കൗമാര കാലത്തെ പ്രണയവും മറ്റ് ചങ്ങാത്തങ്ങളുമൊക്കെ ചിലപ്പോഴൊക്കെ അവരെ ചതിക്കുഴികളിലും വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലും അകപ്പെടാറുണ്ട്. ഇത്തരം ചതിക്കുഴികളൊഴിവാക്കാന്‍ കേരള പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പതിവാണ്. അത്തരത്തില്‍ തൃശ്ശൂരില്‍ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചതിന് പിന്നാലെ പൊലീസുകാരന് വന്ന ഒരു ഫോണ്‍ കോളിനെക്കുറിച്ച് തൃശ്ശൂര്‍ സിറ്റി പൊലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്
തൃശൂര്‍ സിറ്റി പൊലീസിനവ്‌റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ഇത് കെ. എന്‍. നിധിന്‍. പാവറട്ടി പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍. നന്നായി സംസാരിക്കുന്ന സ്വഭാവക്കാരന്‍. സ്‌കൂളുകളിലും, കോളേജുകളിലും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അധ്യാപക രക്ഷാകര്‍തൃ സമിതി യോഗങ്ങളില്‍ ജനമൈത്രി പൊലീസിനെ പ്രതിനിധീകരിച്ച് നിധിന്‍ പങ്കെടുക്കാറുണ്ട്.
ഇക്കഴിഞ്ഞദിവസം പാവറട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗേള്‍സ് സ്‌കൂളില്‍ പി.ടി.എ യോഗം നടന്നിരുന്നു. യോഗത്തിനുമുന്നോടിയായി കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു അവബോധന ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പൊലീസുദ്യോഗസ്ഥനെന്ന നിലയില്‍ നിധിന്‍ ആയിരുന്നു ക്ലാസ് നയിച്ചത്.
പുതിയ തലമുറയിലെ കുട്ടികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍, സൈബര്‍ രംഗത്തെ ചതിക്കുഴികള്‍, വീടിനകത്തും പൊതുസ്ഥലത്തും കുട്ടികള്‍ പാലിക്കേണ്ട സുരക്ഷ നിര്‍ദ്ദേശങ്ങള്‍ തുടങ്ങി, തന്റെ പൊലീസ് ജീവിതത്തില്‍ കണ്ടുമുട്ടിയ സാഹചര്യങ്ങളെ കോര്‍ത്തിണക്കി, നിധിന്‍ തന്റെ അവബോധന ക്ലാസ്സ് തുടര്‍ന്നു. കുട്ടികള്‍ വളരെ ആകാംക്ഷയോടെ കേട്ടിരുന്നു. ക്ലാസ്സ് കഴിഞ്ഞ്, കുറേ കുട്ടികള്‍ നിധിന്റെ ചുറ്റും കൂടി. അവര്‍ പിന്നേയും പിന്നേയും സംശയങ്ങള്‍ ചോദിച്ചു. അവക്കെല്ലാം കൃത്യമായ മറുപടി. സ്‌നേഹത്തോടെയുള്ള ഉപദേശങ്ങള്‍. തിരികെ പോരുമ്പോള്‍ തന്റെ മൊബൈല്‍ഫോണ്‍ നമ്പര്‍ ടീച്ചറുടെ കൈവശം കൊടുത്തു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍.
ഒന്നു രണ്ടു ദിവസം കഴിഞ്ഞു. പൊലീസ് സ്റ്റേഷനിലെ തന്റെ ഡ്യൂട്ടികളുമായി തിരക്കിലായിരുന്നു നിധിന്‍. അപ്പോഴാണ് ഒരു ടെലിഫോണ്‍ കോള്‍. കഴിഞ്ഞ ദിവസം ക്ലാസ്സെടുത്ത സ്‌കൂളിലെ ടീച്ചറാണ്. സര്‍, അത്യാവശ്യമായി ഒന്നിവിടെവരെ വരുമോ ? എന്താ കാര്യം. ഒമ്പതാം ക്ലാസ്സിലെ ഒരു കുട്ടിക്ക് സാറിനെ കാണണം.
എത്രയും പെട്ടെന്ന് സാറ് ഇവിടം വരെ വരണം. ടീച്ചറുടെ ഫോണ്‍ വിളിയിലെ അസ്വാഭാവികത മനസ്സിലാക്കി, നിധിന്‍ അപ്പോള്‍ തന്നെ തന്റെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. നേരെ സ്‌കൂളിലെത്തി. ഹെഡ്മിസ്ട്രസ്സിന്റെ മുറിയിലേക്ക് നടന്നു. ടീച്ചര്‍മാരെല്ലാവരും അവിടെ വട്ടം കൂടി നില്‍ക്കുകയായിരുന്നു. സാറിനെ കാണണമെന്നു പറഞ്ഞ് ഇവള്‍ നിര്‍ബന്ധിക്കുകയാണ്. ഞങ്ങള്‍ എത്ര ചോദിച്ചിട്ടും ഒന്നും മിണ്ടുന്നില്ല. സാറിനോടുമാത്രമേ പറയൂ എന്നാണ് ഇവള്‍ പറയുന്നത്. ഹെഡ്മിസ്ട്രസ്സിന്റെ മേശക്കുമുന്നില്‍ മുഖം പൊത്തി കരയുന്ന പെണ്‍കുട്ടിയെ ചൂണ്ടി ടീച്ചര്‍മാര്‍ അവരുടെ നിസ്സഹായാവസ്ഥ വിവരിച്ചു. എല്ലാവരുടേയും മുന്നില്‍ വെച്ച് എങ്ങിനെ കുട്ടിയോട് സംസാരിക്കും ? നിധിന്‍ കുട്ടിയെ സമാധാനിപ്പിച്ചു.
എന്തുകാര്യമുണ്ടെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാം. ആശ്വാസം നല്‍കുന്ന വാക്കുകള്‍ നല്‍കി. ആളൊഴിഞ്ഞ വരാന്തയിലൂടെ അവളെ കൂടെക്കൂട്ടി നടന്നു.
പെണ്‍കുട്ടി ആത്മവിശ്വാസം വീണ്ടെടുത്തു എന്നു തോന്നിയപ്പോള്‍ നിധിന്‍ ചോദിച്ചു. എന്താ മോളേ, നിന്റെ പ്രശ്‌നം ? ധൈര്യമായി പറഞ്ഞോളൂ. സര്‍,
ഞാന്‍ രണ്ടു മൂന്നു ദിവസമായി ഉറങ്ങിയിട്ട്. സാറിന്റെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞതിനുശേഷം ഞാന്‍ ഉറങ്ങിയിട്ടില്ല. അവള്‍ പറഞ്ഞു തുടങ്ങി.
സൈബര്‍ ചതിക്കുഴികളെക്കുറിച്ച് സാറിന്റെ ക്ലാസ്സില്‍ പറഞ്ഞതു മുഴുവന്‍ സത്യമാണ്. എനിക്ക് ഒരു ആണ്‍കുട്ടിയോട് സ്‌നേഹമാണ്. അവന്‍ എന്നേയും സ്‌നേഹിക്കുന്നു. ഞങ്ങള്‍ രണ്ടുപേരും വാട്‌സ്ആപ്പിലും സ്‌നാപ്പ് ചാറ്റിലുമൊക്കെ ധാരാളം ചാറ്റിങ്ങ് ചെയ്യാറുണ്ട്. അവന്റേയും എന്റേയും ഫോട്ടോകളും, വീഡിയോകളുമൊക്കെ പരസ്പരം ഷെയര്‍ ചെയ്യും. കഴിഞ്ഞ ദിവസം അവന്‍ എന്നോട് എന്റെ ഒരു Nude ഫോട്ടോ ആവശ്യപ്പെട്ടു. എനിക്ക് അത് നിരസിക്കാന്‍ കഴിഞ്ഞില്ല. എന്റെ Nude ഫോട്ടോ തരാന്‍ പറ്റില്ല എന്നു പറഞ്ഞാല്‍ അവന് എന്നോട് ഇഷ്ടമില്ലാതാകും. നിനക്ക് എന്നെ വിശ്വാസമില്ലേ എന്നാണ് അവന്റെ ചോദ്യം. അവന്റെ ആഗ്രഹത്തിനനുസരിച്ച് ഞാന്‍ എന്റെ നഗ്‌ന ഫോട്ടോ അയച്ചു കൊടുത്താല്‍, സാറ് ഇന്നലെ ക്ലാസ്സില്‍ പറഞ്ഞതുപോലെ സംഭവിക്കുമോ എന്നാണ് എനിക്ക് പേടി. അതുകൊണ്ട് ഞാനിപ്പോള്‍ വലിയ ബുദ്ധിമുട്ടിലാണ് സാറേ…. പെണ്‍കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷം നിധിന്‍ തിരിച്ചറിഞ്ഞു.
നിധിന്‍ പെണ്‍കുട്ടിയോട് പറഞ്ഞത് ഇങ്ങനെ:
”No എന്ന് പറയേണ്ടിടത്ത് No എന്നു തന്നെ പറയാന്‍ കഴിയണം. സമൂഹമാധ്യമത്തില്‍ എന്നല്ല, ഇന്റര്‍നെറ്റില്‍ ഒരു തവണ ഒരു നഗ്‌നചിത്രം കൈമാറിയാല്‍ അത് പിന്നീട് ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയുകയില്ല.” ”എത്ര നല്ല സുഹൃത്തായിരുന്നാലും ശരി, നമ്മള്‍ അയച്ചു കൊടുക്കുന്ന നഗ്‌നചിത്രം ഒരിക്കലും ദുരുപയോഗം ചെയ്യുകയില്ലെന്ന് പറയാന്‍ കഴിയുകയില്ല. പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും ആരംഭിക്കുന്നത് ഇത്തരത്തിലുള്ള ലൈംഗിക ചൂഷണമാണ്. ഒരിക്കല്‍ ചിത്രം അയച്ചു നല്‍കിയാല്‍ അതിനുവേണ്ടി വീണ്ടും വീണ്ടും അവര്‍ ആവശ്യപ്പെടും. ആവശ്യപ്പെടുന്നത് നല്‍കിയില്ലെങ്കില്‍ അവരുടെ കൈവശമുള്ള നമ്മുടെ നഗ്‌നചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. അങ്ങിനെ അത് വലിയ കുറ്റകൃത്യമായി പരിണമിക്കും.” ”കുട്ടി ഇപ്പോള്‍ ഒമ്പതാം ക്ലാസ്സിലല്ലേ പഠിക്കുന്നത്. ഇപ്പോള്‍ നമുക്ക് നന്നായി പഠിക്കാന്‍ ശ്രമിക്കാം. അതിനുശേഷം, മുതിര്‍ന്ന കുട്ടിയാകുമ്പോള്‍, സ്വന്തം നിലയില്‍ നില്‍ക്കാന്‍ കഴിയുമ്പോള്‍, ഇഷ്ടപ്പെട്ടയാളെ സ്‌നേഹിക്കുകയും, വിവാഹം കഴിക്കുകയുമൊക്കെ ചെയ്യാം. അതുവരേയും കുട്ടി നന്നായി പഠിക്കുകയും, മികച്ചവളായി മാറുകയും വേണം.”
പോലീസുദ്യോഗസ്ഥനായ നിധിന്റെ വാക്കുകളില്‍നിന്നും അവള്‍ക്ക് പുതു ഊര്‍ജ്ജം ലഭിച്ചു. അവള്‍തന്നെ അവളുടെ സങ്കടങ്ങള്‍ ക്ലാസ്സ് ടീച്ചറോട് തുറന്നു പറഞ്ഞു. അവരെല്ലാം അവളുടെ ഒപ്പം നിന്നു. പഠനത്തില്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായ അവള്‍ ഇന്ന് സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിമാത്രമല്ല, മറ്റുള്ളവര്‍ക്ക് മാതൃക കൂടിയാണ്. നിധിനെപ്പോലുള്ള എത്രയെത്ര പോലീസുദ്യോഗസ്ഥരാണ് വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും ജനങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ കണ്ണീരൊപ്പുകയും ചെയ്യുന്നത്. അത്തരത്തിലൊരു സംഭവം മാത്രമാണിത്. സിവില്‍ പൊലീസ് ഓഫീസര്‍ കെ.എന്‍. നിധിന്‍, താങ്കള്‍ക്ക് തൃശൂര്‍ സിറ്റി പൊലീസിന്റെ അഭിനന്ദനങ്ങള്‍.