സവാരിക്കിടെ പരിക്കേറ്റ പട്ടി സ്വയം മൃഗാശുപത്രിയിലെത്തി ചികിത്സ തേടി;സംഭവം വൈറലായി  

ബാങ്കോക്ക് ; പട്ടികളുടെ ബുദ്ധികൂര്‍മ്മതയും യജമാന സ്‌നേഹവും പണ്ടേക്ക് പണ്ടേ പ്രശസ്തമായ കാര്യമാണ്. എന്നാല്‍ തായ്‌ലന്റിലെ ഡെന്‍ എന്ന പട്ടി ഒരു പടി കൂടി കടന്ന് ചിന്തിച്ചു. റോഡിലെ സവാരിക്കിടെ പരിക്കേറ്റ ഡെന്‍ സ്വയം മൃഗാശുപത്രിയിലെത്തി ചികിത്സ തേടി. തായ്‌ലന്റിലെ പത്തുംതാനി പ്രവിശ്യയിലുള്ള ലും ലുക്ക എന്ന നഗരത്തിലെ പെറ്റോ  സ്ട്രീറ്റ് ക്ലിനിക്ക് എന്ന മൃഗാശുപത്രിയുടെ വരാന്തയിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. ക്ലീനിക്കിലെത്തിയ മൃഗങ്ങളെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടര്‍ പുറത്ത് നിന്നും ഒരു പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേട്ടത്. സിറമണെ വ്രോഗ്പിറ്റിയാഡ്‌സെ എന്ന ചെറുപ്പക്കാരിയായ ഡോക്ടര്‍ മാത്രമാണ് ആ സമയം സ്യൂട്ടിയിലുണ്ടായിരുന്നത്. ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്ന് നോക്കിയ ഡോക്ടര്‍ ശരിക്കും അത്ഭുതപ്പെട്ടുപ്പോയി. ചോര ഒലിക്കുന്ന കണ്ണുമായി ഒരു പട്ടി സ്വയം മൃഗാശുപത്രി തേടി വന്നിരിക്കുന്നു. ഡോക്ടര്‍ ചുറ്റുപാടും ചെന്ന് നിരീക്ഷിച്ചെങ്കിലും പട്ടിയുടെ ഉടമസ്ഥനെ കാണുവാന്‍ കഴിഞ്ഞില്ല. മറ്റ് മൃഗങ്ങളെ ചികിത്സിക്കാനായി എത്തിയ ഉടമസ്ഥരും അശുപത്രിയിലെ മറ്റംഗങ്ങളുമെല്ലാം പട്ടിയുടെ ഈ അസാമാന്യ ബുദ്ധി കൂര്‍മ്മത കണ്ട് മുക്കത്ത് വിരല്‍ വെച്ച് പോയി. പട്ടിയുടെ കണ്ണിനായിരുന്നു പരിക്ക് പറ്റിയത്. ഡോക്ടര്‍ തന്റെ രോഗിക്ക് ഡെന്‍ എന്ന് പേരിട്ടു വിളിച്ചു. ചികിത്സയിലൂടെയും മരുന്നുകളിലൂടെയും പരിക്ക് ഭേദമാക്കി. ഏറ്റവുമൊടുവില്‍ ഈ അസാധാരണ സംഭവം തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിക്കുവാനും താരം മറന്നില്ല. ഈ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്തപ്പെട്ടതോടെ ഡെന്‍ ഇപ്പോള്‍ നാട്ടില്‍ ഒരു സൂപ്പര്‍ സ്റ്റാറാണ്.

Top