
കോഴിക്കോട്: സദാചാര പൊലീസ് ചമയുന്നവര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് രംഗത്ത്. ഒളിഞ്ഞ് നോട്ടവും സദാചാര പൊലീസ് ചമയലും അത്ര നന്നല്ലെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അറിയിച്ച് കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കവിഞ്ഞ ദിവസം അമ്മയും മകനും ബൈക്കില്‍ യാത്ര ചെയ്യുന്ന വേളയില്‍ സദാചാര പൊലീസ് ചമഞ്ഞെത്തിയ യുവാക്കള്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്.
ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിന് സമൂഹത്തില്‍ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങള്‍ക്ക് പരിധിയില്ല. എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പട്ടിണിപ്പാവങ്ങളെ കാണുമ്പോള്‍ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട് കണ്ടാല്‍ പ്രതികരിക്കാത്ത, അയല്‍പക്കത്ത് കള്ളന്‍ കയറിയാല്‍ പ്രതികരിക്കാത്ത, റോഡരികില്‍ അപകടം കണ്ടാല്‍ ഇടപെടാത്ത ഒരു പറ്റം യുവാക്കള്‍, സംസ്‌കാരം തകരുന്നുണ്ടോ എന്ന് കണ്ണില്‍ എണ്ണ ഒഴിച്ച് ജാഗരൂകരായി പ്രതികരിക്കാന്‍ തക്കം നോക്കിയിരിക്കുന്നുവെന്ന് കളക്ടര്‍ കുറിച്ചു.