കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ്; സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്ന ഡോ.ജോണ്‍ ജോസഫിന്റെ മകള്‍; സിപിഐഎം ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര ഐപിഎസിനെക്കുറിച്ച് കൂടുതല്‍ അറിയാം

സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്ന ഡോ.ജോണ്‍ ജോസഫിന്റെ മകളാണ് തിരുവനന്തപുരം സിപിഐഎം ഓഫിസില്‍ റെയ്ഡിനു കയറിയ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണ്‍. കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ചൈത്രയുടെ സ്‌കൂള്‍ പഠനം. കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടിയിട്ടുണ്ട്. 2016 ലെ ഐപിഎസ് ബാച്ചുകാരി. സിവില്‍ സര്‍വീസില്‍ 111 ആയിരുന്നു റാങ്ക്. ഐപിഎസ്. ലിസ്റ്റില്‍ ഒന്നാമതായിരുന്നു. കേരള കേഡര്‍ ഉദ്യോഗസ്ഥ. വയനാട്ടിലായിരുന്നു ട്രെയിനിങ്ങിന്റെ തുടക്കം. പിന്നെ, തലശേരി എഎസ്പിയായി. ദീര്‍ഘകാലം തലശേരിയില്‍ ജോലി ചെയ്തപ്പോഴും കണ്ണൂരില്‍ സിപിഐഎമ്മുമായി ഇങ്ങനെ ഉടക്കേണ്ടി വന്നിട്ടില്ല. ക്രമസമാധാന ചുമതലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചൈത്ര പുതിയ തലമുറയിലെ വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും ഇതിനോടകം പേരെടുത്തു കഴിഞ്ഞു.

അവിവാഹിതയാണ്. അമ്മ ഡോ.മേരി ഏബ്രഹാം വെറ്ററിനറി വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ചു. ഏക സഹോദരന്‍ ഡോ.അലന്‍ ജോണ്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ വിഭാഗത്തില്‍ പിജി വിദ്യാര്‍ഥി. പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞവരെ പിടികൂടാന്‍ സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ഓഫിസിലെത്തിയ വനിതാ ഡിസിപിക്കു കസേരമാറ്റം ലഭിച്ചത് ഉടനടി. റെയ്ഡിനു പിന്നാലെ ആഭ്യന്തര വകുപ്പു വിശദീകരണം തേടിയിരുന്നു. ഇതുകഴിഞ്ഞു മണിക്കൂറുകള്‍ക്കകമാണു നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസിപിയുടെ താല്‍കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെയാണു വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്കു മടക്കിയത്. അവധിയിലായിരുന്ന ഡിസിപി ആര്‍.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏല്‍പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണു നടപടി.പണിമുടക്ക് ദിനത്തില്‍ ബാങ്ക് അക്രമിച്ച എന്‍ജിഒ യൂണിയന്‍ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടും പാര്‍ട്ടിയിലെ ചിലരുമായി ചൈത്ര ഉടക്കിയിരുന്നതായി സൂചനയുണ്ട്. എസ്പിക്കെതിരെ നടപടിയാവശ്യപ്പെട്ടു ജില്ലാനേതൃത്വം ഭരണനേതൃത്വത്തെയും പാര്‍ട്ടിനേതൃത്വത്തെയും സമീപിച്ചിരുന്നു. ‘മനോരമ ന്യൂസാണ്’ ഈ വാര്‍ത്ത പുറത്തുവിട്ടത്.

സംഭവത്തിലെ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഉടന്‍ വിശദീകരണം നല്‍കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. ബുധനാഴ്ച രാത്രിയാണ് അന്‍പതോളം പേരടങ്ങിയ ഡിവൈഎഫ്‌ഐ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. പോക്‌സോ കേസില്‍ അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അക്രമം. മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡിവൈഎഫ്‌ഐ, സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

Top