തളിപ്പറമ്പ് : കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് ധീരജിൻ്റെ വീട്ടിൽ സന്ദർശനം നടത്തി എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ.ധീരജിന്റെ കൊലപാതകത്തിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് പി.സി. ചാക്കോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തോക്ക് കൊണ്ടുനടക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന നേതാവാണ് കെ. സുധാകരനെന്ന് പി.സി. ചാക്കോ ആരോപിച്ചു.
കോണ്‍ഗ്രസില്‍ ആരും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല എന്നും പിസി ചാക്കോ ചൂണ്ടിക്കാട്ടി. നിര്‍ഭാഗ്യവശാല്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന പദവിയില്‍ കെ സുധാകരൻ എത്തിച്ചേര്‍ന്നു എന്നത് കോണ്‍ഗ്രസ് എത്രത്തോളം തകര്‍ച്ചയിലേക്ക് എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് എന്നും പിസി ചാക്കോ കഴിഞ്ഞ ദിവസം പറഞ്ഞു.
കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി കാണാന്‍ മാനസികമായി തയാറില്ലാത്തവരാണ് കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസുകാരുമെന്നും പി.സി ചാക്കോ കൂട്ടിച്ചേർത്തു.
അക്രമത്തെ ന്യായീകരിക്കുകയും അക്രമകാരികളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് സുധാകരന്റെ നയമെങ്കിൽ കേരളത്തിലെ കോൺഗ്രസിൽ സുധാകരനെതിരെ വലിയ വിഭാഗം ആളുകൾ നിലപാടെടുക്കുന്ന ദിവസം വരുമെന്നും പിസി ചാക്കോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പി സി ചാക്കോ ധീരജിന്റെ വീട്ടിൽ സന്ദർശനം നടത്തിയത്.വി.ജി രവീന്ദ്രൻ, എം.പി മുരളി, വി.വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, അനിൽ പുതിയവീട്ടിൽ, മീത്തൽ കരുണാകരൻ, പി.സി സനൂപ് എന്നിവരും പിസി ചാക്കോയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
ഇതിനിടെ ധീരജ് വധക്കേസിൽ കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസ് കൂടി പോലീസിന്റെ പിടിയിലായി . മുരിക്കാശേരിയില്‍ നിന്നാണ് കേസിലെ നാലാം പ്രതിയായ നിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ ആറ് പേരാണ് കേസിൽ അറസ്റ്റിലായത്.
കൊല നടത്തിയ കത്തി ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.