ബീഫ് പ്രശ്‌നത്തില്‍ ബിജെപിക്കെതിരെ പൊട്ടിത്തെറിച്ച് സി.കെ ജാനു; രൂക്ഷ വിമര്‍ശനം മോദിയുടെയും അമിത്ഷായുടെയും മുന്നില്‍

ഡല്‍ഹി: എന്‍ഡിഎ നേതൃയോഗത്തില്‍ ബിജെപി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ബീഫ് വിഷയത്തില്‍ സി.കെ.ജാനുവിന്റെ രൂക്ഷവിമര്‍ശനം. ബിജെപി നേതൃത്വം ബീഫ് പോലുള്ള തര്‍ക്കവിഷയങ്ങള്‍ നിരന്തരം ഉന്നയിക്കുന്നതു കേരളത്തിലെ സഖ്യകക്ഷികള്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി ജാനു തുറന്നടിച്ചു.

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍പോലും ബീഫ് വിഷയമായെന്നു ജാനു ചൂണ്ടിക്കാട്ടി. ബീഫ് പോലുള്ള വിവാദവിഷയങ്ങള്‍ ഉപേക്ഷിച്ചു ബിജെപി നേതൃത്വം ദലിത്, ആദിവാസി, തൊഴിലാളി പ്രശ്‌നങ്ങള്‍ക്കു മുന്‍തൂക്കം നല്‍കണമെന്നും ജാനു ആവശ്യപ്പെട്ടു. ദലിതര്‍ക്കും ആദിവാസികള്‍ക്കുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ അവരിലെത്തുന്നുവെന്ന് ഉറപ്പാക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി തുടങ്ങിയ സമുന്നത നേതാക്കളുടെ സാന്നിധ്യത്തിലാണു ജാനുവിന്റെ നിശിത വിമര്‍ശനമുണ്ടായത്. കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസാണ് ജാനുവിന്റെ മലയാള പ്രസംഗം ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തിയത്. എന്‍ഡിഎ നേതൃയോഗ വേദിയിലെ പുഷ്പാലങ്കാരത്തെ മുന്നണിയുമായി താരതമ്യം ചെയ്തു പി.സി.തോമസ് നടത്തിയ പ്രസംഗവും ശ്രദ്ധേയമായി.

എന്‍ഡിഎ അംഗങ്ങളുടെയെല്ലാം മേശകളിലെ പുഷ്പതാലത്തില്‍ താമരയ്‌ക്കൊപ്പം മുല്ലപ്പൂക്കളും നിരത്തിയിരുന്നതിനെയാണ് പി.സി.തോമസ് മുന്നണിയുമായി ഉപമിച്ചത്. താമരയ്ക്കു ചുറ്റും മുല്ലപ്പൂക്കളും ചേരുമ്പോള്‍ ഭംഗിയേറുന്നതുപോലെ, മുന്നണിക്കു സഖ്യകക്ഷികള്‍ അലങ്കാരമാണെന്നു പി.സി.തോമസ് പറഞ്ഞത് എന്‍ഡിഎ നേതാക്കള്‍ കയ്യടികളോടെ സ്വാഗതം ചെയ്തു.

എന്‍ഡിഎയില്‍ ജനങ്ങള്‍ വന്‍തോതില്‍ വിശ്വാസമര്‍പ്പിക്കുന്നതായും മുന്നണി ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരനേതൃത്വം പ്രയോജനപ്പെടുന്നതായും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംപിയും യോഗത്തില്‍ പങ്കെടുത്തു.

Top