വെറും കൈ കൊണ്ട് സ്പര്‍ശിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയം നടത്തുന്ന രണ്ട് അന്ധ യുവതികള്‍  

 

 

കൊളംബിയ :തങ്ങളുടെ സവിശേഷമായ സ്പര്‍ശന ശേഷി കൊണ്ട് ക്യാന്‍സര്‍ എന്ന രോഗത്തെ കണ്ടെത്തി ലോകത്തെ വിസ്മയിപ്പിക്കുകയാണ് ഈ രണ്ട് അന്ധ യുവതികള്‍. കൊളംബിയന്‍ സ്വദേശിനികളായ ലൈയ്ഡി ഗാര്‍സിയ, ഫ്രാന്‍സിയ പാപ്പമിച എന്നീ രണ്ട് അന്ധ യുവതികളെയാണ് കൊളംബിയയില്‍ ഇന്ന് ക്യാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനായി ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്നത്. തുടക്കത്തില്‍ തന്നെ രോഗ നിര്‍ണ്ണയം നടത്തുകയാണെങ്കില്‍ ക്യാന്‍സര്‍ എന്ന മഹാവ്യാധിയെ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റുവാന്‍ സാധിക്കും. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ രോഗത്തിന്റെ ലക്ഷണങ്ങളെ പ്രാരംഭ ദിശയില്‍ കണ്ടെത്തുവാന്‍ സാധിക്കില്ല. എന്നാല്‍ അന്ധരായ വ്യക്തികളില്‍ സ്പര്‍ശന ശേഷി വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ ഈ കഴിവ് പരിപോഷിപ്പിക്കുകയാണെങ്കില്‍ രോഗിയുടെ ശരീരത്തില്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ വളരുന്ന ചെറുമുഴകളെയും കോശങ്ങളുടെ കൂടി ചേരലുകളെയും കണ്ടെത്താനാവും എന്ന കാര്യത്തില്‍ വൈദ്യ ശാസ്ത്രത്തില്‍ നേരത്തെ തന്നെ പരീക്ഷണങ്ങള്‍ നടത്തി വന്നിരുന്നു. ജര്‍മ്മന്‍ ഡോക്ടറായ ഫ്രാങ്ക് ഹോഫ്മാനാണ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇത്തരമൊരു ആശയം അവതരിപ്പിച്ചത്. ഈ രീതി അവലംബിച്ചാണ് രണ്ട് യുവതികളും ക്യാന്‍സര്‍ രോഗ നിര്‍ണ്ണയം നടത്തുന്നത്. സ്തനാര്‍ബുദ്ദ ചികിത്സാ രംഗത്താണ് ഈ രീതി കൂടുതല്‍ പ്രായോഗികമാകുന്നത്. ശരീരത്തില്‍ 15 -20 മില്ലിമീറ്റര്‍ വരെ ആഴത്തിലുള്ള മുഴകളെ ഇത്തരത്തില്‍ സ്പര്‍ശനത്തിലൂടെ കണ്ടെത്താനാവും എന്ന് ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഉപകരണങ്ങളുടെ സഹായത്തോടെ 10 മില്ലിമീറ്റര്‍ താഴെ ആഴത്തിലുള്ള മുഴകളയെ കണ്ടെത്താനാവു. കൂടാതെ 8 മില്ലിമീറ്റര്‍ മാത്രം വലുപ്പമുള്ള മുഴകളെ വരെ ഇവരുടെ സ്പര്‍ശനത്തില്‍ അറിയാന്‍ സാധിക്കും. രോഗ വാഹികളായ കോശങ്ങളെയും അല്ലാത്തവയെയും വേര്‍തിരിച്ചറിയാനും ഇവര്‍ക്ക് പ്രത്യേക കഴിവാണ്. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന വര്‍ഷം തോറും 2500 മരണങ്ങളാണ് കൊളംബിയയില്‍ സംഭവിക്കുന്നത്. 7000 പുതിയ രോഗികളും ഓരോ വര്‍ഷവും സൃഷ്ടിക്കപ്പെടുന്നു. ഇതിനെ തുടര്‍ന്നാണ് ഈ യുവതികള്‍ തങ്ങളുടെ അന്ധത മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമാം വിധം സമൂഹ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ തീരുമാനിച്ചത്. ഇതുവരെ 900 പേരെ ഇവര്‍ ക്യാന്‍സറിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ നിര്‍ണ്ണയം നടത്തി.

Top