ലക്‌നൗ: തീ പടര്‍ന്ന് വന്‍ ദുരന്തമുണ്ടാകാന്‍ ഒരു ചെറിയ മെഴുകുതിരി മാത്രം മതി. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബറോലിയിലുള്ള കിലാ ചാവ്‌നി ഗ്രാമത്തിലാണ്. ഒരു മെഴുകുതിരി ആറ് കുട്ടികളുടെ ജീവനാണ് എടുത്തത്. കത്തിച്ചുവെച്ചിരുന്ന മെഴുകുതിരി മറിഞ്ഞുവീണ് വീടിന് തീപിടിക്കുകയായിരുന്നു.
ഒരു കുടുംബത്തിലെ ആറ് കുട്ടികളാണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചേയോടെ ആണ് തീപിടുത്തം ഉണ്ടായത്. കുട്ടികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു തീപിടിത്തം ഉണ്ടായത്. ശലോനി (17), സഞ്ജന (15), ഭുരി (10), ദുര്‍ഗ്ഗ (8) എന്നീ സഹോദരിമാരും, ഇവരുടെ ബന്ധുക്കളായ മഹിമ (9), ദേബു (7) എന്നീ കുട്ടികളുമാണ് മരിച്ചത്. ഉറങ്ങുന്നതിന് മുമ്പ് കുട്ടികള്‍ മെഴുകുതിരി കെടുത്താന്‍ മറന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
പുലര്‍ച്ചേ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് എത്തിയ അയല്‍ക്കാരാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടത്. വാതില്‍ തകര്‍ത്ത് അയല്‍വാസികള്‍ ഉള്ളില്‍ കയറിയെങ്കിലും മേല്‍ക്കൂര തകര്‍ന്നുവീണ എല്ലാവരും മരിച്ചിരുന്നു.
കത്തിച്ചുവെച്ച മെഴുകുതിരി കെടുത്താന്‍ മറന്നതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തമുണ്ടായ സമയത്ത് വീട്ടില്‍ മുതര്‍ന്നവര്‍ ആരുമുണ്ടായിരുന്നില്ല. കുട്ടികളുടെ മാതാപിതാക്കളായ രാജു കശ്യപും ഭാര്യയും ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പോയിരിക്കുകയായിരുന്നു.