ലീഗിനെ ഇടതുപാളയത്തില്‍ എത്തിക്കാന്‍ സിഎംപി

കോട്ടയം: മുസ് ലീം ലീഗിനെ ഒപ്പം കൂട്ടാന്‍ എല്‍.ഡി.എഫ് തയ്യാറാവണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കെ.ആര്‍.അരവിന്ദാക്ഷന്‍. ദേശീയ രാഷ ്ട്രീയം വര്‍ഗീയ ശക്തികളുടെ കൈപ്പിടിയിലായ സാഹചര്യത്തില്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്നതാണ് നല്ലതെന്ന് ലീഗിലെ വലിയ വിഭാഗം ആഗ്രഹിക്കുന്നതായും കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ലീഗിനെക്കുറിച്ച് സി.പി.എമ്മിന് മുമ്പുണ്ടായിരുന്ന അഭിപ്രായം മാറിയത് ശുഭസൂചനയാണ്. ഐസിസ് പോലുള്ള സംഘടനകളുടെ തീവ്രവാദം ലോകത്ത് ശക്തമാവുന്ന സാഹചര്യത്തില്‍ മതേതരനിലപാട് ഉയര്‍ത്തിപ്പിടിച്ച് പാരമ്പര്യമുള്ള ലീഗ് മുന്നണിയിലുള്ളത് വര്‍ഗീയതീവ്രവാദത്തെ നേരിടുന്നതിന് സഹായകരമാണ്. വര്‍ഗീയതയോട് മൃദുസമീപനമുള്ള കോണ്‍ഗ്രസ്, ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ജാതി സംഘടനകളുടെ തീവ്രനിലപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ്. എസ്.എന്‍.ഡി.പിയെയും ബി.ജെ.പിയെയും ഉപയോഗിച്ച് എല്‍.ഡി.എഫിനെ തകര്‍ക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ശ്രീനാരായണധര്‍മത്തില്‍ നിന്ന് വ്യതിചലിച്ചപ്പോഴെല്ലാം എസ്.എന്‍.ഡി.പിക്ക് കോട്ടം സംഭവിച്ചിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ സി.എം.പിക്ക് അര്‍ഹമായ പരിഗണന എല്‍.ഡി.എഫ് തന്നതായും മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉള്ളതെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.

Top