ആന്റിഗ്വ: കുംബ്ലെ പരിശീലിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് കളിക്കളത്തിലിറങ്ങും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റശേഷമുള്ള കുംബ്ലെയുടെ ആദ്യ പരീക്ഷയാണിത്. ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ആന്റിഗ്വയില്‍ ആരംഭിക്കും. നാലു മത്സരങ്ങളായ പരമ്പരയില്‍ ഉള്ളത്.
കുംബ്ലെയ്ക്കു പുറമേ നായകന്‍ വിരാട് കോഹ്ലിക്കും പരമ്പര ഏറെ നിര്‍ണായകമാണ്. ഇന്ത്യന്‍ മണ്ണിലെ വിജയം വിദേശ പിച്ചുകളില്‍ ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന നാണക്കേട് മായ്ക്കുകയാണ് കോഹ്ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഒന്നാം ടെസ്റ്റിനിറങ്ങുമ്പോള്‍ ആതിഥേയരെക്കാള്‍ കടലാസില്‍ ശക്തര്‍ ഇന്ത്യ തന്നെ. അണ്ടര്‍ 19 ലോകകപ്പ്, ട്വന്റി 20 പുരുഷ-വനിതാ ലോകകപ്പുകള്‍ അടക്കം സീസണില്‍ മൂന്നു ഐ.സി.സി. ട്രോഫി നേടിയവരാണ് വെസ്റ്റിന്‍ഡീസുകാര്‍.
എന്നാല്‍ 2012 ഓഗസ്റ്റിനു ശേഷം ബംഗ്ലാദേശിനെതിരേയല്ലാതെ മറ്റൊരു പ്രമുഖ ടീമിനെതിരേ ടെസ്റ്റ് ജയിക്കാന്‍ വിന്‍ഡീസിനായിട്ടില്ല. ഓസ്ട്രേയലിയയ്ക്കെതിരേയാണ് അവര്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. മൂന്നു മത്സര പരമ്പരയില്‍ അവസാന മത്സരം മഴയിലൊലിച്ചു പോയതോടെ 2-0നാണ് വിന്‍ഡീസ് തോറ്റത്. അവസാന മത്സരം പൂര്‍ത്തിയാക്കാനായിരുന്നെങ്കില്‍ വൈറ്റ്വാഷ് ചെയ്യപ്പെട്ടേനെ.
ഇന്ത്യക്കെതിരായ അവരുടെ റെക്കോഡും മോശമാണ്. 2002-നു ശേഷം അവര്‍ക്ക് ഇന്ത്യക്കെതിരേ ജയിക്കാനായിട്ടില്ല. ഇക്കാലയളവില്‍ 15 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ എട്ടിലും ജയം ഇന്ത്യക്കായിരുന്നു. ഏഴെണ്ണം സമനിലയില്‍ കലാശിച്ചു. ഇക്കുറി ഇന്ത്യക്കെതിരേ പരിചയസമ്പത്തില്ലാത്ത നിരയെയാണ് വിന്‍ഡീസ് അണിനിരത്തുന്നത്. മര്‍ലോണ്‍ സാമുവല്‍സ്, നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ മാത്രമാണ് 25ല്‍ അധികം ടെസ്റ്റ് കളിച്ചിട്ടുള്ളത്.
ക്രിസ് ഗെയ്ല്‍, ഡ്വെയിന്‍ ബ്രാവോ, ആന്ദ്രേ റസല്‍ തുടങ്ങിയവരുടെ അഭാവം നിഴലിക്കുന്ന വിന്‍ഡീസിന് പരിചയസമ്പത്തില്ലാത്ത ബൗളിങ് നിരയാണ് ഏറെ തലവേദന സൃഷ്ടിക്കുന്നത്. അതേസമയം ശക്തമായ ടീമിനെയാണ് ഇന്ത്യ ഇറക്കുക. ഒരു ഓള്‍ൗണ്ടറടക്കം അഞ്ച് ബൗളര്‍മാരെ ഇന്ത്യ ആദ്യ ടെസ്റ്റില്‍ കളിപ്പിച്ചേക്കും. ഓപ്പണിങില്‍ മുരളി വിജയിയുടെ പാര്‍ട്ണറാകാന്‍ ലോകേഷ് രാഹുലും ശിഖര്‍ ധവാനും തമ്മിലാണ് മത്സരം. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായതിനാല്‍ രാഹുലിനാണ് സാധ്യത കൂടുതല്‍. ഇരുവരും സന്നാഹ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
ഇവര്‍ക്കു പുറമേ നായകന്‍ വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരും ഓള്‍റൗണ്ടറായി സ്റ്റിയുവര്‍ട്ട് ബിന്നിയും ഇടംനേടും. രോഹിത് ശര്‍മയ്ക്ക് പുറത്തിരിക്കേണ്ടി വരും. ഇശാന്ത് ശര്‍മ്മയും, മുഹമ്മദ് ഷമിയുമായിരിക്കും പേസ് ആക്രമണം നയിക്കുക. ആര്‍ ആശ്വിനൊപ്പം മിശ്രക്കാണ് സ്പിന്‍ നിരയില്‍ സാധ്യത.