ഒരു ജനപ്രതിനിധിക്കെതിരെ അപവാദ പ്രചാരണം നടത്തി കലക്ടര്‍ പ്രശാന്ത് സ്വയം കഴുതയാകുന്നുവെന്ന് വീക്ഷണം

N.PRASANTH

കോഴിക്കോട്: കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെ പരസ്യമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ഊളന്മാര്‍ക്ക് ഇരിക്കാനുള്ള സ്ഥലമല്ല ജില്ലാ കലക്ടര്‍ പദവിയെന്നും ഒരു ജനപ്രതിനിധിക്കെതിരെ അപവാദ പ്രചാരണം നടത്തി കലക്ടര്‍ പ്രശാന്ത് സ്വയം കഴുതയാകുന്നുവെന്നും വീക്ഷണം പറയുന്നു.

മാധ്യമ പ്രസിദ്ധി നേടാന്‍ കഴുതക്കാല് പിടിക്കാന്‍ മാത്രമല്ല സ്വയം കഴുതയാവാനും അദ്ദേഹത്തിന് യാതൊരു മടിയുമില്ലെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്. ഏത് അപവാദ പ്രചാരണത്തിനും സമൂഹ മാധ്യമങ്ങളെ ഇടഡമാക്കുന്ന സാമൂഹ ദ്രേഹികളുടെ അന്തസ്സില്ലാത്ത വഴിയാണ് ഈ ഐഎസ്സുകാരനും തെരഞ്ഞെടുത്തിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്താനും മൂന്നാം കിട സിനിമ ഡയലോഗുകളുടെ പോസ്റ്റ് ഇടാനും ഏത് അധമനും സാധിക്കും. പക്ഷെ അപവാദത്തിനും ആരോപണത്തിനും ഇരയായ ജനപ്രതിനിധി വിശദീകരണം നല്‍കുമ്പോള്‍ അതിന് മറുപടി പറയാതെ ഭൂപടം വരച്ചും ബുള്‍സൈ ഉണ്ടാക്കിയും കളിയാക്കുന്നത് ആണത്തമല്ല ഊളത്തമാണ്. ഊളന്മാര്‍ക്ക് ഇരിക്കാനുള്ള സ്ഥലമല്ല ജില്ല കളക്ടര്‍ പദവിയെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

നാല് പതിറ്റാണ്ടു കാലത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള എംകെ രാഘവന്റെ വിശുദ്ധ പ്രതിച്ഛായ തകര്‍ക്കാനാണ് ഈ ഐഎസ് മദയാന ശ്രമിക്കുന്നതെന്നും മറ്റ് കളക്ടര്‍മാര്‍ക്കില്ലാത്ത കൊമ്പ് തനിക്കുണ്ടെന്ന് കളക്ടര്‍ കരുതുന്നുണ്ടെങ്കില്‍ ആ കൊമ്പ് മുറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായേ മതിയാവൂ എന്നുമാണ് മുഖപ്രസംഗത്തിലെ ആവശ്യം.

അതേസമയം എല്ലാത്തിനും ഉത്തരവാദി താനാണെന്ന് ഏറ്റുപറഞ്ഞ് കോഴിക്കോട് കളക്ടര്‍ എംപിയോട് നിരുപാധികം മാപ്പപേക്ഷിച്ചു. ഫെയ്സ്ബുക്കിലൂടെ തന്നെയായിരുന്നു കളക്ടറുടെ മാപ്പപേക്ഷ. എംപിയെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. അതിനു താന്‍ ആളുമല്ല. അറിഞ്ഞോ അറിയാതെയോ ആരെയും വേദനിപ്പിക്കരുത് എന്നാണ് തന്റെ നിലപാട്. ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്നും കളക്ടര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് എംകെ രാഘവന്‍ എംപി കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു. തന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കളക്ടര്‍ തടസം നില്‍ക്കുന്നുവെന്ന് എംകെ എംപി ആരോപിച്ചിരുന്നു. സോഷ്യല്‍മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിനു മാപ്പ് പറയണമെന്നും എംകെ രാഘവന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ എംപിയുടെ ആവശ്യത്തെ പരിഹസിച്ച് കുന്നംകുളത്തിന്റെ മാപ്പും തുടര്‍ന്ന് ബുള്‍സ് ഐയുടെ ചിത്രവും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കളക്ടര്‍ എന്‍ പ്രശാന്തിന്റെ നടപടി ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പൊതുജനം ഭൂമിശാസ്ത്രമറിയാന്‍ വേണ്ടിയാണ് കുന്നംകുളത്തിന്റെ മാപ്പ് ഫെയ്സ്ബുക്കിലിട്ടതെന്നും ഇതിനെയെല്ലാം പക്വതയോടെ കാണണമെന്നായിരുന്നു എന്‍ പ്രശാന്തിന്റെ മറുപടി. തുടര്‍ന്ന് കളക്ടര്‍ക്കതിരെ എം കെ രാഘവന്‍ മുഖ്യമന്ത്രിക്കും ചീഫ് സക്രട്ടറിക്കും പരാതി നല്‍കുകയായിരുന്നു. ജനപ്രതിനിധിയെ അവഗണിച്ച കളക്ടര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടായിരുന്നു എംപിയുടെ പരാതി.

Top