്: ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ മുസ്‌ലിം ലീഗില്‍ വലിയ കോളിളക്കങ്ങളാണ് ഇപ്പോഴുണ്ടാക്കിയിരിക്കുന്നത്.
മുസ്ലീംലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിനായി രണ്ടുതവണ പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാനില്ലെന്ന് ജീവനക്കാരുടെ പരാതി. 2016-17ല്‍ പിരിച്ച 16.5 കോടിയും 2020ല്‍ പിരിച്ച തുകയും കാണാനില്ലെന്നാണ് ജീവനക്കാരുടെ ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്. 2021 മെയ് മാസത്തിലാണ് ഇതുസംബന്ധിച്ച് ജീവനക്കാര്‍ ലീഗ് നേതൃത്വത്തിന് കത്തുനല്‍കിയത്. ചന്ദ്രികയുടെ കണ്ണായ ഭൂമി ആരുമറിയാതെ വിറ്റെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഹരജിയുടെ പൂര്‍ണ രൂപം വായിക്കാം.
ചന്ദ്രിക നിലച്ചുപോവാതിരിക്കാന്‍ അടിയന്തര ശ്രദ്ധയും ഇടപെടലും അഭ്യര്‍ഥിച്ച് ജീവനക്കാര്‍ സമര്‍പ്പിക്കുന്ന ഹരജി – കെ.യു.ഡബ്‌ള്യു.ജെ – കെ.എന്‍.ഇ.എഫ് ചന്ദ്രിക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി
ബഹുമാന്യരെ,
മുസ്‌ലിം ലീഗിന്റെ മുഖപത്രം എന്ന നിലയില്‍ മാത്രമല്ല സമുദായത്തിന്റെ ശബ്ദം എന്ന നിലയിലും ചന്ദ്രിക അതിന്റെ ഉത്തരവാദിത്വം മികച്ച നിലയില്‍ നിര്‍വഹിച്ചുപോരുന്നുണ്ട്. മറ്റുള്ളവര്‍ക്കുള്ള സന്ദേശങ്ങളും നിലപാടുകളും ആധികാരികമായി സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച് എട്ടര പതിറ്റാണ്ടിലേറെ കാലം തലയെടുപ്പോടെ നിറസാന്നിധ്യമായി. സവിശേഷ സാഹചര്യത്തില്‍ ആ യാത്രയും ദൗത്യവും ഇനിയും തുടരേണ്ടതുണ്ട്.
ധാര്‍മികതയുടെയും സത്യസന്ധതയുടെയും നീതിയുടെയും അടിത്തറയിലാണ് ചന്ദ്രിക പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും മുസ്‌ലിം ലീഗിന്റെ സ്ഥാപക നേതാക്കള്‍ പടുത്തുയര്‍ത്തിയത്. ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, സീതി സാഹിബ്, സി.എച്ച്. മുഹമ്മദ് കോയ സാഹിബ്, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയ മഹാരഥരായ നേതാക്കള്‍ അവരുടെ മഹദ്ജീവിതം കൊണ്ട് നട്ടുനനച്ച് വളര്‍ത്തിയ ചന്ദ്രിക കേരളത്തിലെ മുസ്ലിം സമൂഹത്തിനും ഇതരര്‍ക്കും പകര്‍ന്നുനല്‍കിയ ജ്ഞാനവും ഇച്ഛാശക്തിയും എല്ലാ സീമകള്‍ക്കും അപ്പുറത്താണ്.
എന്നാല്‍ എട്ടര പതിറ്റാണ്ടിന്റെ സമ്പന്നമായ ചരിത്ര പാരമ്പര്യമുള്ള ചന്ദ്രികയുടെ നില കഴിഞ്ഞ പത്തു വര്‍ഷമായി വളരെ പരിതാപകരമാണ് എന്ന് മാത്രമല്ല ഭാവി ആശങ്കയിലുമാണ്. നടത്തിപ്പിലെ കെടുകാര്യസ്ഥതയും പാര്‍ട്ടി നിയന്ത്രണത്തിന്റെ അപര്യാപ്തതയും പത്രത്തിന്റെ പുരോഗതി തന്നെ ഇല്ലാതാക്കി.ബഹുമാനപ്പെട്ട മങ്കട അസീസ് മൗലവിയും കോഴിശ്ശേരി അബ്ദുല്‍ ഖാദറുമൊക്കെ തലപ്പത്തിരുന്ന കാലത്ത് ചന്ദ്രികയുടെ പുരോഗതിയും ജീവനക്കാരുടെ ക്ഷേമവും അവകാശവും സംരക്ഷിക്കുന്നതിനും അങ്ങേയറ്റം ശ്രദ്ധാലുക്കളായിരുന്നു. ടി.പി. ചെറൂപ്പയും കക്കോടന്‍ മുഹമ്മദും പത്രത്തിന്റെ ചുമതലക്കാരായി വന്നെങ്കിലും അവസാന കാലത്ത് സ്ഥിതി വഷളായി. ഈ ഘട്ടത്തിലാണ് പി.എം.എ. സമീര്‍ ഫിനാന്‍സ് ഡയറക്ടറായി രംഗത്ത് വരുന്നത്.
മാധ്യമ മേഖലയുമായി ഒരു ബന്ധവും ഇല്ലാത്തയാളായിരുന്നു ഇദ്ദേഹമെന്നത് ഏതാനും മാസങ്ങള്‍ കൊണ്ട് തന്നെ തെളിയിച്ചു. ഫിനാന്‍സ് ഡയറക്ടറായി പി.എം.എ. സമീര്‍ ചുമതലയേറ്റതു മുതല്‍ ചന്ദ്രികയുടെ അക്കൗണ്ടും ഫയല്‍ സിസ്റ്റവുമെല്ലാം ഇദ്ദേഹം ചന്ദ്രികയ്ക്ക് പുറത്ത് ഒരു സമാന്തര ഓഫീസ് സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. കോഴിക്കോട് തൊണ്ടയാടില്‍ പ്രവര്‍ത്തിക്കുന്ന ആഷിഖ് സമീര്‍ അസോസിയേറ്റ് എന്ന സമീറിന്റെ സ്വകാര്യ ഓഫീസില്‍ നിയമിച്ച ആള്‍ക്ക് ചന്ദ്രികയില്‍ നിന്ന് മാസ ശമ്പളം നല്‍കുന്ന അവസ്ഥ വരെ ഉണ്ടായി.
ചന്ദ്രികയുടെ സര്‍ക്കുലേഷന്‍ വിഭാഗം അറിയാതെ വരിക്കാരെ ചേര്‍ത്ത് സംഖ്യ വാങ്ങിയെടുക്കുന്ന രീതി പോലും സ്വീകരിച്ചു! ഇപ്പോള്‍ പരസ്യ കുടിശ്ശിക പിരിക്കുന്നതും ഈ സ്ഥാപനത്തിലെ സ്റ്റാഫുകളാണ്. അത് ചന്ദ്രികയിലെത്തുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്. ഇതൊന്നും മറ്റു പത്രസ്ഥാപനത്തില്‍ നടക്കില്ല!
ബഹുമാനപ്പെട്ട പാണക്കാട് കുടുംബത്തെയും മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തെയും ചന്ദ്രികയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ചും വ്യാജ കണക്കുകള്‍ ഉണ്ടാക്കി സമാന്തര ഓഫീസ് സംവിധാനത്തില്‍ ചന്ദ്രികയുടെ മഹിത പാരമ്പര്യത്തെ നശിപ്പിക്കുന്ന സാഹചര്യത്തില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ചന്ദ്രികയിലെ ജീവനക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. അതിനാല്‍ താഴെ പറയുന്ന വസ്തുതകള്‍ നിങ്ങളുടെയെല്ലാം അടിയന്തര ശ്രദ്ധയില്‍ പെടുത്തട്ടെ.
ചില കണക്കുകള്‍
കോഴിക്കോട് ചന്ദ്രികയുടെ പ്രസ്സ് (വെബ് ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീന്‍) മാറ്റി പകരം പുതിയത് സ്ഥാപിക്കാന്‍ ഖത്തര്‍ കെ.എം.സി.സി. 4 കോടിയോളം രൂപ നല്‍കിയിരുന്നതായും അന്നത്തെ ജനറല്‍ മാനേജരായിരുന്ന കക്കോടന്‍ മുഹമ്മദ് പുതിയ പ്രസ്സ് വാങ്ങുന്നതിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ ആവശ്യമായ തീരുമാനം എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ പൊടുന്നനെ സമീര്‍ ഇടപെട്ട് പദ്ധതി നിര്‍ത്തിവെയ്പ്പിച്ചു. നവീകരണ പദ്ധതി അട്ടിമറിച്ചു. (മെഷീന്‍ വാങ്ങുന്ന സ്ഥാപനവുമായി രഹസ്യമായി സമീര്‍ ഉണ്ടാക്കിയ കമ്മീഷന്‍ കരാര്‍ നഷ്ടപ്പെടുമെന്ന സ്ഥിതി വന്നതാണ് പദ്ധതി അട്ടിമറിക്കാന്‍ കാരണമെന്നാണ് മുന്‍ മാനേജര്‍ കക്കോടന്‍ മുഹമ്മദ് പറയുന്നത് (കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടാല്‍ ലഭിക്കും). അങ്ങനെയെങ്കില്‍ ആ കോടികള്‍ എവിടെയെന്ന ചോദ്യം മാത്രം ബാക്കി.
അക്കൗണ്ട് സോഫ്റ്റ് വെയര്‍ സെന്‍ട്രലൈസിംഗിന് എന്ന പേരില്‍ 35 ലക്ഷം രൂപ ചെലവഴിച്ചു. സ്വകാര്യ സോഫ്റ്റ് വെയര്‍ കമ്പനിക്ക് 13 ലക്ഷത്തിലധികം രൂപ നല്‍കിയതായി കണക്കുണ്ട് (ബാലന്‍സ് ഷീറ്റ് 2016: പേജ് നമ്പര്‍ 38). പക്ഷേ പദ്ധതി യാഥാര്‍ത്ഥ്യമായില്ല. ആ 35 ലക്ഷം ആര് കൊണ്ടുപോയി എന്ന് ഇപ്പോഴും അറിയില്ല. പാര്‍ട്ടി ചുമതല ഏല്‍പ്പിച്ച ഫിനാന്‍സ് ഡയറക്ടര്‍ നാളിതുവരെ പാണക്കാട് കുടുംബത്തെയും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തെയും വഞ്ചിച്ചതിന് തെളിവുകള്‍ ഏറെയാണ്.
ന്യൂസ് പ്രിന്റ്, മഷി എന്നിവ കേന്ദ്രീകൃത വാങ്ങല്‍ സംവിധാനം നടത്താതെയും ടെണ്ടര്‍ വിളിക്കാതെയുമാണ് തോന്നിയവിലയ്ക്ക് ഇപ്പോഴും വാങ്ങുന്നത്. മറ്റൊരു പത്രസ്ഥാപനത്തിലും പര്‍ച്ചേസിങ് ഇങ്ങനെയല്ല. ഇടനിലക്കാര്‍ക്ക് ലക്ഷങ്ങള്‍ വരുമാനം ഉണ്ടാക്കാവുന്ന ഈ മാര്‍ഗം ഇപ്പോഴും ചന്ദ്രികയില്‍ തുടരുകയാണ്.
2013-14 കാലത്ത് ചന്ദ്രികയുടെ ഔദ്യോഗിക കണക്ക് പ്രകാരം നഷ്ടം 85,600 രൂപയ്ക്ക് താഴെയായിരുന്നു. എന്നാല്‍ തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തില്‍ അത് 3.69 കോടിയായി! എങ്ങനെ?
ഫിനാന്‍സ് ഡയറക്ടര്‍ ചാര്‍ജ് എടുക്കുമ്പോള്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 50 ലക്ഷം രൂപ ഓവര്‍ ഡ്രാഫ്റ്റ് ഇനത്തില്‍ തുക അടയ്ക്കാനുണ്ടായിരുന്നു. എന്നാല്‍ അത് തീര്‍പ്പാക്കുന്നതിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടി എടുത്തില്ലെന്ന് മാത്രമല്ല പലിശയും പിഴപ്പലിശയുമടക്കം രണ്ടു കോടിയിലധികം രൂപയാണ് ചന്ദ്രിക ഒടുക്കിയത്. അതിപ്പോഴും തുടരുന്നു. ആരാണിതിന് ഉത്തരവാദി?
കോടികള്‍ ചന്ദ്രികയുടെ നവീകരണത്തിനെന്നും പറഞ്ഞ് പിരിച്ചിട്ട് എന്തുകൊണ്ട് ഫിനാന്‍സ് ഡയറക്ടര്‍ ഈ തുക അടച്ച് ചന്ദ്രികയെ രക്ഷിച്ചില്ല?
നോട്ടു നിരോധന കാലത്ത് പത്ത് കോടിയിലധികം രൂപ ചന്ദ്രികയുടെ അക്കൗണ്ടില്‍ ഫിനാന്‍സ് ഡയറക്ടര്‍ നിക്ഷേപിച്ചു. ഉറവിടം കാണിച്ച് രേഖകള്‍ നല്‍കാത്തതിന്റെ പേരില്‍ രണ്ട് കോടിയിലധികം (22455000 രൂപ – ബാലന്‍സ് ഷീറ്റ് 2017: പേജ് നമ്പര്‍ 44) ഇന്‍കം ടാക്‌സിലേക്ക് പെനാല്‍റ്റി അടക്കേണ്ടി വന്നു.
ചരിത്രത്തിലാദ്യമായി ചന്ദ്രികയുടെ കോഴിക്കോട് യൂണിറ്റില്‍ ജീവനക്കാരെ പുറത്താക്കി ഇന്‍കം ടാക്‌സിന്റെ റെയ്ഡ് നടന്നു! ഇങ്ങനെ പൊതു ജനമധ്യത്തില്‍ സ്ഥാപനത്തെ അപമാനിച്ചു. കമ്പനിയുടെ ഉയര്‍ച്ചക്കു പകരം ഇത്തരം നടപടികള്‍ നടത്തുന്ന ഒരാള്‍ നല്‍കുന്ന റിപ്പോര്‍ട്ടും കണക്കും എങ്ങനെ വിശ്വസനീയമാവും?
2017 മുതല്‍ ജീവനക്കാരുടെ പേരില്‍ പിരിച്ചെടുത്ത പി.എഫ്. സംഖ്യ പി.എഫ്. ഓഫീസില്‍ അടച്ചിട്ടില്ല. ഏതാണ്ട് നാല് കോടിയിലെത്തുകയാണ് ഭീമമായ പിഴയും പിഴപ്പലിശയുമായി ഇത്. 36 ശതമാനമാണ് പി.എഫ്. പലിശ. ഓരോ ദിവസവും പലിശ കൂടുകയാണ്. ജീവനക്കാരുടെ കയ്യില്‍ നിന്ന് മാസാമാസം പിടിക്കുന്ന പണം എവിടെ? പിരിഞ്ഞുപോയവര്‍ക്ക് പോലും പി.എഫ്. ആനുകൂല്യം ലഭ്യമാക്കാത്തത് എന്തുകൊണ്ട്?
കമ്പനിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വഴികള്‍ ഏറെയുണ്ടായിട്ടും അത് സ്വീകരിക്കാതിരിക്കുന്നതിന്റെ ഉദ്ദേശ്യം കടബാധ്യത കുന്നുകൂട്ടിക്കാണിച്ച് സ്ഥാപനത്തിന്റെ സ്ഥലം വില്‍പ്പന നടത്താനുള്ള ഗൂഢാലോചനയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
2016-2017 സാമ്പത്തിക വര്‍ഷത്തില്‍ 4.86 കോടി രൂപ ചന്ദ്രികയ്ക്ക് വേണ്ടി ഭൂമി വാങ്ങുന്നതിലേക്ക് അഡ്വാന്‍സ് തുക നല്‍കുന്നതിനായി മുസ്ലിം ലീഗില്‍ നിന്നും ലഭിച്ചതായി കാണുന്നു (ബാലന്‍സ് ഷീറ്റ് 2017: പേജ് നമ്പര്‍ 39) എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം? മാസം തോറും 45 ലക്ഷം പാര്‍ട്ടി ചന്ദ്രികയുടെ നടത്തിപ്പിന് നല്‍കുന്നതായാണ് ഡയറക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ 18 ലക്ഷത്തിന് മുകളില്‍ നഷ്ടം ചന്ദ്രികയ്ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഗള്‍ഫ് രാജ്യങ്ങളില്‍ ചന്ദ്രിക പത്രത്തിന്റെ നടത്തിപ്പ് ഏതാനും വ്യക്തികളാണ്. എന്നാല്‍ പത്രം തയ്യാറാക്കി അയക്കുന്നത് കോഴിക്കോട്ടു നിന്നും. പക്ഷേ ഒരു രൂപ പോലും കേരളത്തിലെ ചന്ദ്രികയുടെ ഓഫീസില്‍ ലഭിക്കുന്നില്ല. ഗള്‍ഫില്‍ നിന്ന് മാസാമാസം പണം ലഭിച്ചാല്‍ നികത്താവുന്നതാണ് നമ്മുടെ നഷ്ടവും അനുബന്ധ ചെലവുകളും. ചന്ദ്രിക ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ നിയന്ത്രണത്തില്‍ സെന്‍ട്രലൈസ്ഡ് അക്കൗണ്ട് സംവിധാനംവഴി ഗള്‍ഫ് രാജ്യങ്ങളില്‍ പത്രം നടത്തുകയാണെങ്കില്‍ വിജയിക്കുമെന്നതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. മറ്റാര്‍ക്കുമില്ലാത്ത കെ.എം.സി.സി എന്ന സംഘടനാ സംവിധാനം ഗള്‍ഫ് രാജ്യങ്ങളിലുടനീളം നമുക്കുണ്ട്. അതുപയോഗപ്പെടുത്തി വരുമാനം ലഭ്യമാവുന്ന രീതിയില്‍ ഗള്‍ഫ് എഡിഷനുകള്‍ വിജയകരമായി നടത്താവുന്നതാണ്.
2017ല്‍ ചന്ദ്രികയുടെ നവീകരണത്തിന് ഗള്‍ഫില്‍ നിന്നും വലിയ സംഖ്യ പിരിച്ചെടുത്തിരുന്നു. അതിനാവശ്യമായ റസീറ്റ് പോലും തയ്യാറാക്കി അച്ചടിച്ചു നല്‍കിയത് കോഴിക്കോട്ടു നിന്നാണ്. പക്ഷേ പിരിച്ച സംഖ്യ ചന്ദ്രികയില്‍ എത്തിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഗള്‍ഫില്‍ നിന്ന് സംഖ്യ നല്‍കിയ സുഹൃത്തുക്കള്‍ പിരിച്ച കാര്യം സ്ഥിരീകരിച്ചതാണ്. വെളിപ്പെടുത്താന്‍ തയ്യാറുമാണ്. തുക ആര് കൈവശം വെച്ചു? എന്തിന്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഫിനാന്‍സ് ഡയറക്ടര്‍ ബാധ്യസ്ഥനാണ്.
2016-17 ലെ ഔദ്യോഗിക കണക്ക് പ്രകാരം വാര്‍ഷിക വരിക്കാരെ ചേര്‍ത്ത വകയില്‍ 16 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഈ പണം എവിടെ?
2020 ലും വരിക്കാരെ ചേര്‍ത്ത് കോടികള്‍ ലഭിച്ചിട്ടുണ്ട്. ഇത് എവിടെ? എന്തിന് ഉപയോഗിച്ചു? മാത്രമല്ല ചന്ദ്രികയുടെ നവീകരണത്തിനെന്നും പറഞ്ഞ് 2019 -20 ലും സ്പെഷ്യല്‍ ഫണ്ട് പിരിച്ചിട്ടുണ്ട്. അവയൊക്കെ ചന്ദ്രികയുടെ അക്കൗണ്ടില്‍ വന്നോ?
കോവിഡ് വ്യാപന സാഹചര്യത്തില്‍ സ്ഥാപനങ്ങളില്‍ വേതനം മുടങ്ങുകയും അതുപോലെ തന്നെ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയും ചെയ്തപ്പോള്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരത്തിനായി ഹൈക്കോടതി ലേബര്‍ കമ്മീഷന്റെ നേതൃത്വത്തില്‍ തൊഴിലാളികളെയും വിവിധ മാനേജ്മെന്റ് പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശിക്കുകയുമുണ്ടായി.
ഇതുപ്രകാരം ലേബര്‍ കമ്മീഷന്‍ വിളിച്ച യോഗത്തില്‍ ചന്ദ്രികയിലെ വിഷയം ചര്‍ച്ച ചെയ്തിരുന്നു. നാല് മുതല്‍ ഏഴ് മാസത്തോളം സാലറി കുടിശ്ശികയുണ്ടായ സാഹചര്യമായിരുന്നു ചന്ദ്രികയിലേത്. 2021 മാര്‍ച്ച് 31 നകം കുടിശ്ശിക തീര്‍ക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത ഡി.ജി.എം ലേബര്‍ കമ്മീഷണര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല.
തകര്‍ത്തെറിഞ്ഞ ഓണ്‍ലൈന്‍ സാധ്യതകള്‍
പുതിയ കാലത്തിന്റെ പ്രതീക്ഷയായിരുന്നു ചന്ദ്രികയുടെ ഓണ്‍ലൈന്‍ സംരംഭം. ഡിജിറ്റല്‍, ഇന്റര്‍നെറ്റ് യുഗത്തില്‍ മികച്ച വരുമാന മാര്‍ഗമാവുമായിരുന്ന ഓണ്‍ലൈന്‍ തകര്‍ത്തത് സമീറിന്റെ നേതൃത്വത്തിലാണ്. പത്രത്തില്‍ നിന്ന് വേര്‍പ്പെടുത്തി സ്വന്തക്കാര്‍ക്ക് നടത്താന്‍ നല്‍കി തകര്‍ത്ത ശേഷം ഇപ്പോള്‍ ആര്‍ക്കും ഉപകാരമില്ലാതെ മൂലയില്‍ കിടക്കുന്ന അവസ്ഥയിലാക്കി. അഞ്ചു ലക്ഷത്തിലധികം വായനക്കാരുണ്ടായിരുന്ന മികച്ച സംരംഭമായിരുന്നു ഓണ്‍ലൈന്‍. അതിനെ വീണ്ടെടുക്കാത്തതെന്ത്?
പത്രസ്ഥാപന നടത്തിപ്പിന്റെ പ്രാഥമികമായ കാര്യങ്ങളെങ്കിലും അറിയുമെങ്കില്‍ ചന്ദ്രിക ഓണ്‍ലൈന്‍ പുറത്ത് ഒരു വ്യാപാരിക്ക് വില്‍ക്കുമായിരുന്നില്ല. ആധുനിക കാലത്ത് ഓണ്‍ലൈന്‍ ഒരു പത്രത്തിന്റെ ജീവനാഡിയാണ്. അത് തിരിച്ചറിയാതെയായിരുന്നു ഡയറക്ടര്‍ ബോര്‍ഡിലെ പല അംഗങ്ങളും നേതാക്കളും എന്തിന് പത്രത്തിന്റെ എഡിറ്റര്‍ പോലും അറിയാതെ ഓണ്‍ലൈന്‍ വില്‍പ്പന നടത്തിയത്. പാര്‍ട്ടിക്കും സ്ഥാപനത്തിനും അപമാനമുണ്ടാക്കിയ വ്യാജ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് പലരും സത്യം അറിഞ്ഞത്. ഒടുവില്‍ ഗത്യന്തരമില്ലാതെ ഓണ്‍ലൈന്‍ തിരികെ ഓഫീസിലെത്തിക്കേണ്ടി വന്നു. പക്ഷേ അപ്പോഴേക്കും വിപണിയില്‍ ചന്ദ്രിക ഓണ്‍ലൈനിന്റെ ക്രെഡിബിലിറ്റി തകര്‍ന്നു കഴിഞ്ഞിരുന്നു.
ആഴ്ച്ചപ്പതിപ്പെന്ന അഭിമാനം
ചന്ദ്രിക പത്രം തുടങ്ങുന്നതിനും മുമ്പ് 1934 ലാണ് ആഴ്ചപ്പതിപ്പ് തുടങ്ങിയത്. തുടര്‍ന്ന് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് പത്രാധിപരായി ആഴ്ചപ്പതിപ്പ് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ജ്വലിച്ചുയര്‍ന്നു. ഇതര സമുദായങ്ങള്‍ക്കിടയില്‍ ഒരു പാലമായി നിന്നു ആഴ്ചപ്പതിപ്പ്. എം.ടി. അടക്കം പ്രമുഖ എഴുത്തുകാര്‍ ചന്ദ്രികയുടെ തിരുമുറ്റത്താണ് വളര്‍ന്നത്. എം.ടി.ക്ക് ആദ്യ പ്രതിഫലം നല്‍കിയത് ചന്ദ്രികയാണ് എന്ന് അഭിമാനത്തോടെ എം.ടി. ഇപ്പോഴും പറയുന്നു.
നരേന്ദ്ര മോദിയുടെ കാലത്ത് ഹിന്ദുത്വ ഫാഷിസത്തിനെതിരെ കേരളത്തില്‍ നിലകൊള്ളുന്ന പ്രധാന പ്രസിദ്ധീകരണമാണ് ആഴ്ചപ്പതിപ്പ്. പക്ഷേ അതിന്റെ സാംസ്‌കാരിക പാരമ്പര്യം അറിയാത്ത ഫിനാന്‍സ് ഡയറക്ടര്‍ എഴുത്തുകാര്‍ക്ക് നല്‍കി വന്ന പ്രതിഫലത്തുക നിര്‍ത്തിക്കളഞ്ഞു എന്ന് മാത്രമല്ല ആഴ്ചപ്പതിപ്പിന്റെ അച്ചടി കൂടി നിര്‍ത്തി. അത് അടച്ചു പൂട്ടുന്നതിന് എം.ഡി.യായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പോലും അറിയാതെ തീരുമാനമെടുത്തു. എത്രയോ വര്‍ഷമായി നന്നായി പ്രസിദ്ധീകരിച്ചു വരുന്ന മഹിളാ ചന്ദ്രിക മലപ്പുറത്തേക്ക് മാറ്റി അതിനെയും തകര്‍ക്കാനാണ് ശ്രമം. രണ്ട് പ്രസിദ്ധീകരണങ്ങളും ഓണ്‍ലൈന്‍ പുറത്ത് കൊടുത്തതുപോലെ പുറത്തെ ആജ്ഞാനുവര്‍ത്തികള്‍ക്ക് നടത്താന്‍ കൊടുക്കാമെന്ന ബുദ്ധിയാണ് ഇതിന് പിറകില്‍.
ഈ വക തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റിയ ആളെ ഡെപ്യൂട്ടി ജനറല്‍ മാനേജറും സാമ്പത്തിക തിരിമറി നടത്തി ഡീഗ്രേഡിങ്ങിന് വിധേയനായ ഒരു ജീവനക്കാരനെ പിടിച്ച് എച്ച്.ആര്‍. മാനേജരുമാക്കുകയായിരുന്നു സമീര്‍. അങ്ങനെ സ്ഥാപനത്തിന്റെ മൊത്തം ഘടനയെ തകര്‍ത്ത് എല്ലാറ്റിന്റെയും ഉത്തരവാദിത്വം തൊഴിലാളികളുടെ തലയിലാണ് ഫിനാന്‍സ് ഡയറക്ടര്‍ കെട്ടിവെയ്ക്കാന്‍ നോക്കുന്നത്.
ജീവനക്കാരുടെ അവസ്ഥ
ഇപ്പോള്‍ ചന്ദ്രികയില്‍ ജീവനക്കാര്‍ വളരെ കുറവാണ്. വലിയ ശമ്പളമുള്ളവരെല്ലാം വിരമിച്ചു. ഇപ്പോള്‍ പത്രം ഇറക്കാന്‍ പോലും വേണ്ട ആളില്ല. ആറു വര്‍ഷത്തിനിടയില്‍ അന്‍പതിലധികം ജീവനക്കാരാണ് വിരമിച്ചത്. കുറേപ്പേരെ പറഞ്ഞയച്ചു. പകരം ആളുകളുടെ നിയമനം നടന്നില്ല. ഉള്ളവര്‍ക്ക് തന്നെ അഞ്ചുമുതല്‍ 10 വര്‍ഷമായി ശമ്പള സ്‌കെയിലുപോലും നല്‍കാത്ത പാതിജീവനക്കാരാണ്. അര്‍ഹതയുണ്ടായിട്ടും ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കുന്നില്ല. പത്തും പതിമൂന്നും വര്‍ഷമായി പ്രൊബേഷനില്‍ നിലനിര്‍ത്തി ജീവനക്കാരെ വഞ്ചിക്കുകയാണ്. ജീവനക്കാര്‍ കൂടുതലാണെന്നും ശമ്പളം കൂടുതലാണെന്നും കളവ് പ്രചരിപ്പിക്കുകയാണ്. 30 ലധികം വര്‍ഷം സര്‍വീസുള്ള നാലോ അഞ്ചോ പേര്‍ വാങ്ങുന്ന ശമ്പളം കേവലം 45,000 ആണ്. 25 വര്‍ഷത്തിലധികം സര്‍വീസിലുള്ളവര്‍ വാങ്ങുന്നതാകട്ടെ 20000ത്തിനും 35000 ത്തിനും ഇടയില്‍ മാത്രമാണ്. അവരുടെ എണ്ണമാകട്ടെ പരിമിതവും.
മാത്രമല്ല പത്രത്തിന് നിലവില്‍ ഒരു ജനറല്‍ മാനേജറില്ല, യൂണിറ്റ് മാനേജര്‍മാരില്ല. ഇത്തരം സുപ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ശമ്പള ഇനത്തില്‍ ലാഭമുണ്ടെങ്കിലും സ്ഥാപനത്തില്‍ നാഥനില്ലാത്ത അവസ്ഥയാണ്. അതിനാല്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. മുപ്പതും നാല്‍പതും വര്‍ഷം ചന്ദ്രികയെ സേവിച്ച് വിരമിച്ചവര്‍ക്ക് ഇതുവരെ ആനുകൂല്യം നല്‍കിയിട്ടില്ല. ഇത് ചന്ദ്രികയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. പുറത്തറിഞ്ഞാല്‍ അപമാനമാണ്. വിഷയം കോടിതിയിലെത്താതെ പരിഹരിക്കണം.
തെരഞ്ഞെടുപ്പും ചന്ദ്രികയും
യു.ഡി.എഫ് കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍.ഡി.എഫിന്റെ അഴിമതിയും ജന വിരുദ്ധ നിലപാടുകളും ചൂണ്ടിക്കാണിച്ചാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ അതിന്റെ പ്രചാരണം ജനങ്ങളിലേക്കെത്തിക്കുന്നതിന് യു.ഡി.എഫിന് കഴിഞ്ഞില്ല. എല്‍.ഡി.എഫ്. ആകട്ടെ ദേശാഭിമാനി പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഓണ്‍ലൈന്‍ പത്രവും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് യു.ഡി.എഫിനെതിരെ പ്രവര്‍ത്തിച്ചു വിജയിച്ചു. കോടികള്‍ ചെലവിട്ട് നടത്തിയ ഇവന്റ് മാനേജ്‌മെന്റ്/ പി.ആര്‍ പ്രവര്‍ത്തനങ്ങളെയാണ് നമുക്ക് നേരിടേണ്ടി വന്നത്. ചന്ദ്രികയ്ക്ക് ഈ സാഹചര്യത്തില്‍ വഹിക്കാനുള്ള പങ്ക് വളരെ വലുതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് പത്രത്തെ ശക്തിപ്പെടുത്തുന്നതിന് പകരം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ നോക്കുകുത്തികളാക്കി ശമ്പളവും ആനുകൂല്യവും നല്‍കാതെയും ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയും പട്ടിണിക്കിട്ടും ദ്രോഹിക്കുന്നതിനാണ് ഫിനാന്‍സ് ഡയറക്ടര്‍ പി.എം.എ. സമീര്‍ ശ്രമിച്ചത്.
അടിയന്തര ഇടപെടല്‍ വേണം
ചന്ദ്രികയുടെ കോഴിക്കോട്ടെ ആസ്ഥാനം നിലനില്‍ക്കുന്നത് കണ്ണായ സ്ഥലത്താണ്. ഏതാണ്ട് 50 സെന്റോളം വരുന്ന സ്ഥലം തുച്ഛവിലയ്ക്ക് ചുളുവില്‍ കൈക്കലാക്കാന്‍ തക്കം പാര്‍ത്ത് നടക്കുന്നവര്‍ ഏറെയാണ്. മുമ്പ് ചന്ദ്രികയുടെ സ്ഥലം ഇതേ പോലെ നഷ്ടമായ അനുഭവം നമുക്കുണ്ട്. കെ.ടി.സിയുടെ ഷോറൂമിനടുത്തുണ്ടായിരുന്ന ചന്ദ്രികയുടെ സ്ഥലം കെ.ടി.സിക്ക് ആരുമറിയാതെ കുറഞ്ഞ വിലയ്ക്ക് കൈമാറിയ അനുഭവവും കോഴിക്കോട് ബീച്ചിന് അരികെ ഉണ്ടായിരുന്ന വെയര്‍ഹൗസ് വിറ്റതും പലരും അറിഞ്ഞിട്ടില്ല. മാത്രമല്ല കൊച്ചിയിലെ തന്ത്രപ്രധാന കേന്ദ്രത്തില്‍ ചന്ദ്രികയ്ക്ക് സ്വന്തമുണ്ടായിരുന്ന അനേകകോടി വിലവരുന്ന സ്ഥലവും വിറ്റത് തുച്ഛവിലയ്ക്ക് ആയിരുന്നു.
സംഭവബഹുലമായ ഒരു സാഹചര്യത്തിലൂടെയാണ് ചന്ദ്രിക മുടന്തി നീങ്ങുന്നത്. കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അഴിമതിയും ഈ മഹത് സ്ഥാപനത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴെങ്കിലും ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ ചന്ദ്രികയും അതിലെ ജീവനക്കാരും ഓര്‍മയായും. ചന്ദ്രിക നിലച്ചാല്‍ പൊതുരംഗത്ത് നിന്ന് വലിയ തിരിച്ചടിയായിരിക്കും നേരിടേണ്ടിവരിക. അത് ഇതുവരെയുണ്ടാക്കിയ എല്ലാ അന്തസിനെയും ഇല്ലാതാക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. ലക്ഷങ്ങള്‍ നഷ്ടം സഹിച്ചും പത്രത്തെ മുന്നോട്ടു കൊണ്ടുപോവാന്‍ പദ്ധതികളൊരുക്കി മാനേജ്‌മെന്റിനെ സമീപിച്ചപ്പോള്‍ അത് ഫിനാന്‍സ് ഡയറക്ടര്‍ അട്ടിമറിക്കുകയായിരുന്നു.
ആയതിനാല്‍ പാര്‍ട്ടിയുടെ പുതുനയ പരിപാടിയില്‍ ചന്ദ്രികയെ തിരിച്ചുകൊണ്ടുവരാന്‍ പദ്ധതിയൊരുക്കണം. പാര്‍ട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചന്ദ്രികയുടെ ചുമതല നല്‍കണം. കഴിവും പ്രാപ്തിയുമുള്ള ജനറല്‍ മാനേജറെയും റീജ്യണല്‍ മാനേജര്‍മാരില്ലാത്ത യൂണിറ്റുകളില്‍ റീജ്യണല്‍ മാനേജര്‍മാരെയും നിയമിക്കണം. ജീവനക്കാരുടെ ശമ്പളമടക്കമുള്ള കാര്യങ്ങളില്‍ ശാശ്വത പരിഹാരം കണ്ടെത്തി ചന്ദ്രികയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.