സഭാ തര്‍ക്കത്തെ തുടര്‍ന്ന് 10 ദിവസമായി നീണ്ടുപോയ വര്‍ഗ്ഗീസ് മാത്യുവിന്റെ സംസ്‌കാരം നടത്തി

പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് നീണ്ടുപോയ കായംകുളം കട്ടച്ചിറയിലെ വര്‍ഗ്ഗീസ് മാത്യുവിന്റെ സംസ്‌കാരം നടത്തി. കലക്ടറുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് 10 ദിവസമായി നീണ്ടുപോയ സംസ്‌കാരം ഇന്ന് നടത്തിയത്. സഭാ തര്‍ക്കത്തെ തുടര്‍ന്നാണ്‌സംസ്‌കരിക്കാനാകാതെ വീട്ടിനുള്ളിലെ മൊബൈല്‍ മോര്‍ച്ചറിയില്‍ വര്‍ഗ്ഗീസ് മാത്യു (94) ന്റെ മൃതദേഹം വച്ചിരുന്നത്. ഈ മാസം മൂന്നാം തീയതിയാണ് മാത്യു മരിച്ചത്. വര്‍ഷങ്ങളായി കട്ടച്ചിറപള്ളിയുടെ അധികാരത്തിനായി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

തര്‍ക്കം കോടതിയില്‍ എത്തുകയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടാവുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.സഭാ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് മാസമായി ഇവിടെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ഇടവക വിശ്വാസികളുടെ ശവസംസ്‌ക്കാരം പള്ളി സെമിത്തേരിയില്‍ നടത്താന്‍ മാത്രമാണ് പിന്നീട് അനുവദിച്ചിരുന്നത്. വൈദികരൊഴികെ മരിച്ചയാളിന്റെ ബന്ധുക്കള്‍ മാത്രമേ പള്ളി സെമിത്തേരിയില്‍ പ്രവേശിക്കാവു എന്നതായിരുന്നു വ്യവസ്ഥ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മരിച്ച മാത്യൂവിന്റെ ചെറുമകന്‍ ജോര്‍ജി ജോണ്‍, വൈദികനായതിനാല്‍ പ്രവേശിപ്പിക്കണമെന്നതായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ മരിച്ചയാളിന്റെ ചെറുമകനായ ജോര്‍ജി ജോണിന് തന്റെ കൂടെ നിന്ന് കര്‍മ്മങ്ങള്‍ ചെയ്യാമെന്ന് കട്ടച്ചിറ പള്ളിയിലെ ഓര്‍ത്തഡോക്‌സ് വികാരിയായ ജോണ്‍സ് ഈപ്പന്‍ പറഞ്ഞു. മരിച്ചയാളിനെ ഓര്‍ത്തഡോക്‌സ് വികാരി അടക്കം ചെയ്താല്‍ നാളെ ഇത് നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭയമാണ് യാക്കോബായ വിഭാഗത്തെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊച്ചുമകനായ വികാരിയെ അന്ത്യ ശുശ്രൂഷ ചെയ്യാന്‍ അനുവദിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുന്നില്ല.

അവര്‍ക്ക് സ്വന്തം നിലയില്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്നും എന്നാല്‍ തന്റെ ഒപ്പം നിന്ന് കര്‍മ്മങ്ങളില്‍ പങ്കാളിയാകാമെന്നും ജോണ്‍സ് ഈപ്പന്‍ പറഞ്ഞു. മറിച്ച് ചെയ്താല്‍ അത് സുപ്രീകോടതി വിധിയുടെ ലംഘനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ഇരു വിഭാഗവുമായി കലക്ടര്‍ ഉള്‍പ്പടെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. മതാചാരപ്രകാരം മാത്രമേ സംസ്‌ക്കാര ശുശ്രൂഷകള്‍ നടത്താവൂ എന്ന ഉറച്ച തീരുമാനത്തിലാണ് ഇടവക കമ്മിറ്റിയും വിശ്വാസികളും. വിശ്വാസിയുടെ ശവസംസ്‌ക്കാരത്തിന് അനുമതി നിഷേധിച്ചതിനെതിരെ ഇന്നലെ ഇടവക പ്രതിഷേധ ദിനം ആചരിച്ചിരുന്നു. മരിച്ച് 10 ദിവസം കഴിഞ്ഞിട്ടും മൃതദേഹം ഇപ്പോഴും വീടിനുള്ളിലെ മൊബൈല്‍ മോര്‍ച്ചറിയിലായിരുന്നു. ഒടുവില്‍ ഇന്ന് രാവിലെയാണ് കലക്ടറുടെ അന്ത്യശാസനത്തെ തുടര്‍ന്ന് സംസ്‌കാരം നടത്തിയത്.

Top