ബീഫ് ഫെസ്റ്റില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് ബീഫ് നല്‍കി സിപിഎം നേതാവ്; പ്രതിഷേധങ്ങള്‍ പാര്‍ട്ടികളെ തിരിഞ്ഞ് കുത്തുന്നു

കന്നുകാലി വ്യാപാരത്തിലും കശാപ്പിലും കേന്ദ്രം കൊണ്ട് വന്ന നിയന്ത്രണത്തിന് എതിരായ സംമരം ഇപ്പോള്‍ സിപിഎമ്മിനെയും തിരിഞ്ഞ് കുത്തുകയാണ്. പ്രതിഷേധത്തിനായി തെരഞ്ഞെടുത്ത ബീഫ് ഫെസ്റ്റുകളില്‍ ഇവര്‍ നടത്തിയ കോപ്രായങ്ങളാണ് തരിഞ്ഞ് കുത്തുന്നത്.

നേരത്തെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജുല്‍ മാക്കുറ്റി പരസ്യമായി മാടിനെ അറുത്തത് വന്‍ പ്രതിഷേധമാവുകയും പൊലീസ് കേസെടുക്കുകയും നേതാവിനെ ദേശീയ നേതൃത്വം ഇടപെട്ട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇന്ന് കൊച്ചുകുഞ്ഞിന് ബീഫ് രുചിക്കാന്‍ നല്‍കിയ സി.പി.എം നേതാവിന്റെ പ്രവൃത്തിയും വന്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്. എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ബീഫ് നല്‍കിയതാണ് ചര്‍ച്ചയാവുന്നത്. സി.പി.എം കോഴിപ്പിള്ളി മുന്‍ ബ്രാഞ്ച് സെക്രട്ടറി കെകെ ശശിയുടെ മകന്‍ രാരീഷിന്റെ കുഞ്ഞിനാണ് ബീഫ് നല്‍കിയത്.

ഏരിയാ കമ്മിറ്റിയംഗമായ എംജി രാമകൃഷ്ണന്‍ ആണ് ബീഫ് കുഞ്ഞിന്റെ വായില്‍ വച്ചുകൊടുക്കുന്നത്. ചടങ്ങിന്റെ ഭാഗമായി യോഗവും സംഘടിപ്പിച്ചിരുന്നു. വാരപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഎസ് ബാലകൃഷ്ണന്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ബ്രാഞ്ച് സെക്രട്ടറി കെകെ ശിവന്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. പിആര്‍ഡി ഉദ്യോഗസ്ഥനും ഇന്നസെന്റ് എംപിയുടെ പിഎയുമായ ബി സേതുനാഥും സംബന്ധിച്ചു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിഷയം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍. പിഞ്ചുകുഞ്ഞിനെ പോലും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന നിലയിലേക്ക് സിപിഎമ്മിന്റെ പ്രതിഷേധം തരംതാണുവെന്ന വിമര്‍ശനങ്ങളും ഉയരുന്നു.

Top