ന്യുഡല്‍ഹി: മൂന്ന് വയസ്സുള്ള കുഞ്ഞിനെ നിരന്തരം പീഡനത്തിന് ഇരയാക്കിയ വിദേശ പൗരമായ സ്‌കൂള്‍ മേധാവി അറസ്റ്റില്‍. അന്തേരിയിലെ പ്രശസ്തമായ സ്‌കൂളിന്റെ ട്രസ്റ്റിയും സ്ഥാപകരില്‍ ഒരാളുമായ 57 കാരനാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര ശിശു സംരക്ഷണ സമിതി ആറു മാസം മുന്‍പ് നല്‍കി പരാതിയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാവിലെ പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ നവംബര്‍ 14 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
വിശദമായ അന്വേഷണത്തിനു ശേഷമാണ് അറസ്റ്റ് നടന്നതെന്ന് പോലീസ് അറിയിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ മാനേജ്മെന്റ്, ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 75 ഓളം പേരില്‍ നിന്ന് മൊഴിയെടുത്തു. പ്രതിയെ കഴിഞ്ഞ മാസം പോളിഗ്രാഫ് ടെസ്റ്റിനും വിധേയമാക്കിയിരുന്നു. പോലീസ് നടപടി വൈകുന്നത് ചോദ്യം ചെയ്ത് കുട്ടിയുടെ കുടുംബം ബോംബെ ഹൈക്കോടതിയേ സമീപിക്കുകയും കേസിന്റെ അന്വേഷണ ചുമതല എസിപി തലത്തിലുള്ള ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തിരുന്നു.
2016 ദീപാവലി കാലത്താണ് പെണ്‍കുട്ടി ആദ്യം പീഡനം നേരിട്ടത്. 2017 മാര്‍ച്ച് വരെ ഇതു തുടര്‍ന്നു. പെണ്‍കുട്ടി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് കണ്ട അമ്മയാണ് കാര്യം തിരക്കിയത്. തന്നെയും മറ്റൊരു കുട്ടിയേയും അധ്യാപകന്‍ പുറത്തേക്ക് കളിക്കാന്‍ കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കുട്ടി അമ്മയോട് പറഞ്ഞു. ഉടന്‍തന്നെ സ്‌കൂളിന്റെ വെബ്സൈറ്റ് എടുത്ത അമ്മ ജീവനക്കാരുടെ ചിത്രങ്ങള്‍ കാണിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
സ്‌കൂള്‍ അധികൃതരെ ഇക്കാര്യം അറിയിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ പരാതി സ്വീകരിച്ചില്ല. തുടര്‍ന്നാണ് അവര്‍ പോലീസില്‍ പരാതിപ്പെട്ടത്. പെണ്‍കുട്ടിയില്‍ നിന്നും വിദഗ്ധരുടെ സാന്നിധ്യത്തില്‍ പോലീസ് മൊഴിയെടുത്തപ്പോഴും അവള്‍ ഇതേ നിലപാട് തന്നെ ആവര്‍ത്തിച്ചു. പീഡിപ്പിച്ചയാളെ അവള്‍ വെബ്സൈറ്റില്‍ നിന്ന് പോലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് മജിസ്ട്രേറ്റിനു മുമ്പാകെ മൊഴിയും രേഖപ്പെടുത്തി.