
കൊച്ചി: തെരുവുനായയെ കൊല്‌ളുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ ഡി.ജി.പിക്ക് കൊമ്പുണ്ടോയെന്ന് പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തെരുവുനായ വിമുകത കേരളമെന്ന ആവശ്യമുന്നയിച്ച് അദ്ദേഹം നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഡി.ജി.പിക്കും തെരുവുനായകള്‍ക്ക് അനുകൂലമായി സംസാരിക്കുന്നവര്‍ക്കുമെതിരെ വിമര്‍ശനമുന്നയിച്ചത്.
പത്തുമണിയോടെ ആരംഭിച്ച ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒട്ടേറെ പേര്‍ എത്തുന്നുണ്ട്. തെരുവുനായ ഉന്മൂലന സംഘടനയുടെ പിന്തുണയോടെയാണ് ഉപവാസം. സര്‍ക്കാരിന്റെ വരെ പിന്തുണ ലഭിച്ച തെരുവുനായ പ്രശ്‌നത്തില്‍ ഡി.ജി.പി വിരുദ്ധ നിലപാട് എടുത്തതാണ് കൊച്ചൗസേപ്പിനെ ചൊടിപ്പിച്ചത്.മേനകാ ഗാന്ധി അടക്കമുള്ളവരേയും അദ്ദേഹം വിമര്‍ശിച്ചു. പേപ്പട്ടിവിഷബാധക്കെതിരെയുള്ള മരുന്നുനിര്‍മ്മാണക്കമ്പനികള്‍ അവര്‍ക്ക് പണം നല്‍കുന്നുണ്ടെന്നായിരുന്നു കൊച്ചൗസേപ്പിന്റെ ആരോപണം. തെരുവു പട്ടികള്‍ക്കനുകൂലമായി രംഗത്തുവരുന്നവര്‍ക്ക് കപടമൃഗസ്‌നേഹമാണെന്നും അദ്ദേഹം പറഞ്ഞു.