മാവേലിക്കര: അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കരസേന ലാന്‍സ് നായിക് സാം ഏബ്രഹാമിന്റെ (35) സംസ്‌കാരം ഉച്ചകഴിഞ്ഞു രണ്ടിനു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. ജമ്മുവിലെ അഖ്നൂര്‍ സുന്ദര്‍ബനിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40ന് ആണു സാം വെടിയേറ്റു മരിച്ചത്. മാവേലിക്കര പുന്നമൂട് പോനകം തോപ്പില്‍ ഏബ്രഹാം ജോണിന്റെയും സാറാമ്മയുടെയും മകനാണ്.
മൃതദേഹം ഇന്നു രാവിലെ ഡല്‍ഹി വിമാനത്താവളത്തിലും രാത്രി എട്ടു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലും എത്തിക്കും. മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം നാളെ പ്രത്യേക ആംബുലന്‍സില്‍ രാവിലെ ഒന്‍പതു മണിയോടെ ജന്മനാട്ടിലും എത്തിക്കും. തുടര്‍ന്ന് മാതൃവിദ്യാലയമായ മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസില്‍ എത്തിച്ചു പൊതുദര്‍ശനത്തിനു വയ്ക്കും. അതിന് ശേഷം വിലാപയാത്രയായി വീട്ടിലെത്തിക്കും.
കൊടിക്കുന്നില്‍ സുരേഷ് എംപി, ആര്‍.രാജേഷ് എംഎല്‍എ, ജില്ലാ കലക്ടര്‍ ടി.വി.അനുപമ തുടങ്ങിയവര്‍ സാമിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. കളക്ടറുടെ വരവ് കുടുംബത്തിന് ആശ്വാസമായി. അമ്മയുടെ ദുഃഖം ഏറ്റുവാങ്ങിയ കളക്ടര്‍ സാന്ത്വനപ്പിക്കാന്‍ ഒപ്പമിരുന്നു. സാം ഏബ്രഹാമിന്റെ അമ്മ സാറാമ്മയുടെ കണ്ണുകളില്‍ നോക്കി അവരുടെ വാക്കുകള്‍ കേട്ടിരുന്ന കലക്ടര്‍, അമ്മക്കൊപ്പം വിങ്ങിപ്പൊട്ടി. ഒരു നിമിഷം കൊണ്ടു മനസ്സാന്നിധ്യം വീണ്ടെടുത്ത കലക്ടര്‍ കണ്ണീര്‍ തുടച്ചശേഷം ആ അമ്മയുടെ കൈകളില്‍ ഒന്നമര്‍ത്തിപ്പറഞ്ഞു, ‘അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം…’
ഇന്നലെ ഉച്ചകഴിഞ്ഞാണു കലക്ടര്‍ ടി.വി.അനുപമ സാം ഏബ്രഹാമിന്റെ വീട്ടിലെത്തിയത്. മുറ്റത്തു നിന്ന അച്ഛന്‍ ഏബ്രഹാമിനെ ആശ്വസിപ്പിച്ച ശേഷമാണ് അമ്മയുടെ അടുത്തേക്കു നീങ്ങിയത്. മൃതദേഹം കാലതാമസം കൂടാതെ നാട്ടിലെത്തിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു ഹെലികോപ്ടറില്‍ എന്‍ടിപിസി ഗ്രൗണ്ടില്‍ ഇറക്കാന്‍ സൗകര്യമൊരുക്കണമെന്നു മൂത്ത സഹോദരനും സൈന്യത്തില്‍ ഹവില്‍ദാറുമായ മാത്യു ഏബ്രഹാം (സാബു) കലക്ടറോട് ആവശ്യപ്പെട്ടു. ഇക്കാര്യം കരസേനാ അധികൃതരെ അറിയിക്കാമെന്ന് ഉറപ്പു നല്‍കിയാണു കലക്ടര്‍ മടങ്ങിയത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും കഴിഞ്ഞ ദിവസം നാലുപേരാണ് കൊല്ലപ്പെട്ടത്. സാം എബ്രഹാമിന് പുറമേ ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ജഗ്പാല്‍ സിങ്ങും വീരമൃത്യു വരിച്ചു. മാവേലിക്കര പുന്നമൂട് സ്വദേശിയാണ് വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാം. രണ്ട് ഗ്രാമീണരും മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രാജ്യാന്തര അതിര്‍ത്തിയിലെ മൂന്ന് ജില്ലകളിലുള്ള സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ജമ്മു, സാംബ, ഖത്തുര ജില്ലകളിലെ പോസ്റ്റുകള്‍ക്കു നേരെയാണ് കനത്ത ഷെല്ലാക്രമണം ഉണ്ടായതെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ പറഞ്ഞു.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള രജൗറി ജില്ലയിലെ പോസ്റ്റുകള്‍ക്ക് നേരെ കനത്ത വെടിവെപ്പുണ്ടായി. വെള്ളിയാഴ്ച പുലര്‍ച്ചെ 6.40 ഓടെയാണ് പാക് സൈനികര്‍ പ്രകോപനംകൂടാതെ വെടിവെപ്പ് തുടങ്ങിയത്. നാല് മണിക്കൂറോളം വെടിവെപ്പ് തുടര്‍ന്നു. രാജ്യാന്തര അതിര്‍ത്തിയിലെ എല്ലാ സ്‌കൂളുകളും അടയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത വെടിവെപ്പും ഷെല്ലാക്രമണവും മണിക്കൂറുകള്‍ നീണ്ടതോടെ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തരായതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.