ചുരിദാർ വിൽപ്പനയുമായി ഇതര സംസ്ഥാനക്കാർ എത്തിയാൽ സൂക്ഷിക്കുക ഭാഗ്യ പരീക്ഷണത്തിന്റെ പേരിൽ നടക്കുന്ന ചുരിദാർ ചൂതാട്ടത്തിലൂടെ വലിയ തുകയാണു വീട്ടമ്മമാർക്കു നഷ്ടമാകുന്നത്. ഇവരുടെ വാഗ്ദാനങ്ങളിൽ കുടുങ്ങി പണം നഷ്ടമാകുന്ന വീട്ടമ്മമാരുടെ എണ്ണം വർദ്ധിച്ചതായാണ് റിപ്പോർട്ട്.
ഹിന്ദി കലർന്ന മലയാളവുമായി ചുരിദാർ വിൽപനയ്ക്കായി വീട്ടിലെത്തുന്നവർ ചുരിദാറിന്റെ പേരിൽ വീട്ടമ്മമാരെ ചൂതാട്ടത്തിനു പ്രേരിപ്പിക്കുകയാണ് ഇവരുടെ പതിവ്.ഗ്രാമ പ്രദേശങ്ങളിലാണു തട്ടിപ്പു സംഘമെത്തിയിരി ക്കുന്നത്. കിഴക്കേക്കര, വാളകം, പെരുവംമൂഴി, മഴുവന്നൂർ എന്നിവിടങ്ങളിലെ നൂറുകണക്കിനു വീടുകളിൽ ഇത്തരം സംഘമെത്തി.
600, 1000, 1300 എന്നിങ്ങനെ വിലയുള്ള ചുരിദാറുകൾ വാങ്ങിയാൽ ചുരിദാറിനൊപ്പം സമ്മാന കൂപ്പണുണ്ടാകുമെന്നും വലിയ സമ്മാനങ്ങൾ അടിക്കുമെന്നും സമ്മാനകൂപ്പൺ കിട്ടിയില്ലെങ്കിൽ മൂന്നു ചുരിദാർ സൗജന്യമായി നൽകുമെന്നും വാങ്ങിയ പണം തിരികെ നൽകുമെന്നും വാഗ്ദാനം ചെയ്താണ് ഇത്തരം സംഘങ്ങൾ വീടുകളിലെത്തുന്നത്. തയ്യൽ മെഷീൻ, മൊബൈൽ ഫോൺ, ടിവി, തുണിത്തരങ്ങൾ, അയേൺ ബോക്സ് എന്നിവയാണു സമ്മാന കൂപ്പണിലുണ്ടാകുക.
എന്നാൽ തുണിത്തരങ്ങൾക്കൊഴികെ ബാക്കിയുള്ളവയ്ക്കെല്ലാം നിശ്ചിത തുകയാണു സമ്മാനമായി നൽകുക. തയ്യൽ മെഷീന് 3500 രൂപയും ടെലിവിഷന് 4000 രൂപയും, മൊബൈൽ ഫോണിനു 1500 രൂപയുമാണു നിശ്ചയിച്ചിരിക്കുന്ന തുക. സമീപ പ്രദേശത്തുള്ള വീട്ടമ്മയ്ക്ക് വലിയ സമ്മാനം ലഭിച്ച കാര്യമൊക്കെ ഇവർ അറിയിക്കും. വിശ്വസനീയമായ രീതിയിലുള്ള അവതരണം കേട്ട് വീട്ടമ്മമാർ ചുരിദാർ വാങ്ങാൻ തയാറാകും. തുടർന്നാണ് കുലുക്കി കുത്ത് ആരംഭിക്കുന്നത്.
മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി ചുരിദാറെടുക്കാൻ വീട്ടമ്മ തയാറായാൽ 600 രൂപയുടെ ചുരിദാർ കൊള്ളില്ലെന്നും എടുക്കുകയാണെങ്കിൽ 1000, 1300 രൂപയുടെ ചുരിദാറുകൾ എടുക്കാനും ഇവർ പ്രേരിപ്പിക്കും. ആദ്യം പണം നൽകണം. ചുരിദാർ പായ്ക്കറ്റ് പൊട്ടിക്കുമ്പോൾ എന്തായാലും സമ്മാനകൂപ്പൺ ഉണ്ടാകും. സമ്മാന കൂപ്പണില്ലെങ്കിൽ മൂന്നു ചുരിദാറും വാങ്ങിയ പണവും തിരികെ നൽകുമെന്നാണല്ലോ വാഗ്ദാനം. ചുരിദാർ പായ്ക്കറ്റിൽ നിന്നു ലഭിക്കുന്നത് മിക്കവാറും ഷർട്ടിനും പാന്റിനുമുള്ള തുണിക്കായുള്ള സമ്മാന കൂപ്പണായിരിക്കും.
തുടർന്ന് ഇവർ വീണ്ടും ഒരു ചുരിദാർ കൂടി എടുക്കാൻ നിർബന്ധിക്കും. എടുത്തില്ലെങ്കിൽ പരീക്ഷണത്തിനായി ഒരു ചുരിദാർ പായ്ക്കറ്റ് എടുത്തു പൊട്ടിക്കാൻ ആവശ്യപ്പെടും. ഇങ്ങനെ ചെയ്യുമ്പോൾ പായ്ക്കറ്റിനുള്ളിൽ വലിയ സമ്മാനങ്ങളുടെ കൂപ്പണായിരിക്കും ഉണ്ടാകുക. പണം കൊടുത്തിരുന്നുവെങ്കിൽ വലിയ ലാഭമുണ്ടാകുമായിരുന്നുവെന്ന നിരാശാ ബോധത്തിലാ യിക്കഴിഞ്ഞ വീട്ടമ്മയോട് പകുതി പണമെങ്കിലും നൽകി ചുരിദാർ എടുക്കാൻ ആവശ്യപ്പെടും. ഇതിൽ സമ്മാനത്തിന്റെ പകുതിയേ നൽകുകയുള്ളൂവെന്നാണു വ്യവസ്ഥ. ഇങ്ങനെ മിനിറ്റുകൾ കൊണ്ടു വലിയ തുകയുമായി ഇവർ മടങ്ങും. പണം കൊടുത്തു കിട്ടിയ ചുരിദാറുകൾ ദിവസങ്ങൾക്കുള്ളിൽ ഉപയോഗശൂന്യമാകുകയും ചെയ്യും. ചുരിദാർ ചൂതാട്ടം നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു പെരുവം മൂഴിയിലുള്ള യുവാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.


