ബെംഗളുരു: ഭരണം കിട്ടിയതോടെ അഴിമതിക്കുടുക്കിൽ വീണ കോൺഗ്രസ് വലിയ പ്രതിസന്ധിയിൽ കർണാടകത്തിലെ കോൺഗ്രസിനെ വലിക്കുന്ന കേസിൽ നിന്നും ഊരാനുള്ള നീക്കം സജീവമാണ് എങ്ങനെയും പ്രോസിക്യൂഷന്‍ നടപടി ഒഴിവായിക്കിട്ടാനുള്ള നീക്കത്തിലാണ് കോൺഗ്രസ് . മൈസൂരു ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക ഹൈക്കോടതിയിൽ. പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർ ചന്ദ് ഗെഹലോട്ട് അനുമതി നൽകിയ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ ഹർജി നൽകി.
സിദ്ധരാമയ്യയുടെ ഹര്‍ജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് സിംഗിള്‍ ബെഞ്ച് പരിഗണിക്കും. പ്രോസിക്യൂഷന്‍ അനുമതി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സിദ്ധരാമയ്യ കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഗവര്‍ണ്ണറുടെ നടപടിയെന്നും ബാഹ്യ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആക്ഷേപം. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വിയാണ് സിദ്ധരാമയ്യയ്ക്കായി കോടതിയിൽ ഹാജരാകുന്നത്.
മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. ലേ ഔട്ട് വികസനത്തിന് ഭൂമി വിട്ടു നൽകുന്നവർക്ക് പകരം ഭൂമി നൽകുന്ന പദ്ധതി പ്രകാരം സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി അനധികൃതമായി 14 പ്ലോട്ടുകൾ കൈക്കലാക്കി എന്നതാണ് പരാതിക്കാധാരമായ സംഭവം. ഭാര്യ പാർവതി, മകൻ ഡോ. യതീന്ദ്ര, ഭാര്യാ സഹോദരൻ മല്ലികാർജുൻ സ്വാമി ഉൾപ്പടെ ഒമ്പത് പേർക്കെതിരെയാണ് പരാതി ഉയർന്നത്.
മലയാളിയായ ടി ജെ അബ്രഹാം ഉൾപ്പടെയുള്ള മൂന്നു സാമൂഹ്യ പ്രവർത്തകർ നൽകിയ പരാതിയിലാണ് ഗവർണറുടെ നടപടി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 1988, 218, 17 വകുപ്പുകൾ പ്രകാരം സിദ്ധരാമയ്യക്കെതിരെ കേസെടുത്ത് വിചാരണ ചെയ്യാനാണ് ഗവർണർ അനുമതി നൽകിയിരിക്കുന്നത്.
പാർവ്വതിയുടെ പേരിലുള്ള ഭൂമിയെക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. സിദ്ദരാമയ്യയുടെ ഭാര്യാ സഹോദരൻ പാർവ്വതിക്ക് നൽകിയ ഭൂമി, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ. 2010ലാണ് സിദ്ദരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരൻ മല്ലികാർജുൻ ഭൂമി സമ്മാനിച്ചത്.
ആരോപണം തനിക്കും സർക്കാരിനുമെതിരെ നടന്ന ഗൂഢാലോചനയാണെന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം. കേന്ദ്ര സർക്കാരും കർണാടക ബിജെപി നേതാക്കളും ജെഡിഎസും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. സർക്കാരിന്റെ അഞ്ചിന ഗ്യാരണ്ടികൾ സാമൂഹ്യ നീതി ഉറപ്പാക്കുന്നത് ഇവർക്ക് സഹിക്കുന്നില്ല. കേസ് നിയമപരമായി നേരിടുമെന്നും കർണാടക മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കർണാടക കോൺഗ്രസിന്റെയും എഐസിസി നേതൃത്വത്തിന്റെയും പൂർണ പിന്തുണ സിദ്ധരാമയ്യയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.