
കൊച്ചി: കാക്കനാട് കെബിപിഎസ് പ്രസില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടക്കുന്നതിനിടയില്‍ ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്ന സമയത്ത ഒരു ചാക്ക് ചുമലില്‍ താങ്ങി ഒരാള്‍ അകത്തേക്ക് പോയി. എല്ലാ ജോലിയും ചെയ്യാന്‍ തയ്യാറായി സെപ്തംബര്‍ ഒന്നു മുതല്‍ അയാള്‍ കെ.ബി.പി.എസിന് മുന്നിലുണ്ട്. ആ ആള്‍ കലക്ടറായിരുന്നുവെന്ന് അറിഞ്ഞവര്‍ അപൂര്‍വമായിരുന്നു. ദാദ്ര – നഗര്‍ ഹവേലി കലക്ടറും കോട്ടയം പുതുപ്പള്ളി സ്വദേശിയുമായ കണ്ണന്‍ ഗോപിനാഥനാണ് അവധിയെടുത്ത് ആരുമറിയാതെ കേരളത്തിലെ ക്യാംപുകളിലെത്തിയത്. മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത ശേഷമാണ് അടുത്ത ദിവസം എറണാകുളത്ത് എത്തിയത്. 26നു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്ഷന്‍ സെന്ററില്‍ നിന്നു കെഎസ്ആര്‍ടിസി ബസില്‍ കയറി നേരെ പോയതു പത്തനംതിട്ടയിലേക്ക്.
അവിടെ കലക്ഷന്‍ സെന്ററിലെത്തിയ കണ്ണനോടു ക്യാംപ് കോ–ഓര്‍ഡിനേറ്റര്‍ക്കു പറയാനുണ്ടായിരുന്നത് ഇത്രമാത്രം- ‘ബാഗ് മാറ്റിവച്ചിട്ട് പണി തുടങ്ങിക്കോളൂ’. മറ്റു യുവാക്കള്‍ക്കൊപ്പം കണ്ണനും കൂടി. ഓരോ ദിവസവും ഓരോ ക്യാംപില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ പണിയെടുത്തു. രാത്രി കഴിച്ചുകൂട്ടിയതു സമീപ ലോഡ്ജുകളിലും മറ്റും. ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു ദാദ്ര- നഗര്‍ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നെങ്കിലും പ്രളയബാധിത മേഖലകളിലേക്കു പോകുമെന്ന് അറിയിച്ചിരുന്നില്ല. മിസോറമില്‍ കലക്ടറായിരുന്നപ്പോള്‍ വിദ്യാഭ്യാസരംഗത്ത് കണ്ണന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയും സബ് കളക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെ.ബി.പി എസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കളക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.
സ്വന്തം ബാച്ചുകാരന്‍ ജില്ലാ കളക്ടര്‍ ആയിരിക്കുന്ന ആലപ്പുഴയില്‍ പോയിട്ട് പോലും ആരോടും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നാല്‍ കഴിയുന്ന പോലെ പ്രവര്‍ത്തിച്ച ശേഷമാണ് കണ്ണന്‍ ഗോപിനാഥന്‍ എറണാകുളത്ത് എത്തിയത്. ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെല്‍ഫി എടുക്കാനായി മറ്റും ചുറ്റും കൂടിയെങ്കിലും കലക്ടര്‍ അതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിച്ചു. ആരുമറിയാതെ സേവനത്തിനായി ഇവിടെ എത്തിയ കളലക്ടര്‍ തിങ്കളാഴ്ച വൈകുന്നേരം ദാദ്ര നഗര്‍ ഹവേലിയ്ക്ക് തിരിച്ചുപോയി. 2012 ബാച്ച് ഐ എ എസ് കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍.